ക്രൈസ്തവര്‍ സുവിശേഷം പങ്കുവെയ്ക്കാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജേക്കബ് അങ്ങാടിയത്ത്

ഷിക്കാഗോ: ക്രിസ്തുവിന്റെ സുവിശേഷം തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെച്ച്, വിശുദ്ധരെ അനുകരിച്ച് സുവിശേഷം പ്രായോഗികതയില്‍ എത്തിക്കാന്‍ ക്രൈസ്തവര്‍ക്ക് കടമയുണ്ടെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. മാര്‍ച്ച് 24-നു ശനിയാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

രൂപതയുടേയും ഇടവകയുടേയും ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ചുമതലയുണ്ടെന്നു സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തന്റെ സ്വാഗത പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

ഡോ. ജെയ്‌സി ജോസഫ് ക്ലാസ് നയിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് വികാരി ജനറാള്‍ റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നേതൃത്വം നല്‍കി. റവ.സി. നിര്‍മ്മല ഡി.എസ്.ടി ആമുഖ പ്രാര്‍ത്ഥന നയിച്ചു.

രൂപതാ യൂത്ത് അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നാഷണല്‍ ടീം അംഗങ്ങളും, എസ്.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മേഴ്‌സി കുര്യാക്കോസും വിശദീകരിച്ചു.

രൂപതയുടെ വരവു ചെലവു കണക്കുകള്‍ രൂപതാ പ്രൊക്യുറേറ്റര്‍ യോഗത്തെ അറിയിച്ചു. ഫാമിലി അപ്പസ്‌തൊലേറ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഫാ. പോള്‍ ചാലിശേരിയും തോമസ് പുളിക്കലും സംസാരിച്ചു.

സമാപന സമ്മേളനത്തിനു മുമ്പായി ഡോ. പോള്‍ ചെറിയാന്‍, വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ ജേക്കബ് അങ്ങാടിയത്തിന്റേയും, മാര്‍ ജോയി ആലപ്പാട്ടിന്റേയും ആശീര്‍വാദ പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബിന്‍ കുര്യാക്കോസ്, രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Share This Post