ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് ഈവര്‍ഷം വമ്പിച്ച പ്രവര്‍ത്തനങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: കേരളത്തില്‍ നിന്നുള്ള എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസിന്റെ കൂട്ടായ്മയായ “എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ’ യോഗം ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കൂടി. പ്രസ്ഥാനത്തിന്റെ പേട്രനും മുന്‍ പ്രസിഡന്റുമായ മാര്‍ ജോയി ആലപ്പാട്ട് നിലവിളക്ക് തെളിയിച്ച് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വളരെയേറെ സേവനങ്ങള്‍ നാട്ടിലും ഇവിടെയും നടത്തുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ നിസ്വാര്‍ത്ഥരായ ഒരുപറ്റം ചെറുപ്പക്കാരുടെ കഠിനാധ്വാനവും, അതിനു പിന്നില്‍ ബലമായി നില്‍ക്കുന്ന ഇടവക വികാരിമാരുടേയും ജനങ്ങളുടേയും പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇന്ത്യയിലും ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അവരുടെ ആവശ്യങ്ങളില്‍ നാം മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കണമെന്നു പ്രസിഡന്റ് റവ. ജോണ്‍ മത്തായി ഉത്‌ബോധിപ്പിച്ചു.

കുടുംബസംഗമം, യുവജനങ്ങള്‍ക്കായി ബാസ്കറ്റ് ബോള്‍, വോളിബോള്‍, ലോക പ്രാര്‍ത്ഥനാദിനം, സുവിശേഷ യോഗം, ധ്യാനം, ക്രിസ്മസ് ആഘോഷങ്ങള്‍, ഭവനനിര്‍മ്മാണം എന്നിവ ഈവര്‍ഷത്തെ പ്രധാന പരിപാടികളാണ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കായും വിവിധ കമ്മിറ്റികള്‍ക്ക് ചുമതലകള്‍ നല്‍കി.

വൈദീക രജതജൂബിലി ആഘോഷിക്കുന്ന ഫാ. ഹാം ജോസഫിനു എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഫലകം നല്‍കി ആദരിക്കുകയുണ്ടായി. ഫാ. റെജിമോന്‍ ജേക്കബ്, ഫാ. മാത്യൂസ് ജോര്‍ജ്, ജോര്‍ജ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും സഹകരണം നല്‍കണമെന്നു സെക്രട്ടറി ടീന തോമസ് അഭ്യര്‍ത്ഥിച്ചു. 2018-ലെ പ്രവര്‍ത്തന ബജറ്റ് ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ അവതരിപ്പിച്ചു.

കുടുംബ സംഗമം ചെയര്‍മാനായി ഫാ. മാത്യൂസ് ജോര്‍ജ്, കണ്‍വീനറായി ബെഞ്ചമിന്‍ തോമസ് എന്നിവരെ തെരഞ്ഞെടുത്തു. വോളിബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാനായി ഫാ. ഹാം ജോസഫിനേയും, കണ്‍വീനേഴ്‌സായി പ്രവീണ്‍ വര്‍ഗീസ്, പ്രിന്‍സ് വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി. ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു നന്ദി പ്രകാശിപ്പിച്ചു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

Share This Post