ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹോശാന ഞായറാഴ്ച ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാര്‍ച്ച് 25-നു ഞായറാഴ്ച ഹോശാന ആചരിച്ചു. കഴുതപ്പുറത്തുകയറി ജെറുസലേമിലേക്കു പ്രവേശിച്ച ദൈവപുത്രനെ മരച്ചില്ലകള്‍കൊണ്ടും വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും, ഗാനങ്ങള്‍ പാടിയും കുട്ടികളുടെ സംഘം ദേവാലയത്തില്‍ എതിരേറ്റു. കുരുത്തോലകള്‍ പിടിച്ചുകൊണ്ട് വിശ്വാസികള്‍ പ്രദക്ഷിണം നടത്തി.

“ഞങ്ങളെ രക്ഷിക്കേണമേ..’ എന്നര്‍ത്ഥമുള്ള ദാവീദ് പുത്രന് ഹോശാന എന്നു പാടി ഫാ. ദാനിയേല്‍ ജോര്‍ജ് നല്‍കിയ സന്ദേശത്തില്‍ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളേയും ദൈവം പരിപാലിക്കുന്നു എന്നും, സ്രാഷ്ടാവിനെ വാഴ്ത്തി പുകഴ്ത്തുന്നതിനു ജീവജാലങ്ങളേയും, പ്രപഞ്ചം മുഴുവനും ഒന്നുചേരുന്നുവെന്നും ഹോശാന പെരുന്നാളിന്റെ ആരാധന വ്യക്തമാക്കുന്നുവെന്നും അച്ചന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ കാവല്‍ഭടനാകണം മനുഷ്യന്‍ എന്നാണ് ഹോശാന പെരുന്നാളിന്റെ സന്ദേശം.

പരിശുദ്ധ പരുമല തിരുമേനിയുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ഈ ദേവാലയത്തില്‍ നടന്ന ആരാധനയില്‍ നടന്ന ആരാധനയില്‍ ഷിക്കാഗോയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി വിശ്വാസികളുടെ ഒരു വലിയ കൂട്ടം സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. ഫാ. ഡാനിയേല്‍ ജോര്‍ജ് മുഖ്യ കാര്‍മികത്വം വഹിച്ചു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Share This Post