അരിസോണ തിരുകുടുംബ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 23,24,25 തീയതികളില്‍


ജോയിച്ചന്‍ പുതുക്കുളം

അരിസോണ: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണ, വാര്‍ഷിക നവീകരണ ധ്യാനം മാര്‍ച്ച് 23 മുതല്‍ 25 വരെ (വെള്ളി, ശനി, ഞായര്‍) നടത്തുവാന്‍ തീരുമാനിച്ചു. പാരീഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാലു ഗ്രൂപ്പുകളിലായാണ് ഇടവക ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്കുള്ള വചനഘോഷണത്തിനു എത്തുന്നത് തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി വേദശാസ്ത്ര പണ്ഡിതന്‍ റവ.ഡോ. ഫ്രീജോ പോള്‍ ആണ്. കൊച്ചുകുട്ടികള്‍ക്ക് ഇടവകാംഗംകൂടിയായ ആനി ടോമും, ടീനേജേഴ്‌സിന്റേയും യുവജനങ്ങളുടേയും ഗ്രൂപ്പിനു സെഹിയോന്‍ മിനിസ്ട്രി യു.എസ്.എ അംഗങ്ങളായ മേരി ചാഴികാട്ടും, അയിനീഷ് ഫിലിപ്പും നേതൃത്വം നല്‍കുന്നു. യുവജനങ്ങള്‍ക്ക് വചനപ്രഘോഷണത്തിനായി എത്തുന്നത് ഫീനിക്‌സ് റോമന്‍ കാത്തലിക് ആക്‌സിലറി ബിഷപ്പ് മാര്‍ എഡ്വേര്‍ഡ് നവാരസ് പിതാവാണെന്നതും ഏറെ ശ്രദ്ധേയമാണ്.

ഉപവാസത്തിലൂടെയും, പ്രായശ്ചിത്തപ്രവര്‍ത്തികളിലൂടെയും പ്രാര്‍ത്ഥനാനിര്‍ഭരരായി അമ്പത് നോമ്പാചരിക്കുന്ന വിശ്വാസികള്‍, വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്ന ഈ വേളയില്‍, ജീവിത നവീകരണത്തിനും, വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയ്ക്കും ഈ ധ്യാനാവസരം ഏറെ പ്രയോജനപ്പെടട്ടെ എന്ന് ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ആശംസിച്ചു. ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹവും കൃപയും ലഭ്യമാകാന്‍ ഏവരേയും ക്ഷണിക്കുന്നു.

Share This Post