അമേരിക്കന്‍ മലയാളികള്‍ക്കായി കഥ- കവിത മത്സരങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലുള്ള അക്ഷര സ്‌നേഹികളുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദി അമേരിക്കയിലും, കാനഡയിലും സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കുവേണ്ടി മലയാളം ചെറുകഥ, കവിത എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതും, മറ്റു മത്സരങ്ങളില്‍ സമ്മാനം ലഭിക്കാത്തതുമായ സൃഷ്ടികളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്.

മലയാള സാഹിത്യത്തിലെ ആദരീണയരായ സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമായിരിക്കും കഥ, കവിത ഇനങ്ങളില്‍ സമ്മാനാര്‍ഹമായ കൃതികള്‍ തെരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് ബേ ഏരിയയില്‍ വച്ചു സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യോഗത്തില്‍ വച്ചു സമ്മാന തുകയും പ്രശംസാപത്രവും സമ്മാനിക്കും.

ഒരാളില്‍ നിന്നു പരാമവധി ഒരു കഥയും കവിതയും മാത്രമേ മത്സരത്തിലേക്കു സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വിഷയത്തില്‍ പരമാവധി 3000 വാക്കുകള്‍ വരെയുള്ള കഥയോ, കവിതയോ സമര്‍പ്പിക്കാം. മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം സര്‍ഗ്ഗവേദിക്കുണ്ടായിരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വന്തം കൃതികള്‍ sargavediteam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 2018 മെയ് 31-നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിന് അയയ്ക്കുന്ന ഇമെയിലില്‍ “സര്‍ഗ്ഗവേദി 2018 കഥ- കവിത മത്സരത്തിനുള്ള എന്റെ സമര്‍പ്പണം’ എന്നെഴുതുക. അതോടൊപ്പം തന്നെ കഥയുടെ / കവിതയുടെ പേര്, ആകെ വാക്കുകളുടെ എണ്ണം, നിങ്ങളുടെ പേര്, വിലാസം, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, സംക്ഷിപ്ത ജീവചരിത്രമായ പ്രസ്താവന, പ്രസിദ്ധീകരണങ്ങളോ, അവാര്‍ഡുകളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവയും അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ മേല്‍പറഞ്ഞ ഇ-മെയിലില്‍ ബന്ധപ്പെടുക.

Share This Post