ആദ്യമെത്തിയത് പി.പരമേശ്വരന്‍; അവാര്‍ഡ് ആദ്യം വാങ്ങി ഇളയരാജ

ന്യൂദല്‍ഹി: പദ്മ പുരസ്കാരം ഏറ്റുവാങ്ങാന്‍ രാഷ്ട്രപതി ഭവനിലെ സെന്‍റര്‍ ഹാളില്‍ ആദ്യമെത്തിയത് പി.പരമേശ്വരന്‍. സന്തത സഹചാരി സുരേന്ദ്രന്‍റെ കൈപിടിച്ചെത്തിയ പരമേശ്വരന്‍ വേദിയുടെ ഇടത് വശത്തെ മുന്‍നിര കസേരയില്‍ ഒന്നാമനായി ഇരുന്നു. ഡോ.രാമചന്ദ്രന്‍ നാഗസ്വാമിയാണ് പരമേശ്വരന് ശേഷമെത്തിയത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ ജേതാക്കളില്‍ അസവാസം ഹാളിലെത്തിയത് ഇളയരാജ. ക്രിസോസ്റ്റം തിരുമേനി ചക്രക്കസേരയിലാണ് വന്നത്.

മന്ത്രിമാരില്‍ ആദ്യമെത്തിയത് വിജയ് ഗോയല്‍. ജെ..പി. നദ്ദ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, അല്‍ഫോണ്‍സ് കണ്ണന്താനം, അനന്ത കുമാര്‍, വി.കെ. സിംഗ്, ഹര്‍ഷ വര്‍ദ്ധന്‍, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ മന്ത്രിമാര്‍ പിന്നാലെയെത്തി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും എല്‍.കെ. അദ്വാനിയും ഒന്നിച്ചാണെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അവാര്‍ഡ് വിതരണത്തിന് തൊട്ടുമുന്‍പായെത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വന്നയുടന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെയും പി.പരമേശ്വരന്‍റെയും അടുത്തെത്തി അഭിവാദ്യം ചെയ്തു. സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഡപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈ തുടങ്ങിയവരും സംബന്ധിച്ചു.

അക്ഷരമാലാ ക്രമത്തില്‍ അവാര്‍ഡിനായി ക്ഷണിച്ചപ്പോള്‍ ആദ്യത്തെ അവസരം ഇയരാജക്കായിരുന്നു. ഗുലാം മുസ്തഫാ ഖാന് ശേഷം മൂന്നാമതായി പി. പരമേശ്വരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി. തൊട്ടുപിന്നാലെ ക്രിസോസ്റ്റം തിരുമേനി പദ്മഭൂഷണ്‍ സ്വീകരിച്ചു. പദ്മശ്രീ ഏറ്റുവാങ്ങിയവരില്‍ കേരളത്തില്‍നിന്നുള്ള ലക്ഷ്മിക്കുട്ടിയമ്മക്ക് സദസ്സ് നിലക്കാത്ത കയ്യടിയാണ് നല്‍കിയത്. മകന്‍ ലക്ഷ്മണന്‍ കാണിയോടൊപ്പമാണ് അവരെത്തിയത്. ആദ്യ ഘട്ടത്തില്‍ 43 പേര്‍ക്കാണ് പദ്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. മലയാളിയായ ഡോ. രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്നീട് നല്‍കും.

Share This Post