എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന സ്കാന്‍ഡിനേവിയ & റഷ്യന്‍ ടൂര്‍

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന സ്കാന്‍ഡിനേവിയ & റഷ്യന്‍ ടൂര്‍

ജോയിച്ചന്‍ പുതുക്കുളം

മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ വന്‍കരയിലെ ചരിത്രമുറങ്ങുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെയും, റഷ്യയിലൂടെയും 12 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.

മനുഷ്യചരിത്രത്തിന്റെ നാള്‍വഴികളില്‍ അനേക സംവത്സരങ്ങളുടെ ചരിത്രവും, പടയോട്ട കഥകളുടെ നേര്‍ച്ചകാഴ്ചകളും, സാമ്രാജ്യങ്ങളുടെ ഉയര്‍ത്ത താഴ്ചകളുടെ അവശേഷിപ്പുകളും കാത്തസൂക്ഷിക്കുന്ന റഷ്യയുടേയും, നോര്‍ത്തേണ്‍ യൂറോപ്പിന്റെ ഭാഗമായ ഡന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങി വര്‍ത്തമാനകാലത്തും അസ്തമിക്കാത്ത യൂറോപ്യന്‍ പ്രതാപത്തിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെയുമാണ് ഈ ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ഈ അഞ്ച് രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളേയും, കലകളേയും, ഭാഷകളുടേയും, വസ്തുനിര്‍മ്മാണ വൈദഗ്ധ്യങ്ങളേയും, മതാചാരങ്ങളേയും, വ്യത്യസ്ത രുചികളേയും അനുഭവിച്ചറിയാനും, ആസ്വദിക്കാനും ഇടയാക്കുന്ന ഒരു യാത്രയാണ് എസ്.എം.സി.സി ഈ ടൂറിലൂടെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചിക്കാഗോ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍, കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ വികാരിയും, എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. തോമസ് കടുകപ്പള്ളിയുടെ അനുഗ്രഹാശീര്‍വാദത്തോടുകൂടി ഇന്ത്യയിലും കേരളത്തിലും, അമേരിക്കയിലുമായി അനവധി ജീവകാരുണ്യ, സാമൂഹ്യ, ആത്മീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഷംതോറും നടത്തിവരുന്നുണ്ടെന്ന് എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു പൂവന്‍ അറിയിച്ചു.

എസ്.എം.സി.സി സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് വര്‍ഷംതോറും ജാതിമത-ഭാഷാ ഭേദമെന്യേ അമേരിക്കയില്‍ നിന്നു വിശുദ്ധ നാട്ടിലേക്കുള്ള എക്യൂമെനിക്കല്‍ തീര്‍ത്ഥാടനവും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലൂടെയുള്ള ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നത്. 2015 മുതല്‍ വര്‍ഷംതോറും നടത്തിവരുന്ന ഈ താര്‍ത്ഥാടനവും, ഉല്ലാസയാത്രകളും വഴി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയ ആളുകളും, അമേരിക്കന്‍സും ഉള്‍പ്പടെ നൂറുകണക്കിന് സഞ്ചാരികള്‍ക്ക് ഇതിനകം അനേകം ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായെന്ന് ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.

2018 ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 20 വരേയുള്ള 12 ദിവസം ഈ അഞ്ച് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളും, ചരിത്രസാക്ഷ്യങ്ങളും, സുഖവാസകേന്ദ്രങ്ങളും കോര്‍ത്തിണക്കിയാണ് ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ ടൂറിന്റെ എല്ലാ യാത്രാ ചെലവുകളും ഭക്ഷണം, താമസം, ക്രൂസ്, ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍ യാത്ര ഉള്‍പ്പടെ ഒരാള്‍ക്ക് 3899 ഡോളറാണ് ചെലവ് വരുന്നത്.യാത്ര ബുക്ക് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ 500 ഡോളര്‍ അഡ്വാന്‍സ് തുക നല്‍കി മാര്‍ച്ച് 25 നു മുമ്പ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് മാത്യു പൂവനും, സെക്രട്ടറി ജിമ്മി ജോസും അറിയിച്ചു.

അമേരിക്കയില്‍ എവിടെനിന്നും ഈ ടൂറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിംഗിനും, യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജേക്കബ് തോമസ് (ഷാജി) 954 336 7731 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Share This Post