ആതുരസേവനത്തിന്റെ ആഹ്വനാവുമായി ഡി എം എ വനിതാവേദി

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: വേദനിക്കുന്നവര്‍ക്കും രോഗികള്‍ക്കും ആശ്വാസം പകരുന്നതില്‍ എല്ലാകാലത്തും മാത്രകയായി നിന്നിട്ടുള്ള വനിതാ പ്രവര്‍ത്തകര്‍ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ നേത്രത്വം നല്‍കുന്ന വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പങ്കുചേരുന്നു.

മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ബോധവത്കരണ സെമിനാറുകള്‍, നിര്‍ദ്ധനര്‍ക്കായി ഭക്ഷ്യവസ്തു ശേഖരണം തുടങ്ങിയ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഡി എം എ പ്രസിഡന്റ് മോഹന്‍ പനങ്കാവിലിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി സ്മിതാ അഭിലാഷ് ചെയര്‍പേഴ്‌സണായും ജൂലി മാത്യു സെക്രട്ടറിയായും 21 അംഗ വനിതവേദിയെ തെരഞ്ഞെടുത്തു.

കൊച്ചി സ്വദേശിയായ സ്മിത ഫോര്‍ഡ് മോട്ടോര്‍ കമ്പനിയിയിലെ ഉദ്യോഗസ്ഥയും അഭിലാഷ് പോളിന്റെ സഹധര്മിണിയുമാണ്.

ഒരു മികച്ച കലാകാരിയും ഫര്‍മസിസ്റ്റുമായ ജൂലി,ഷിബു മാത്യുവിന്റെ ഭാര്യയും തിരുവല്ല സ്വദേശിയുമാണ്.

സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

ഉറങ്ങിയെണ്ണീറ്റപ്പോള്‍ ഉച്ചാരണവും ശബ്ദവും മാറി!

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഉറങ്ങിയെണ്ണീറ്റപ്പോള്‍ വേറൊരു ശബ്ദം. അങ്ങനെ സംഭവിക്കുമോ എന്നു ചോദിച്ചാല്‍, സംഭവിച്ചിരിക്കുന്നു. അരിസോണയിലാണ് സംഭവം. നല്ല തലവേദനയെത്തുടര്‍ന്ന് ഒരു ദിവസം അല്‍പ്പം നേരത്തെ ഉറങ്ങാന്‍ കിടന്നതാണ് മിഷേല്‍ എന്ന മുന്‍ ‘ബ്യൂട്ടി ക്വീന്‍’. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ സംസാരരീതി വല്ലാതെ മാറിയിരിക്കുന്നു. ഉച്ചാരണവും വ്യത്യസ്തം. അമേരിക്കന്‍ ഉച്ചാരണത്തിനു പകരം വിദേശ ഉച്ചാരണണം വന്നതോടെ ഭയപ്പെട്ടു പോയി അവര്‍. അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും അരിസോണ സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരി മിഷേല്‍ സന്ദര്‍ശിച്ചിട്ടില്ലെന്നതാണ് രസകരം. രണ്ടാഴ്ചയോളം ഐറിഷ്, ഓസ്ട്രേലിയന്‍ ഉച്ചാരണങ്ങളിലാണ് മിഷേല്‍ സംസാരിച്ചതു. പിന്നെയതു മാറി. രണ്ടുവര്‍ഷത്തോളം പിന്നീട് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. മിഷേലിന്‍റെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടര്‍മാരും സ്ഥിരീകരിച്ചു ഫോറിന്‍ അക്സന്‍റ് സിന്‍ഡ്രോം (എഫ്എഎസ്). സ്ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ചിലര്‍ ഈ രോഗത്തെത്തുടര്‍ന്ന് ചില പ്രത്യേക സ്വരങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതു കൂടുന്നു. ചില സ്വരങ്ങള്‍ വിഴുങ്ങുന്നു. ഉച്ചാരണം പൂര്‍ണമായി മാറിപ്പോകുന്ന അവസ്ഥ. നിരന്തരമായ മൈഗ്രെയിന്‍ കാരണമാകാം മിഷേലിന് രോഗമുണ്ടായതെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ശരീരത്തിലെ തൊലി ഇലാസ്റ്റിക് ആകുന്ന, സന്ധികള്‍ ഇളകിപ്പോകുന്നതു പോലുള്ള രോഗവും മിഷേലിനുണ്ട്. രണ്ടു രോഗാവസ്ഥകളില്‍ നിന്നും മോചിതയാകാനുള്ള പരിശ്രമത്തിലാണ് മിഷേല്‍ ഇപ്പോള്‍.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ചിക്കാഗോയിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചസിന്റെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ യോഗം എല്‍മസ്റ്റിലുള്ള സി.എസ്.ഐ കോണ്‍ഗ്രിഗേഷനില്‍ കൂടി. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുമായിരുന്നു യോഗം ചേര്‍ന്നത്.

റവ. ലോറന്‍സ് ജോണ്‍സണ്‍ കൗണ്‍സില്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും, വിജയിപ്പിക്കുകയും ചെയ്ത കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 2017-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അവതരിപ്പിച്ച കണക്കും പാസാക്കി.

തുടര്‍ന്നു 2018-ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി റവ. ജോണ്‍ മത്തായി, വൈസ് പ്രസിഡന്റ് റവ.ഫാ. ബിജുമോന്‍ ജേക്കബ്, സെക്രട്ടറി ടീന തോമസ്, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഫോറം ചെയര്‍മാന്‍ ആയി റവ.ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍, ഹെല്‍ജോ വര്‍ഗീസ്, ജസീക്ക വിശാല്‍, സജി കുര്യന്‍, ജിബിന്‍ മേലേത്ത്, സിനില്‍ ഫിലിപ്പ്.

വിമന്‍സ് ഫോറം- മേഴ്‌സി മാത്യു, ഏലിയാമ്മ പുന്നൂസ്, സിബിള്‍ ഫിലിപ്പ്, സാറാ തെക്കനാല്‍.

പബ്ലിസിറ്റി & മീഡിയ – ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ് പണിക്കര്‍.

വെബ്‌സൈറ്റ്- ഗ്ലാഡ്‌സണ്‍ വര്‍ഗീസ്.

ഓഡിറ്റര്‍- ജേക്കബ് ജോര്‍ജ് എന്നിവരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

2018-ലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൗണ്‍സില്‍ അംഗങ്ങളുടേയും, ചിക്കാഗോയിലെ 15 ദേവാലയങ്ങളുടേയും സഹകരണവും പിന്തുണയുമുണ്ടാകണമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റവ. ജോണ്‍ മത്തായി അച്ചന്‍ ആവശ്യപ്പെടുകയുണ്ടായി. റവ.ഫാ. മാത്യൂസ് ജോര്‍ജ് പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. റവ. മാത്യു ഇടിക്കുള, റവ.ഫാ. സ്കറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സമാപന പ്രാര്‍ത്ഥന നടത്തി.

ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം; സമ്മാനങ്ങളുടെ പെരുമഴ

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: സോഷ്യല്‍ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം 2018 മാര്‍ച്ച് 17-ാം തീയതി രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതാണ്. ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 Oakton Street, Desplaines IL 60018) വച്ച് നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാഷണല്‍ ചീട്ടുകളി മത്സരത്തിന് ഇക്കുറി 28 (ലേലം)ന് നാലാം സ്ഥാനം വരെയും റമ്മിക്ക് അഞ്ചാം സ്ഥാനം വരെയും സമ്മാനങ്ങള്‍ കൊടുക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.

28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ട ാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ. സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ. പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ. ബെന്നി കളപ്പുരയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 151 ഡോളറും ട്രോഫിയും യഥാക്രമം ലഭിക്കും.

റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ശ്രീ. ടിറ്റോ കണ്ട ാരപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ട ാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ശ്രീ. ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ശ്രീ. സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും, നാലാം സ്ഥാനത്തിന് ശ്രീ. സൈമണ്‍ ചക്കാലപ്പടവന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ട്രോഫിയും, അഞ്ചാം സ്ഥാനത്തിന് ശ്രീ. സാജു കണ്ണമ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 101 ഡോളറും ട്രോഫിയും യഥാക്രമം നല്‍കുന്നതാണ്.

ഈ മത്സരത്തില്‍ സീനിയര്‍ സിറ്റിസണും (65 വയസ്സിന് മുകളില്‍) അതുപോലെ 18 വയസ്സ് മുതല്‍ 25 വയസ്സു വരെയുള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് ഉണ്ട ായിരിക്കുന്നതാണ്. അന്നേദിവസം സ്വാദിഷ്ടമായ ഭക്ഷണം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് പടിഞ്ഞാറേല്‍ – 18479625880, സജി മുല്ലപ്പള്ളി – 18479128172, അഭിലാഷ് നെല്ലാമറ്റം – 12243884530, ജില്‍സ് മാത്യു – 12244109745. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ മാര്‍ച്ച് 3 ന്

ജോയിച്ചന്‍ പുതുക്കുളം

മയാമി : കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്തഞ്ചാമത് വാര്ഷികാഘോഷനിറവില്‍ . മാര്‍ച്ച് 3 ന് വൈകിട്ട് 6 മണിക്ക് കലയുടെ നൂപുര സന്ധ്യക്ക് തിരിതെളിയുന്നു .ഇനി മയാമി മലയാളികളുടെ ഉത്സവകാലം .എന്നും പുതുമയുടെ വസന്തം നിങ്ങള്‍ക്കായി ഒരുക്കുന്ന കേരളാ സമാജം ഈ വര്‍ഷവും ഒട്ടേറെ മികവാര്‍ന്ന കലാസന്ധ്യകള്‍ നിങ്ങള്‍ക്കായി ഒരുക്കുന്നു.

മാര്‍ച്ച് 3 വൈകിട്ട് 5 .30 നു ജനറല്‍ ബോഡിയോടുകൂടി പരിപാടികള്‍ ആരംഭിക്കും ഉത്ഘാടന പരിപാടികള്‍ 7 മണിക്കു നടക്കും. ചടങ്ങില്‍ കേരളസമാജം പോഷക സംഘടനകളായ വിമെന്‍സ് ഫോറം , കിഡ്‌സ് ക്ലബ് , യൂത്ത് ക്ലബ് എന്നിവയുടെ പ്രതിനിധികളെ സദസ്സിനു പരിചയപ്പെടുത്തും .

കേരളസമാജത്തിന്റെ 2018 ലെ പ്രധാന പരിപാടികളിലൊന്നായ “ചിത്രശലഭങ്ങള്‍” എന്ന സ്‌റ്റേജ്‌ഷോയുടെ കിക്കോഫും ചടങ്ങില്‍ നടക്കും .

തുടര്‍ന്ന് സൗത്ത് ഫ്‌ളോറിഡയുടെ സ്വന്തം കലാകാരന്മാര്‍ അണിനിരക്കുന്ന “ശ്രുതിലയ “യുടെ ഗാനസന്ധ്യ അരങ്ങേറും .ഇക്കുറി Tamarac Communtiy Center ല്‍ ആണ് പരിപാടികള്‍ നടക്കുക . വിലാസം : 8601 W Commercial Blvd Tamarac – 33351 . പരിപാടികളിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് സാം പറത്തുണ്ടില്‍ സെക്രട്ടറി പത്മകുമാര്‍ എന്നിവര്‍ അറിയിച്ചു .

കൂടാതെ കേരളസമാജം മതേര്‍സ് ഡേ ആഘോഷങ്ങള്‍ മെയ് 12 നും , തെന്നിന്ത്യന്‍ വാനമ്പാടി ശ്രീമതി കെ. എസ്. ചിത്രയുടെ സംഗീത പരിപാടി ” ചിത്രശലഭങ്ങള്‍ ” മെയ് 25 നും , പതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളംകളി മെയ് 26 നും നടക്കും .

പത്മകുമാര്‍. കെ.ജി അറിയിച്ചതാണിത്.

അറ്റ്‌ലാന്റ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ: ജൂലൈ 19 മുതല്‍ 22 വരെ അറ്റ്‌ലാന്റയില്‍ വച്ചു നടത്തപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഒമ്‌നി ഹോട്ടല്‍സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു ഈ കണ്‍വന്‍ഷന്‍ നടത്താന്‍ സാധിക്കുന്നു എന്നത് ക്‌നാനായ സമുദായത്തിന് അഭിമാനിക്കാവുന്ന കാര്യംതന്നെയാണ്. ചുരുങ്ങിയ കാലംകൊണ്ട് അഞ്ഞൂറില്‍പ്പരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഈ കണ്‍വന്‍ഷന്‍ ചരിത്രം മാറ്റിയെഴുതും എന്നു നമുക്കുറപ്പിക്കാം.

ഏതാണ്ട് അമ്പതോളം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വളരെ സൂക്ഷ്മതയോടെ നടത്തുന്ന ഈ കണ്‍വന്‍ഷന്‍ ഏവര്‍ക്കും പുതിയ അനുഭവമായിരിക്കുമെന്നു കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. കുട്ടികള്‍ക്കുവേണ്ടി പുതുമയാര്‍ന്ന പല പരിപാടികളും ഈ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും.

കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അറ്റ്‌ലാന്റയിലെ ക്‌നാനായ ദേവാലയ വികാരി ഫാ. ജെമി പുതുശേരി, സമുദായ നേതാക്കന്മാരായ റീജണല്‍ വൈസ് പ്രസിഡന്റ് ജോബി വാഴക്കാലായില്‍, പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനം, സെക്രട്ടറി മാത്യു പുല്ലാഴിയില്‍, ജോയിന്റ് സെക്രട്ടറി ജെസി ബെന്നി പുതിയകുന്നേല്‍, ട്രഷറര്‍ സാജു വടക്കുന്നത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ഷാജുമോന്‍ തെക്കേല്‍, കമ്മിറ്റി മെമ്പര്‍മാരായ ലൂക്ക് ചക്കാലപടവില്‍, ഡെന്നി എരണിക്കല്‍, എക്‌സ് ഒഫീഷ്യോ അലക്‌സ് അത്തിമറ്റത്തില്‍, ഓഡിറ്റര്‍ ഷാജന്‍ പൂവത്തുംമൂട്ടില്‍, കെ.സി.വൈ.എല്‍ ഡയറക്ടര്‍ ജിമ്മി വെള്ളാപ്പള്ളി, വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വാഴക്കാലായില്‍, കെ.സി.ജെ.എല്‍ ഡയറക്ടര്‍ ലീലാമ്മ സാബു മന്നാകുളം, കിഡ്‌സ് ക്ലബ് ഡയറക്ടര്‍ ബിന്ദു ചിറയ്ക്കല്‍ എന്നിവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ക്‌നാനായ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ശക്തമായി നേരിടാന്‍ നമുക്ക് ഒന്നിക്കാം. നമ്മുടെ ശക്തി തെളിയിക്കാം ഈ കണ്‍വന്‍ഷനിലൂടെ. അറ്റ്‌ലാന്റയിലേക്ക് ഏവര്‍ക്കും സ്വാഗതം. പി.ആര്‍.ഒ: ജോസ് തൂമ്പനാല്‍ & ജോസ് കരപറമ്പില്‍.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൺ ഹെവി നിർമിച്ച സംഘത്തിൽ ഹൂസ്റ്റൺ മലയാളിയും

ജീമോൻ റാന്നി

ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്പേസ് എക്സ് (സ്പേസ് X ) എന്ന സ്വകാര്യ കമ്പനി വിജയകരമായി വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് “ഫാൽക്കൺ ഹെവി” യുടെ നിർമാണത്തിൽ ഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം.

അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ എബ്രഹാം പുഞ്ചത്തലക്കലിന്റെയും കുട്ടിയമ്മയുടെയും മകൻ റ്റിജു എബ്രഹാം (30 )ആണ് അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.

ഏവിയേഷൻ ടെക്നോളജി യിൽ ഡിപ്ലോമയും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻ എയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മുൻപരിചയം സ്പേസ് X ലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽ കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്നവും ആണ് റ്റിജുവിനു സ്പേസ് X ൽ എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാം പുഞ്ചത്തലക്കൽ പറഞ്ഞു .

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യന്റെ കുതിപ്പിന് വളരെ നിര്ണായകമാകുന്ന ഒരു കാൽവെയ്പ്പാണ് ഫാൽക്കൺ ഹെവി പരീക്ഷണത്തോടെ സ്പേസ് X പൂർത്തിയാക്കിയത് . ഫെബ്രുവരി 6 നു ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച രണ്ടു സൈഡ് ബൂസ്റ്റെർസ് തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്പേസ് X . ഇനി രണ്ടു പരീക്ഷണങ്ങൾക്കു കൂടി അവ ഉപയോഗിക്കാം. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ചു പരീക്ഷിക്കുന്നത്.

ഫാൽക്കൺ ഹെവി റോക്കറ്റ് നിർമാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരു ഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത് ആയതിൽ നമുക്ക് അഭിമാനിക്കാം. അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു അതിർ വരമ്പുകളില്ലാതെ സ്വപ്നം കാണാൻ ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.

മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മെയ് 5-ന് ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി എല്ലാവര്‍ഷവും നടത്തിവരുന്ന 56 കാര്‍ഡ് ഗെയിം മെയ് 5-നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 11 വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്ട്രര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152) നടക്കുന്നതാണ്.

ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, ഡെലവേര്‍, വാഷിംഗ്ടണ്‍, വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരം അരങ്ങേറും. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും നല്കുന്നതാണ്. ഈ ഗെയിം വീക്ഷിക്കുന്നതിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

തോമസ് എം. ജോര്‍ജ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സാബു സ്കറിയ, ജോണ്‍സണ്‍ മാത്യു, ഫിലിപ്പ് കുന്നേല്‍, ബാബു കെ. തോമസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി) 201 446 5026, സാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, തോമസ് എം. ജോര്‍ജ് (ചെയര്‍മാന്‍) 215 620 0323, സാബു സ്കറിയ (267 980 7923).

ജയിംസ് പുളിക്കല്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: ഫോമാ 2018 -2020 കാലയളവിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫ്‌ലോറിഡയില്‍ നിന്നും ജയിംസ് പുളിക്കല്‍ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തേക്ക് . നവകേരള മലയാളി അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റാണ് ജയിംസ് പുളിക്കല്‍. 2014- 2015 കാലയളവില്‍ ഇന്ത്യന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായിരുന്നു . സൗത്ത് ഫ്‌ളോറിഡയില്‍ സാമൂഹികസാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് .

അമേരിക്കയിലുടനീളം വലിയൊരു സുഹൃദ് വലയമുള്ള ജയിംസ് ഫോമയിലെ തന്റെ സുഹൃത്തുക്കളുടെ ശക്തമായ പിന്തുണയാണ് മത്സരംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ച ഘടകമെന്ന് പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി നവകേരള മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തനങ്ങള്‍ ഫോമയിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്.

നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഒർലാണ്ടോയിൽ

അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിൻറെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 , 27 തീയതികളിൽ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം വിശ്വാസ സമൂഹത്തിനായി ഒരുക്കിയിരിക്കുന്നു.

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബഭദ്രതയ്ക്ക് അടിസ്ഥാനം. വിശ്വാസം എന്നത് ദൈവത്തോടുള്ള ആശ്രയം വയ്ക്കലും, പറ്റിച്ചേരലും ഒപ്പം ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു ഒരു യാത്രയും കൂടിയാണ്. കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ കുടുംബ നവീകരണ ധ്യാത്തിന് നേതൃത്വം നൽകും. വ്യക്തിത്വവികാസം, വ്യക്തിയും സമൂഹവും, കുടുംബബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫാദര്‍ ജോസെഫിന്റെ പ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് അപാരമാണ്. ക​​പ്പൂ​​ച്ചി​​ൻ ​​സ​​ഭ​​യു​​ടെ കോ​​ട്ട​​യം പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​ൽ കൂടിയാണ് ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ.

വലിയ നോമ്പ് കാല കുടുംബ നവീകരണ ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാന്‍ ലഭിക്കുന്ന വലിയ അവസരമാണ്.
2018 മാര്‍ച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. ധ്യാനശുശ്രൂഷയിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു മുന്പുകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.

Theme: “The Family in a Changing World: Survival Strategies that Work”
“അതിവേഗം മാറുന്ന ലോകത്തിൽ ക്രിസ്തീയ കുടുംബം നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിന്റെ കാണാപ്പുറങ്ങളും”
Ephesians 4:2-3 “With all lowliness and meekness, with longsuffering, forbearing one another
in love; Endeavoring to keep the unity of the Spirit in the bond of peace.”

“പൂർണ്ണവിനയത്തോടും സൗമ്യതത്യോടും ദീർഘക്ഷമയോടും കൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം പൊറുക്കുകയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ .”

Keynote Speaker: Fr. Joseph Puthenpurackal OFM.
Cost: $50 /person
Where to Find Us: To register: Email me revfrj@gmail.com or call 770-310-9050
St.Marys Orthodox Church, 808, 4th Street, Orlando, FL 32824, 407-574-2550

https://www.stmarysorlando.com/

President: Fr.Johnson Punchakonam (Vicar) 770-310-9050
Vice-President: Dr. Alexander.V Alex 407-299-8136
Secretary: Mrs.Vincy Varghese: 407-580-4616
Treasurer: Mr.Kurian Zachariah: 407-758-3647