മാറ്റങ്ങൾ നമ്മളിൽ നിന്നും തന്നെ ആവട്ടെ – Rekha Nair

മാറ്റങ്ങൾ നമ്മളിൽ നിന്നും തന്നെ ആവട്ടെ – Rekha Nair

നമസ്കാരം! എൻറെ പേര് രേഖ നായർ. ഫോമാ വനിത പ്രതിനിധി ആയും വിമൻസ് ഫോറം സെക്രട്ടറിയായും കഴിഞ്ഞ 2 വർഷം ആയി പ്രവർത്തിച്ചു വരുന്നു. ഈ കഴിഞ്ഞ രണ്ട് വർഷക്കാലം നിങ്ങൾ എനിക്ക് തന്ന നിസീമമായ സഹായ സഹകരണത്തിനും പിന്തുണയ്ക്കും ഞാൻ ആദ്യമായി നന്ദി പറയട്ടെ. നിങ്ങൾ എനിക്ക് തന്ന സ്നേഹം ഒന്ന് കൊണ്ട് മാത്രം ആണ് വീണ്ടും ഈ സംഘടനയിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാറാവുന്നത്.

കഴിഞ്ഞ രണ്ട് വർഷം ഫോമാ വിമൻസ് ഫോറം സെക്രട്ടറി എന്ന നിലയിൽ ചെയർപേഴ്സൺ Dr .സാറാ ഈശോയുമായി ചേർന്ന് 22 നിർദ്ധന പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് കൊടുക്കുവാൻ സാധിച്ചു. അവശത അനുഭവിക്കുന്ന അനവധി കുടുംബങ്ങളെ ആണ് ഞങ്ങൾക്ക് ഇത് വഴി സഹായിക്കാൻ സാധിച്ചത്. കൊച്ചിയിൽ വെച്ച് നടത്തിയ ചടങ്ങിൽ കണ്ണുകളിൽ ഈറൻ അണിയാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. പ്രായാധിക്ക്യം മൂലം കഷ്ടത അനുഭവിക്കുന്ന നിർദ്ധരരെ സഹായിക്കുന്ന പാലിയേറ്റീവ് കെയർ പ്രോഗ്രാമിന്റെ ഉത്‌ഘാടനം മാർച്ച് മാസം 17 ന് ആരംഭിക്കുകയാണ്. ഈ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഞങ്ങൾ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ ഇനിയും മുൻപോട്ട് കൊണ്ട് പോകണം എന്ന അതിയായ ആഗ്രഹവും എന്റെ ഈ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു കാരണമായി.

ഓർമ്മ വെച്ച നാൾ മുതൽ ട്രൈസ്റ്റേറ്റ് പ്രദേശത്ത് മലയാളി സമൂഹത്തിൽ വിവിധ മേഖലകളിൽ ഞാൻ പ്രവർത്തിച്ചു വരുന്നു. ഒന്നാം തലമുറയിലെ ഒട്ടുമിക്ക നേതാക്കന്മാരുടെയും മക്കൾ സാമൂഹിക, സാംസ്‌കാരിക, കലാപരമായ പ്രവർത്തനങ്ങളിൽ എന്റെ ഒപ്പം നിന്ന് പ്രവർത്തിച്ചിട്ടുണ്ട് എന്നത് അഭിമാനത്തോടെ ഞാൻ പറയട്ടെ. രണ്ടാം തലമുറക്കാരുടെ പ്രതിനിധി ആയിട്ടാണ് ഞാൻ നിങ്ങളുടെ മുമ്പിലേക്ക് കടന്ന് വരുന്നത്. അവരെ കൂടുതൽ ഫോമാ പോലെ ഉള്ള മലയാളി സംഘടനകളിലേക്ക് എത്തിക്കുക എന്നത് എന്റെ കർത്തവ്യം ആയി ഞാൻ കാണുന്നു. മറ്റൊന്നാണ് ഫോമയിലെ സ്ത്രീ സാന്നിധ്യം. ഫോമാ പോലെയുള്ള ഒരു ദേശീയ സംഘടനയിൽ സ്ത്രീകൾ വളരെ കുറവാണ് എന്നത് ഒരു നഗ്നസത്യം ആയി തുടരുന്നു. കൂടുതൽ സ്ത്രീകളെയും, അത് വഴി കൂടുതൽ കുടുംബങ്ങളെയും കൺവെൻഷനുകളിൽ എത്തിക്കുക എന്നതും എന്റെ ഒരു സ്വപ്നമാണ്. വാശിയേറിയ ഇലെക്ഷനും തുടർന്ന് രണ്ട് വർഷം കഴിഞ്ഞുള്ള കൺവെൻഷനും മാത്രം ആയി പോവരുത് ഫോമാ. മുതിർന്നവർക്കൊപ്പം പ്രവർത്തിക്കാൻ രണ്ടാം തലമുറയിൽ നിന്നുള്ളവർക്ക് കൂടി അവസരം ഉണ്ടാകണം എന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ജോയിൻറ് സെക്രട്ടറി ആയി ഞാൻ മത്സരിക്കുകയാണ്.

മഹാത്മ ഗാന്ധിജി ഒരിക്കൽ പറഞ്ഞു “എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം” എന്ന്. ആ വാക്കുകൾ ആണ് എന്റെ ജീവിതത്തെ ഇന്നോളം ഏറ്റവും അധികം സ്വാധീനിച്ചത്. അത് ഹൃദയത്തിലേറ്റിയാണ് ഞാൻ ജീവിക്കുന്നതും. എന്റെ പ്രവർത്തനങ്ങളിൽ അങ്ങേയ്ക്ക് വിശ്വാസം ഉണ്ടെങ്കിൽ എന്നെ അടുത്ത ജോയിന്റ് സെക്രട്ടറി ആയി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

ഒരു പാട് സ്നേഹത്തോടെ.. ബഹുമാനത്തോടെ …

രേഖ നായർ

Share This Post