യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19 മുതൽ: ഡോ.ജോർജ്‌ ചെറിയാൻ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളിൽ നടത്തപ്പെ ടുന്നതാണ്.

സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ (10502, Altonbury, Houston, TX, 77036) ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.

അനുഗ്രഹീത സുവിശേഷ പ്രസംഗകനും മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറിയും മിഷൻസ് ഇന്ത്യ ഇന്റർനാഷണൽ പ്രസിഡന്റുമായ ഡോ. ജോർജ് ചെറിയാൻ തിരുവചന ശുശ്രൂഷ നിർവഹിക്കും. ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകികൊണ്ടു മിഷൻസ് ഇന്ത്യയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 600 ൽ പരം സുവിശേഷകരും പ്രവർത്തിക്കുന്നു.

തനിക്കുണ്ടായിരുന്ന ഉന്നതമായ ജോലി ഉപേക്ഷിച്ചു പൂർണ സമയം സുവിശേഷ വേലക്കായി സമർപ്പിച്ചിരിക്കുന്ന, വേദ പണ്ഡിതൻ കൂടിയായ ഡോ.ജോർജ്‌ ചെറിയാന്റെ ആഴമേറിയ തിരുവചന പ്രഭാഷണങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനും പുതുക്കം പ്രാപിക്കുന്നതിനും ജാതി മത ഭേദമെന്യേ ഏവരേയും സുവിശേഷ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

റവ. കെ.ബി. കുരുവിള – 281 636 0327
മത്തായി. കെ. മത്തായി – 281 277 1482
പി.ഐ.വർഗീസ് – 713 436 2880
എ.എം. എബ്രഹാം – 281 208 3473
ജോൺ കുരുവിള – 281 416 1706

ജീമോൻ റാന്നി

ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയും

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പീഡാനുഭവവാരാചരണം 2018 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെ വിവിധ ശുശ്രുഷകളോടെ നടത്തു ന്നു. ഇതിനോടനുബന്ധിച്ചു പ്രത്യേക ശുശ്രുഷകളായ കാല്‍കഴുകല്‍, വാദെ ദല്‍മിനോ എന്നിവ ഉണ്ടായിരിക്കും. ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ബത്തേരി മെത്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത എല്ലാചടങ്ങുകള്‍ക്കും മുഖ്യകാര്‍മികത്വം വഹിക്കും.

ഇടവകധ്യാനം, ഓശാന, വാദെ ദല്‍മിനോ, പെസഹാശുശ്രുഷ, കാല്‍കഴുകല്‍, ദുഃഖവെള്ളി ആചരണം, മരിച്ചവര്‍ക്കുവേണ്ടിയുള്ള ആരാധന (ദുഃഖശനി), പുനരുത്ഥാന പെരുന്നാള്‍ (ഈസ്റ്റര്‍) എന്നിവയാണ് മുഖ്യമായുംനടക്കുന്നത്.

മാര്‍ച്ച് 24 ശനിയാഴ്ച, രാവിലെ 9:30 മുതല്‍ ഇടവകധ്യാനം മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഫാദര്‍ അലക്‌സാണ്ടര്‍ കുര്യന്‍ എന്നിവര്‍ ധ്യാനം നയിക്കും. മാര്‍ച്ച് 25ന് ഓശാന പെരുന്നാള്‍ ഭക്തിപൂര്‍വംകൊണ്ടാടും. ഇതിന്റെ ഭാഗമായി കുരുത്തോലപ്രദക്ഷണം, വാഴ്‌വിന്റെ ശുശ്രുഷ, വിശുദ്ധകുര്‍ബാന എന്നീ ആരാധനകള്‍ നിര്‍വഹിക്കപ്പെടും.

വാദെ ദല്‍മിനോ

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാദെ ദല്‍മിനോ എന്ന പ്രത്യേക ശുശ്രുഷ നടക്കും. വളരെ അപൂര്‍വമായി മാത്രം പള്ളികളില്‍ നടക്കുന്ന ഈശുശ്രുഷ വിശുദ്ധവേദ പുസ്തകത്തിലെ പത്തുകന്യകമാരുടെ ഉപമയെ ആധാരമാക്കി ക്രമീകരിച്ചിരിക്കുന്ന ഭക്തിനിര്‍ഭരമായ ശുശ്രുഷയാണ്. ഫിലാഡല്‍ഫിയയില്‍ ഈശുശ്രുഷ ആദ്യമായാണ് അനുഷ്ഠിക്കുന്നത്.

മാര്‍ച്ച് 26,27 ദിവസങ്ങളില്‍ യാമപ്രാര്‍ത്ഥനകളും, വിശുദ്ധകുമ്പസാരവും ,ധ്യാനയോഗങ്ങളും ഉണ്ടായിരിക്കും. മാര്‍ച്ച് 28 ബുധന്‍ വൈകിട്ട് 6:30 മുതല്‍ പെസഹാശുശ്രുഷയും ആരാധനയും നടക്കും.

കാല്‍കഴുകല്‍ ശുശ്രുഷ

വിനയത്തിന്റേയും,ശുദ്ധികരണത്തിന്റേയും മഹനീയ മാതൃകകാണിക്കുവാന്‍ യേശുശിഷ്യന്മാരുടെ കാല്‍കഴുകിയതിനെ അനുസ്മരിക്കുന്ന ഈശുശ്രുഷക്ക് അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയും, ഫിലാഡെല്‍ഫിയിലെ വന്ദ്യവൈദികരും നേതൃത്വംനല്‍കും. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരുടെ കാല്‍കഴുകുന്ന ഈ ശുശ്രുഷ മാര്‍ച്ച് 29 വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ നടക്കും.

ദുഃഖവെള്ളി ശുശ്രുഷകള്‍ രാവിലെ 8:30ന് ആരംഭിക്കും. യാമപ്രാര്‍ത്ഥനകള്‍, പ്രദക്ഷണം, സ്ലീബാരാധന, കബറടക്കം, നേര്‍ച്ച എന്നിവയോടുകൂടി 3:30ന് സമാപിക്കും. വൈകിട്ട് പ്രത്യേക ജാഗരണ പ്രാര്‍ത്ഥന നടക്കും.

മാര്‍ച്ച് 31ന് എല്ലാ മരിച്ചവര്‍ക്കും വേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണവും, പ്രാര്‍ത്ഥനയും രാവിലെ 10:30ന് ആരംഭിക്കും.ഉച്ചയോടുകൂടി അവസാനിക്കുന്ന ശുശ്രുഷക്ക് ശേഷം ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് സെമിത്തേരിയില്‍ പ്രത്യേക അനുസ്മരണപ്രാര്‍ത്ഥനയു ംനടക്കും.

ഉയര്‍പ്പ് പെരുനാള്‍ ശുശ്രുഷ രാവിലെ 8ന് ആരംഭിക്കും.ഉയിര്‍പ്പിന്റെ പ്രഖ്യാപനം, ആഘോഷമായ പ്രദക്ഷിണം,പുനരുത്ഥാനശുശ്രുഷകള്‍, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.

വിശുദ്ധ വാരാചരണത്തോടനുബന്ധിച്ചു എല്ലാദിവസവും യാമപ്രാര്‍ത്ഥന, ജാഗരണം, വിശുദ്ധകുമ്പസാരം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 2156394132

ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഹാശാ ആഴ്ചയില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഈവര്‍ഷത്തെ ഹാശാ ആഴ്ചയിലെ പ്രധാന കാര്‍മ്മികനായി നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വന്നു ചേരുന്നു.

പെസഹാ ദിവസം വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം കാല്‍കഴുകല്‍ ശുശ്രൂഷ (Feet Washing Ceremony) നടത്തുന്നതാണ്. ഹാശാ ആഴ്ചയിലെ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ താഴെപ്പറയുന്നു.

മാത്യു ജോര്‍ജ് (പള്ളി പി.ആര്‍.ഒ) അറിയിച്ചതാണിത്.

ടൊറന്റോ സെന്റ് തോമസ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ: കാനഡയിലെ ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 24-നു ശനിയാഴ്ച ടൊറന്റോ സെന്റ് മാര്‍ക് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഫാ. മിശേല്‍ അറ്റ്ല്ല നയിക്കുന്ന ധ്യാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ഉച്ചനസ്കാരം, വി. കുമ്പസാരം, വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം എന്നിവ നടക്കും.

മാര്‍ച്ച് 25-ന് ഓശാന ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും, വൈകിട്ട് സന്ധ്യാനമസ്കാരവും.

മാര്‍ച്ച് 26 തിങ്കള്‍, 27 ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം, ധ്യാന പ്രസംഗം.
മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30-നു പെസഹായുടെ പ്രത്യേക കര്‍മ്മങ്ങളും, തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും.
മാര്‍ച്ച് 29 വ്യാഴാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാനമസ്കാരം
മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ദുഖവെള്ളിയാഴ്ചയിലെ പ്രത്യേക യാമ പ്രാര്‍ത്ഥനകള്‍, സ്ലീബാ വന്ദനം, കബറടക്ക ശുശ്രൂഷകള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് സന്ധ്യാനമസ്കാരം, വിജില്‍.
മാര്‍ച്ച് 31-ന് ശനിയാഴ്ച രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാന.
ഏപ്രില്‍ 1-ന് ഞായറാഴ്ച 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷയില്‍ യാമ പ്രാര്‍ത്ഥനകള്‍, ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

ഇടവക വികാരി ഫാ. ഡോ. തോമസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ശുശ്രൂഷകളില്‍ എല്ലാ ഇടവക ജനങ്ങളും, മറ്റു വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ ഭക്തിപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അപേക്ഷിക്കുന്നു. മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് ഏബ്രഹാം (സണ്ണി) അറിയിച്ചതാണിത്.

ജൂലി ജേക്കബ് ഫൊക്കാന അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു

ജൂലി ജേക്കബ് ഫൊക്കാനയുടെ 2018- 20 വര്‍ഷത്തേക്കുള്ള അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു. അമേരിക്കന്‍ മലയാളി സംഘടനകളുടെ മുമ്പന്തിയില്‍ നില്‍ക്കുന്ന പമ്പാ മലയാളി അസോസിയേഷനില്‍ 2001 മുതല്‍ മെമ്പറായും, കഴിഞ്ഞ രണ്ടു വര്‍ഷമായി അസോസിയേഷന്റെ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിക്കുന്ന ജൂലി ഫൊക്കാനയുടെ അഭ്യുദയകാംക്ഷിയും 2004 മുതല്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയുമാണ്.

ലീല മാരേട്ടിന്റേയും ടീമിന്റേയും പ്രവര്‍ത്തനം ഫൊക്കാനയെ പുതിയ ദിശയിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. യുവതീ-യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലീല മാരേട്ടിന്റെ നേതൃത്വം ശ്ശാഘനീയമാണെന്നും ജൂലി പറഞ്ഞു.

ജൂലി ജേക്കബ് രജിസ്‌ട്രേഡ് നഴ്‌സായി ജോലി ചെയ്യുന്നതോടൊപ്പം നഴ്‌സ് പ്രാക്ടീഷണര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. പമ്പ മലയാളി അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ ജൂലിക്ക് സംഘടന വാഗ്ദാനം ചെയ്തു.

സെന്റ് ജെയിംസ് കൂടാരയോഗം നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്ലാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ജയിംസ് കൂടാരയോഗം മാര്‍ച്ച് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പീറ്റര്‍ കുളങ്ങളുടെ വസതിയില്‍ വച്ച് നടത്തപ്പെട്ടു.

ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി അബ്രാഹം കളരിക്കല്‍,സിസ്റ്റര്‍ സില്‍വേരിയൂസ്, സിസ്റ്റര്‍ സനൂജ, സിസ്റ്റര്‍ ജോവാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.കൂടാരയോഗത്തോടനുബന്ധിച്ച് ഉള്ള പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം, ഭവനനാഥന്‍ പീറ്റര്‍ കുളങ്ങര യോഗത്തില്‍ പങ്കെടുത്തേവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.ഇടവകയുമായി ബന്ധപ്പെട്ട നടന്ന ഇതര വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മോണ്‍.തോമസ് മുളവനാല്‍ നേതൃത്വം നല്‍കി.

ജോജോ ആനാലില്‍ മാത്യു മാപ്പിളേട്ട് തങ്കച്ചന്‍ വെട്ടിക്കാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കി.ഏലമ്മ കുളങ്ങര കണക്ക് അവതരിപ്പിക്കുകയും സ്റ്റീഫന്‍ ഒറ്റയില്‍ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു.ഈമാസം ജന്മദിനമാഘോഷിക്കുന്ന കുട്ടികളെയും മുതിര്‍ന്നവരെയും ബഹുമാനപ്പെട്ട വൈദികര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു.കൂടാരയോഗ കോഡിനേറ്റര്‍ സ്റ്റീഫന്‍ ചൊള്ളംബേല്‍ യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. സമാപനം സ്‌നേഹവിരുന്നോടെ ആയിരുന്നു.

മാന്ത്രികച്ചെപ്പ് മ്യൂസിക്കല്‍ ഡ്രാമ ആദ്യ ടിക്കറ്റ് വില്പന നടത്തി

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ “മാന്ത്രികച്ചെപ്പ്’ 2018 മെയ് 12-നു മൈക്കിള്‍ പവര്‍ ആന്‍ഡ് സെന്റ് ജോസഫ് സെക്കന്‍ഡറി സ്കൂളില്‍ വച്ചു (105 Eringate Drive, Etobicike, ON, M9CSZ7) നടത്തപ്പെടുന്നു.

മാന്ത്രികച്ചെപ്പിന്റെ ആദ്യ ടിക്കറ്റ് വില്പന സെന്റ് മേരീസ് ക്‌നാനായ മിഷന്‍ വികാരി ഫാ. പത്രോസ് ചമ്പക്കര, ജോമോന്‍ മാത്യു കുടിയിരിപ്പിലിനു നല്‍കി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തില്‍ കൈക്കാരന്മാര്‍, പാരീഷ് കമ്മിറ്റി അംഗങ്ങള്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോണ്‍ ഉപയോഗിച്ചതിന് ശാസിച്ച പിതാവിനെ മകന്‍ പരിക്കേല്‍പ്പിച്ചു

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: നിസ്സാരകാര്യത്തിനു സ്വന്തം അച്ഛനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. മകനെ ജാമ്യത്തിലിറക്കിയത് അമ്മ. സംഭവം യുഎസിലെ ബോസ്റ്റണു സമീപമുള്ള യാര്‍മൗത്തിലെ കേപ്കോഡ് റസ്റ്ററന്‍റിലായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ താഴെ വയ്ക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ അത് അനുസരിക്കാതിരുന്നതോടെ, ഇരുവരും വഴക്കായി. മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായെന്നു തോന്നിയ മകന്‍ റസ്റ്ററന്‍റിനു പുറത്ത് ഇറങ്ങിയപ്പോള്‍ പിതാവിനെ മുഷ്ടി ചുരുട്ടി ഇടിച്ചുവീഴ്ത്തി. ഗുരുതരമായ പരിക്കു പറ്റിയ പിതാവിനെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ അറുപത്തിമൂന്നുകാരനായ പിതാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കൗമാര പ്രായക്കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. 60 വയസിനു മുകളിലുള്ളവരെ പരുക്കേല്‍പ്പിച്ചാല്‍ ചുമത്താവുന്ന വകുപ്പുകള്‍ അനുസരിച്ച് മകന്‍റെ പേരില്‍ കേസെടുത്തതായി യാര്‍മൗത്ത് പോലീസ് വക്താവ് അറിയിച്ചു. പിന്നീട്, മകനെ ജാമ്യത്തില്‍ മാതാവിനൊപ്പം പറഞ്ഞയച്ചു.

ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയന്‍ വനിതാഫോറം ലോകവനിതാദിനാചരണവും ജീവകാരുണ്യ ധനശേഖരണവും വന്‍വിജയം

ജോയിച്ചന്‍ പുതുക്കുളം

ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വനിതാദിനാഘോഷവും ധനശേഖരണവും വന്‍വിജയമായി. ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഫിലോമിന സഖറിയായുടെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച സമ്മേളനം ഫോമാ വനിതാ ഫോറം ദേശീയ സെക്രട്ടറി രേഖാ നായര്‍ ഉദ്ഘാടനം ചെയ്തു. രശ്മി റാവു, സുമിത ചൗധരി, മിഷേല്‍ ഗല്ലര്‍ഡോ, പദ്മാ കുപ്പാ, ഹരിത ഡോടാലാ എന്നിവര്‍ എഞ്ചിയനീയറിംഗ്, ആരോഗ്യം, നിയമം, രാഷ്ട്രീയം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ എടുത്തു. ഇതിനോട് ചേര്‍ന്ന് നടത്തപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണത്തിനായി എറണാകുളം എം.ജി. റോഡിലുള്ള മിലന്‍ ഡിസൈനേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഡിസൈനര്‍ സാരിയുടെ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടത്തി. ഇത് വന്‍വിജയമാകുകയും അതിലൂടെ സമാഹരിച്ച പണം വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കായി വിനിയോഗിക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് വൈദ്യസഹായം ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍ പ്രോജക്ട്, നേത്രദാനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വൈദ്യസഹായത്തോടെ അന്ധരായവര്‍ക്ക് കാഴ്ച നല്‍കുന്ന വിഷന്‍ പ്രോജക്ട്, പ്രതിസന്ധികളിലൂടെ കടുന്നുപോകുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രേറ്റ്‌ലേക്‌സ് റീജിയന്‍ വനിതാഫോറം സഹായം നല്‍കും.

ജനപങ്കാളിത്തംകൊണ്ട് വന്‍ വിജയമായിത്തീര്‍ന്ന ഈ സമ്മേളനത്തില്‍ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍, ഭാരവാഹികള്‍, വൈദികര്‍, എല്ലാ സംഘടനകളുടെയും വുമന്‍സ് ഫോറം അംഗങ്ങള്‍, വിവിധ ബിസിനസ് സ്‌പോണ്‍സര്‍മാര്‍, റാഫിള്‍ ടിക്കറ്റെടുത്ത് സഹായിച്ച വ്യക്തികള്‍, തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യവും സഹകരണവും ആവേശമായി. 2018 ല്‍ നടക്കാന്‍ പോകുന്ന ഫോമയുടെ ഇലക്ഷനിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഫിലിപ്പ് ചാമത്തില്‍, ജോണ്‍ വര്‍ഗീസ് (സലിം), ട്രഷറര്‍ സ്ഥാനാര്‍ത്ഥികളായ ഷിനു ജോസഫ്, റെജി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഖാ നായര്‍ എന്നിവര്‍ക്ക് ഫോമാ ഡെലിഗേറ്റ്‌സുകളുമായി ഒരു മീറ്റിംഗും സ്റ്റേജില്‍ അവര്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കാനുള്ള അവസരവും കൊടുത്തു. തുടര്‍ന്ന് മിഷിഗണ്‍, ഒഹയോ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും സമ്മേളനത്തോടു ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡാന്‍സ്, സ്കിറ്റ്, ഗാനമേള എന്നിവ മികച്ച നിലവാരം പുലര്‍ത്തി.

ഫോമാ ഗ്രേറ്റ്‌ലേക്‌സ് വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ഫിലോമിന സഖറിയ, സെക്രട്ടറി റ്റെസി മാത്യു, വൈസ് ചെയര്‍പേഴ്‌സണ്‍ മേരി ജോസഫ്, ട്രഷറര്‍ ജിജി ഫ്രാന്‍സിസ്, കമ്മിറ്റിയംഗങ്ങളായ കുഞ്ഞമ്മ വില്ലാനശ്ശേരില്‍, ശോഭ ജെയിംസ്, വനിതാഫോറം നാഷണല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മെര്‍ലിന്‍ ഫ്രാന്‍സിസ്, ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍ ഡേവിഡ്, ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസ്, ഗ്രേറ്റ് ലേക്‌സ് റീജിയന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജെയിന്‍ മാത്യു കണ്ണച്ചാന്‍പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളോടെ നടത്തപ്പെട്ട ഈ സമ്മേളനവും പരിപാടികളും വന്‍വിജയമാകുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഈ പരിപാടികളുടെ എം.സി. ഡോ: ഗീതാ നായര്‍ ആയിരുന്നു. മെര്‍ലിന്‍ ഫ്രാന്‍സിസ്, വിനോദ് കോണ്ടൂര്‍ ഡേവിഡ്, റോജന്‍ തോമസ്, ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഈ സമ്മേളനത്തോടു ചേര്‍ന്ന് സ്‌നേഹവിരുന്നും മലബാര്‍ റിഥംസിന്റെ മനോഹരമായ ഗാനമേളയും നടത്തപ്പെട്ടു. ഫോമയുടെ ചരിത്ര ഏടുകളില്‍ രേഖപ്പെടുത്തേണ്ട വര്‍ണ്ണാര്‍ഭമായ ഒരു സമ്മേളനത്തിനാണ് ഗ്രേറ്റ്‌ലേക്‌സ് വനിതാഫോറം നേതൃത്വം നല്‍കിയത്. ഏവരോടും വനിതാഫോറം ചുമതലക്കാര്‍ നന്ദി അറിയിച്ചു.