സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ ഗോകുലം എഫ്‌സിയെ നേരിടുന്നു

സിഫ് ജൂനിയർ ചാമ്പ്യൻസ് ലീഗ് ഹാട്രിക് ജേതാക്കളായ ജിദ്ദയിലെ പ്രശസ്ത സോക്കാർ അക്കാദമിയായ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ, കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലം എഫ്‌സി കേരളയുടെ ജൂനിയർ ടീമിനെ നേരിടാനൊരുങ്ങുന്നു. ഓഗസ്ററ് 25 നു ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.

അക്കാദമിയുടെ ആരംഭം മുതൽ സ്‌കൂൾ ഒഴിവു കാലത്തു സ്പോർട്ടിങ് യുണൈറ്റഡ് ഇന്ത്യയിലെ വിവിധ പ്രഫഷണൽ ക്ലബുകളുടെ ജൂനിയർ ടീമുകളുമായി സൗഹ്രദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ സീരീസിലെ ആറാമത്തെ മത്സരമാണ് ഗോകുലം FC യുമായുള്ളത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ച് ഐ. എസ്. എൽ ടീമായ ചെന്നൈയിൻ എഫ്‌സിയുടെ ജൂനിയർ ടീമുമായി മത്സരിച്ചിരുന്ന സ്പോർട്ടിങ് 2016 ൽ ഡെൽഹിയിൽ വെച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ജൂനിയർ അക്കാദമികളിൽ ഒന്നായ ബൈച്ചുങ് ബുട്ടിയ അക്കാദമിയുമായും, ഐ ലീഗ് ടീമായ ഹിന്ദുസ്ഥാൻ ഫുട്ബാൾ ക്ലബുമായും മത്സരിച്ചിരുന്നു. 2014ൽ കോഴിക്കോട് വെച്ചു സെപ്റ്റ് ഇന്ത്യ അക്കാദമി ടീമുമായി ഫാറൂഖ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ആദ്യമായി സ്പോർട്ടിങ് നാട്ടിൽ മത്സരം സംഘടിപ്പിച്ചത്. 2015 ൽ മലപ്പുറത്ത് വെച്ച് സുബ്രതോ കപ്പ് ജേതാക്കളായ എം. എസ്. പി സ്‌കൂളുമായും സ്പോർട്ടിങ് മത്സരിച്ചിരുന്നു.

കോയമ്പത്തൂരിൽ വെച്ച നടന്ന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബംഗലുരു എഫ്‌സി ജൂനിയർ ടീമിനെ അഞ്ചു ഗോളിന് തകർത്തു ജേതാക്കളായ ഗോകുലം എഫ്‌സി വളരെ ശക്തരായ പ്രഫഷണൽ ടീമിന്റെ ഭാഗമാണെങ്കിലും പ്രവാസ ലോകത്തു ജീവിക്കുന്ന കളിക്കാർക്ക് ശക്തരായ ടീമുകളുമായി കളിച്ചു മത്സര പരിചയമുണ്ടാക്കുക നാട്ടിലെ ജില്ലാ, യൂണിവേഴ്‌സിറ്റി ടീമിലേക്കും മറ്റുമുള്ള സെലെക്ഷൻ ട്രയൽസിനുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ് സ്പോർട്ടിങ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലക്‌ഷ്യം വെക്കുന്നതെന്ന് സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ, ചീഫ് കോച് ഷബീർ അലി, ടെക്‌നിക്കൽ കമ്മിറ്റി ഹെഡ് നാസർ ഫറോക് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു. നാട്ടിലുള്ള അക്കാദമി ട്രഷറർ മുസ്‌തഫ ചാലിൽ, അക്കാദമി ഇവന്റ് മാനേജ്‌മെന്റ്റ് ഹെഡ് അഷ്‌റഫ് അലനല്ലൂർ തുടങ്ങിയവരുടെ നേത്രത്തിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അവർ അറിയിച്ചു. കഴിഞ്ഞ വർഷം ചെന്നൈയിൻ എഫ്‌സിയുമായി വളരെ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചതെന്നും ചെന്നൈയിൻ എഫ്‌സിയുടെ പ്രഫഷണലിസത്തിനു മുന്നിൽ ഒരു ഗോളിനാണ് സ്പോർട്ടിങ് കുട്ടികൾ പരാജയപെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.

2012 ൽ ഏതാനും പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട സ്പോർട്ടിങ് യുണൈറ്റഡ് അക്കാദമി ഇതിനകം തന്നെ പ്രവാസ ലോകത്തു ശ്രദ്ധേയമായ ഒട്ടനവധി ടൂർണമെന്റുകളിൽ കിരീടം ചൂടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ്‌ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദയിലെ സിഫ് ടൂർണമെന്റിൽ ഹാട്രിക് കിരീടം നേടിയത്.

കേരളത്തിന് പുറമെ ഡൽഹി, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ 140 പരം കുട്ടികൾ നാല് കാറ്റഗറിയിലായി സ്പോർട്ടിങ് യുണൈറ്റഡിൽ പരിശീലനം നേടുന്നുണ്ട്.

കഴിഞ്ഞ സീസൺ മുതൽ ടീമിനൊപ്പം ചേർന്ന മുൻ ലാലീഗ കളിക്കാരനായ സ്‌പാനിഷ്‌ കോച്ച് അലസാന്ദ്രോ അൽവാറീസിന് കീഴിലാണ് അക്കാദമിയിലെ 12 വയസിനു താഴെയുള്ള കുട്ടികൾ പരിശീലനം നേടുന്നത്. ഗ്രാസ് റൂട്ട് ലെവലിലെ കുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ യൂറോപ്യൻ ഫുട്ബാളിന്റെ തന്ത്രങ്ങൾ മനസിലാക്കാനുള്ള അവസരമെന്ന നിലക്കാണ് 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി സ്പാനിഷ് കൊച്ചിന്റെ സേവനം ലഭ്യമാക്കിയതെന്നും ഭാരവാഹികൾ പറഞ്ഞു. ഒരു ഗോൾ കീപ്പർ കോച്ചടക്കം എട്ടു കോച്ചുമാരാണ് അക്കാദമിക്കുള്ളത്. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും രാവിലെ രാവിലെ ആറു മുതൽ ഒമ്പതു വരെയാണ് പരിശീലനം.

ഗ്രേസ് തോമസ് (86) ഫ്‌ളോറിഡയില്‍ നിര്യാതയായി

റ്റാമ്പാ, ഫ്‌ളോറിഡ: തന്റെ ജീവിതം മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവനങ്ങള്‍ക്കും മാറ്റിവച്ചിരുന്ന ആദരണീയയായ ഗ്രേസ് എം. തോമസ് (86) റ്റാമ്പായില്‍ നിര്യാതയായി.

മിഡില്‍ സ്കൂള്‍ ടീച്ചര്‍, ലൈഫ് ഓഫ് ഇന്ത്യ മിഷനിന്റെ കോ- ഫൗണ്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എബി, റ്റോം എന്നിവര്‍ മക്കളും, ആന, സൂസന്‍ എന്നിവര്‍ മരുമക്കളും, നേഥന്‍, റിബേക്ക, വലേഷ, എബി, എമിലിയ എന്നിവര്‍ ചെറുമക്കളുമാണ്.

പൊതുദര്‍ശനം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ റ്റാമ്പാ സെന്റ് മേരീസ് ചര്‍ച്ചില്‍ (11029 Davis Rd, Tampa, Florida 33637). അടക്ക ശുശ്രൂഷ (ഫ്യൂണറല്‍ സര്‍വീസ്)ഓഗസ്റ്റ് 18-നു ശനിയാഴ്ച 10 മുതല്‍ 11 വരെയും തുടര്‍ന്നു സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മറി ഗാര്‍ഡനില്‍ (11005 North US Highway 301 Thonotosassa FL, 33592 ) സംസ്കാര ശുശ്രൂഷകളും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിച്ചന്‍ (813 393 8957), ഏബ്രഹാം ചാക്കോ (ബാബു) 813 480 7385.

സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: ഏർളി രജിസ്‌ട്രേഷൻ 9 മുതൽ

കൊപ്പേൽ (ടെക്‌സാസ്) : ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന, ആഗസ്ത് 10 , 11 , 12 തീയതികളിൽ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന്റെ (ഐപിഎസ്എഫ് – 2018) ഏർളി രജിസ്‌ട്രേഷനുള്ള സൗകര്യം ആഗസ്ത് 9 വ്യാഴാഴ്ച്ച വൈകുന്നേരം 8:30 മുതൽ കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഒരുക്കും.

വിദൂരങ്ങളിൽ നിന്ന് നേരത്തെ എത്തിചേരുന്നവർക്കും ലോക്കൽ പാരീഷുകൾക്കുമാണിതെന്ന് ഇവന്റ് ചെയർമാൻ ഫാ. ജോൺസ്റ്റി തച്ചാറ, ഇവന്റ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. ആഗസ്ത് 10 വെള്ളി രാവിലെ 10 മണി മുതൽ ഓപ്പൺ രജിസ്ടേഷൻ ഉണ്ട്. കൊപ്പേൽ സെന്റ് അൽഫോൻസാ പാരീഷാണ് ഫെസ്റ്റ് ഈ വർഷം നടത്തുന്നത്.

സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലും, ഫ്രിസ്കോയിലുള്ള ഫീൽഡ് ഹൗസ് യുഎസ്എ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലുമായി 500 ൽ പരം മത്സരങ്ങൾ 14 വേദികളിയായി നടക്കും. രണ്ടായിത്തില്പരം മത്സരാർഥികൾ പങ്കെടുക്കുന്ന ഈ കായിക മാമാങ്കം റീജണിലെ തന്നെ വലിയ ഇവന്റാണ്.

ഡാലസ് മച്ചാൻസ് ബിസിനസ് ഗ്രൂപ്പ് പരിപാടിയുടെ മെഗാ സ്പോൺസറും, സിഗ്മാ ടൂർസ് ആൻഡ് ട്രാവൽസ് ഇവന്റ് സ്പോൺസറും, ജോയ് ആലുക്കാസ് ഗ്രാന്റ് സ്പോൺസറും , ഗ്രേസ് ഇൻഷുറൻസ് ഗോൾഡ് സ്പോൺസറും ആണ്. പരിപാടിയുടെ വിജയത്തിനായി ആകർഷകമായ സമ്മാനങ്ങളുൾപ്പെടുത്തിയുള്ള റാഫിളും പുരോഗമിക്കുന്നു.

വിവരങ്ങൾക്ക് : https://www.ipsfcoppell2018.net/

മാർട്ടിൻ വിലങ്ങോലിൽ

സെന്റ് ആന്റണീസ് കൂടാരയോഗം പിക്‌നിക്ക് നടത്തപ്പെട്ടു

ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തിലെ സെന്റ് ആന്റ ണീസ് കൂടാരയോഗം ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് പിക്‌നിക്ക് സംഘടിപ്പിച്ചു. സെന്റ് ആന്‍റണീസ് കൂടാരയോഗത്തിലെ സജീവപ്രവര്‍ത്തകനായ മത്തച്ചന്‍ ചെമ്മാച്ചേലിന്റെ തടാക തീരത്തുള്ള സ്വന്തം ഭവന മുറ്റമായിരുന്നു പിക്‌നിക്കിന് വേണ്ടി ഫീല്‍ഡ് യൊരുക്കിയത്. ഇടവക വികാരി റെവ .ഫാ.തോമസ് മുളവനാലിനൊപ്പം എക്‌സിക്യൂട്ടീവ് അംഗങ്ങളും പിക്‌നിക്കില്‍ പങ്കെടുത്തു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരത്തിലുള്ള കായികവിനോദങ്ങള്‍, ബോട്ട് റേസിംഗ്, ബാര്‍ബിക്യൂ ഒരുക്കങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള പിക്‌നിക് ആക്ടിവിറ്റികള്‍ കൊണ്ട് ദിവസം ഉല്ലാസപ്രദമായി രുന്നു.കൂടാരയോഗം കോഡിനേറ്റര്‍ നവീന്‍ കണിയാംപറമ്പിലിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരായ സിന്ധു മറ്റത്തിപ്പറമ്പില്‍, ബെന്നി നല്ലുവീട്ടില്‍, ജ്യോതി ആലപ്പാട്ട് എന്നിവര്‍ പിക്‌നിക്കിന്റെ വിജയത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. പകലന്തിയോളം വരെ നീണ്ട പിക്‌നിക് ആഘോഷങ്ങളില്‍ കൂടാര യോഗത്തില്‍ നിന്നും ധാരാളം ജനങ്ങള്‍ പങ്കെടുത്തു. സെ.മേരിസ് പി.ആര്‍.ഒ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എഴുതി അറിയിച്ചതാണ്.

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം രക്തദാന ക്യാമ്പ് നടത്തി

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഗൾഫ് കോസ്റ്റ് റീജിയണൽ ബ്ലഡ് സെന്ററിന്റെ (Gulf coast region blood center) സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് വിജയകരമായി. ഇമ്മാനുവേൽ മാർത്തോമാ ദേവാലയാങ്കണത്തിൽ വച്ച് ജൂലൈ 28ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ക്യാമ്പ് ഇടവക വികാരി റവ: ഏബ്രഹാം വർഗീസ് ഉത്ഘാടനം ചെയ്തു.

2018 സമ്മർ വി.ബി.എസ്സിനോടനുബന്ധിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. 11 മുതൽ മൂന്നു മണി വരെ നടത്തപ്പെട്ട രക്തദാന സംരംഭത്തിൽ ഇടവക അംഗങ്ങൾ ,യുവജനസഖ്യ അംഗങ്ങൾ ഉൾപ്പെടെ 40 ൽ പരം ആളുകൾ രജിസ്റ്റർ ചെയ്യുകയും, 26 പേരിൽനിന്നു നിന്ന് രക്തം ശേഖരിക്കയും ചെയ്തു.

സണ്ടേസ്കൂളും യുവജനസഖ്യവും സേവികാ സഖ്യവും കൈകോർത്ത് പിടിച്ചു നടത്തിയ വി.ബി.എസ്സും, സ്കൂൾ ഓഫ് ഗമാലിയെയും രക്തധാന സംരംഭം വിജയകരമാക്കുന്നതിൽ പൂർണ പിന്തുണ നൽകി. വികാരി റവ: ഏബ്രഹാം വർഗീസ്, അസിസ്റ്റന്റ് വികാരി റവ: സജി ആൽബിൻ, അനി ജോജി, ലിനോ സാമുവേൽ തുടങ്ങിയവർ ഈ സംരംഭത്തിന് നേതൃത്വം നൽകി.

യുവജനസഖ്യം സെക്രട്ടറി ജിജോ വർഗീസ് അറിയിച്ചതാണിത്‌.

ജീമോൻ റാന്നി

ഏലിയാമ്മ എബ്രഹാം നിര്യാതയായി

അഞ്ചൽ വിളക്കുപാറ തടത്തിൽ പരേതനായ എബ്രഹാമിന്റെ സഹധർമ്മിണിയും ആയൂർ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92 ) നിര്യാതയായി.

മക്കൾ: ജോൺ,അമ്മിണി അനിയൻകുഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറൽ ബാങ്ക് സോണൽ മാനേജർ,അഞ്ചൽ) ഓമന യോഹന്നാൻ (പറക്കോട്), ജോർജുകുട്ടി (ദുബായ്) ഡൊമിനിക് (ഷാർജ) മിനി വിൽ‌സൺ (പറക്കോട്).

മരുമക്കൾ : അമ്മിണി ജോൺ, അനിയൻകുഞ് (ആനക്കുളം), ഡെയ്സി യാക്കൂബ് (അഞ്ചൽ), യോഹന്നാൻ (പറക്കോട്), സോഫി ജോർജ്ജ് (ദുബായ്), സിനി ഡൊമിനിക് (ഷാർജ), വിൽ‌സൺ (പറക്കോട്)

കൊച്ചുമക്കൾ:
ജോസ്‌മി, സുനിൽ (അബുദാബി),സനിൽ (ഷാർജ ), അനി, അനിത (ദുബായ്) ,അനിൽ (ഷാർജ), സോണിയ (അബുദാബി), സൗമ്യ (ഷാർജ) പ്രിൻസ് (ഷാർജ), ഡോ.പ്രിൻസി (ഹൂസ്റ്റൺ), കിരൺ, ഡോ.കരിഷ്മ , ക്രിസ്, കരൺ, കരീന, അതുൽ, അതുല്യ.

അന്നമ്മ ലൂക്കോസ് (ആദിച്ചനല്ലൂർ) സഹോദരിയും, ആയൂർ പുഞ്ചക്കോണത്ത് പരേതനായ സി. പാപ്പച്ചൻ, സി.കിരിയാൻ, പരേതനായ സി. ഗീവർഗീസ്, അഡ്വ. ബേബി പുഞ്ചക്കോണം, അച്ചൻകുഞ്ഞു പുഞ്ചക്കോണം എന്നിവർ സഹോദരങ്ങളുമാണ്.

പച്ചിക്കര ദമ്പതികള്‍ അറ്റ്‌ലാന്റയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്‌നാനായക്കാരുടെ ചിരകാല അഭിലാഷമായ കമ്യൂണിറ്റി സെന്ററിന്റെ ഫണ്ടിനുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റിനായുള്ള ആവേശകരമായ ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി -സെലിന്‍ ദമ്പതികള്‍ വിജയം കരസ്ഥമാക്കി. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ (കെ.സി.എ.ജി) പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിക്ക് ജോണി ഇല്ലാക്കാട്ടില്‍ ലേലം വിളിക്ക് നേതൃത്വം നല്‍കി.

ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബോബന്‍ വട്ടപുറത്ത് അച്ചനു കൊടുത്ത ആദ്യ ടിക്കറ്റ് ബുക്കിലെ ആദ്യ ടിക്കറ്റിനായുള്ള (0001) ലേലം വിളിയാണ് 4800 ഡോളറിനു പച്ചിക്കര ജോയി വിളിച്ച് കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ പള്ളി പെരുന്നാളിനു നടത്തപ്പെട്ട ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി – സെലിന്‍ ദമ്പതികള്‍ വിജയം നേടിയിരുന്നു.

കെ.സി.എ.ജി വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനവും ഭാര്യ സബീനയുടേയും 10 റാഫിള്‍ ടിക്കറ്റിന്റെ 1000 ഡോളര്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ് കമ്മിറ്റി കോ ചെയര്‍ സാബു ചെമ്മലക്കുഴിക്ക് നല്‍കി ഫണ്ട് റൈസിംഗ് ചടങ്ങ് ഉദ്ഘാടനം നടത്തി. ഫണ്ട് റൈസിംഗ് സംഘാടകനായ ഡൊമിനിക് ചാക്കോനാല്‍, റാഫിള്‍ ടിക്കറ്റ് കോര്‍ഡിനേറ്റര്‍ തോമസ് കല്ലിടാന്തിയും ചേര്‍ന്നു ലേലംവിളി പരിപാടി ആസൂത്രണം ചെയ്തു. കെ.സി.എ.ജി ട്രഷറര്‍ സാജു വട്ടക്കുന്നേന്‍, കമ്മിറ്റി മെമ്പര്‍ ലൂക്കോസ് ചക്കാലപടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കെ.സി.എ.ജിയുടെ എല്ലാ ഫാമിലിക്കും 100 ഡോളറിന്റെ 10 ടിക്കറ്റുള്ള ഒരു ബുക്ക് വെച്ചാണ് വില്‍ക്കാന്‍ കൊടുത്തിരിക്കുന്നത്. ടയോട്ട ക്യാമറി 2019 മോഡല്‍ കാറാണ് ഒന്നാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും റാഫിള്‍ ടിക്കറ്റിന് നറുക്ക് എടുക്കുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി

ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018-ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ കാര്‍മികത്വത്തില്‍ ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു.

പെരുന്നാള്‍ ആഘോഷങ്ങളും വിവിധ പരിപാടികളും ഓഗസ്റ്റ് 18, 19 (ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത് അമേരിക്ക, കാനഡ, യൂറോപ്പ് മേഖല മെത്രാപ്പോലീത്ത അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് അഹരോണ്‍ പള്ളത്രയും കുടുംബവുമാണ്. എല്ലാവരും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഇടവക സെക്രട്ടറി ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ് 25-ന്

ചിക്കാഗോ: ഷിക്കാഗോയിലെ വിവിധ സുവിശേഷീകരണ മാധ്യമങ്ങളുടേയും, പത്രപ്രവര്‍ത്തകരുടേയും, എഴുത്തുകാരുടേയും സംയുക്ത പ്രവര്‍ത്തന കൂട്ടായ്മയായ ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്റെ രൂപീകരണ പ്രഖ്യാപനവും, പ്രവര്‍ത്തനോദ്ഘാടനവും ഓഗസ്റ്റ് 25-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഗോള്‍ഫ് വെയില്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ (Feildman Recreation Centre, 8800 West Kathy Lane, NILES) വച്ചു നടക്കും,

ഗുഡ്‌ന്യൂസ് വാരിക ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.പി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ-സാംസ്കാരിക -സംഘടനാ- സഭാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. ഈ സമ്മേളനത്തില്‍ വച്ചു ഐ.പി.സി ഗ്ലോബല്‍ മീഡിയയുടെ അന്തര്‍ദേശീയ പുരസ്കാരം നേടിയ കേരളാ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം ഈപ്പനെ ആദരിക്കും. ഹാര്‍വെസ്റ്റ് ടിവിയുടെ ഷിക്കാഗോ ശ്രേണിയിലുള്ള പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണ ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടക്കും. റവ. ഉണ്ണൂണ്ണി മാത്യു, ഡോ. അലക്‌സ് കോശി, കുര്യന്‍ ഫിലിപ്പ്, ഡോ. ടൈറ്റസ് ഈപ്പന്‍, ജോണ്‍സണ്‍ ഉമ്മന്‍, സജി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: സി.ജി.എം.എ നിയുക്ത സെക്രട്ടറി. ഫോണ്‍: 847 912 5578.

ജോയിച്ചന്‍ പുതുക്കുളം

മഴക്കെടുതിയില്‍ ആശ്വാസവുമായി ചിക്കാഗോ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മ

ചിക്കാഗോ: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ തീരപ്രദേശ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അടിയന്തര സഹായം എത്തിക്കുവാന്‍ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ തീരുമാനമെടുത്തതായി കണ്‍വീനര്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍ അറിയിച്ചു. ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട് ഭവനങ്ങളില്‍ കഴിയുന്നവര്‍ക്കും ഇതോടനുബന്ധിച്ച് ആദ്യ ഗഡുവായ ധനസഹായം വിതരണം ചെയ്യും. ഓഗസ്റ്റ് 19-ന് ആലപ്പുഴയിലും കോട്ടയത്തുമായി നടക്കുന്ന സഹായ വിതരണത്തില്‍ ഫെല്ലോഷിപ്പിന്റെ പ്രതിനിധിയായി പാസ്റ്റര്‍ ബിജു വില്‍സണ്‍ പങ്കെടുക്കും.

ചിക്കാഗോയ്ക്കുപുറമെ ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള മറ്റുചില സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സുമനസ്സുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നു ഗുഡ്‌ന്യൂസ് എഡിറ്റര്‍ സി.വി. മാത്യു പറഞ്ഞു. പദ്ധതിയില്‍ പങ്കാളികളാകുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഗുഡ്‌ന്യൂസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ (യു.എസ്.എ) 1 646 750 6924.
കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം