സംഗീതജ്ഞന്‍ പി. ഉണ്ണികൃഷ്ണനെ എന്‍ എസ് എസ് ദേശീയ സംഗമത്തില്‍ ആദരിക്കും

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തില്‍ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്രപിന്നണിഗായകനുമായ പി. ഉണ്ണികൃഷ്ണനെ ആദരിക്കും. പാലക്കാട് ജില്ലയില്‍ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായി ജനിച്ച ഉണ്ണികൃഷ്ണന്‍ പഠിച്ചതും വളര്‍ന്നതും ചെന്നെയിലാണ്. കാതലന്‍ എന്ന തമിഴ് ചലച്ചിത്രത്തില്‍ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാര്‍ഡ് നേടിയിതൊടെയാണ് ശ്രദ്ധേയനായത്. 1994 ല്‍ എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന എന്നവളേ ആദി എന്നവളേ എന്ന ആ ഗാനം സൂപ്പിര്‍ ഹിറ്റുമായിരുന്നു. റഹ്മാന്റെ ഇഷ്ടഗായകനായി മ്ാറിയ പി. ഉണ്ണികൃഷ്ണന്‍ ആദ്ദേഹം ഈണം പകര്‍ന്ന രണ്ടു ഡസനോളം പാട്ടുകള്‍ക്ക് ശബ്ദം നല്‍കി. ഭരതന്‍ സംവിധാനം ചെയ്ത് ശ്രീദേവി നായികയായി അഭിനയിച്ച ദേവരാഗം എന്ന സിനിമയില്‍ കെ എസ് ചിത്രയ്‌ക്കൊപ്പം യാ യാ യാദവാ എന്ന ഗാനം പാടിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ മലയാള സിനിമയില്‍ എത്തിയത്്. ഒറ്റ നാണയം എന്ന സിനിമയില്‍ സുജാതയ്‌ക്കൊപ്പം പാടിയ എന്‍ ശ്വാസമേ എന്‍ നെഞ്ചിലേ എന്ന ഗാനവും മലയാളികള്‍ ഏറ്റുപാടി. കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഉണ്ണികൃഷ്ണന്‍ പാടി.

കന്നി പാട്ടിന് ദേശീയ അവാര്‍ഡ് കിട്ടി എന്നതുമാത്രമല്ല തമിഴ് പാ്ട്ടിന് ആദ്യമായി ദേശീയ അവാര്‍ഡ് നേടുന്ന ആളുമായി ഉണ്ണി്കൃഷ്ണന്‍ മാറി. സിനിമാ ഗാനങ്ങള്‍ക്കു പുറമെ നിരവധി ഭക്തിഗാനങ്ങളും ഉണ്ണികൃഷ്ണന്റെ സ്വരമാധുരിയില്‍ പുറത്തിറങ്ങി.

കോഴിക്കോട് സ്വദേശിയായ നര്‍ത്തകി പ്രിയ ആണ് ഭാര്യ. വാസുദേവും ഉത്തരയും മക്കള്‍.

ചലച്ചിത്രപിന്നണിഗായികയായ ഉത്തരയും മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി ചരിത്രം സൃഷ്ടിച്ചു. അച്ഛനെപ്പോലെ തന്നെ ആദ്യമായി ചലച്ചിത്രത്തില്‍ ആലപിച്ച ഗാനത്തിന് ദേശീയ പുരസ്‌കാരം. സെവം എന്ന തമിഴ് ചിത്രത്തിലെ അഴകൈ എന്ന ഗാനത്തിലൂടെ അപൂര്‍വ നേട്ടം കൈവരിക്കുമ്പോള്‍ ഉത്തരയ്ക്ക് 10 വയസുമാത്രം.

ഉണ്ണികൃഷ്ണനു പുറമെ നിരവധി കലാ പ്രതിഭകള്‍എന്‍ എസ് എസ് സംഗമത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ , വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്,ജനറല്‍ സെക്രട്ടറി അജിത് നായര്‍,ജോയിന്റ് സെക്രട്ടറി പ്രമോദ് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണ്ന്‍ ജോയിന്റ് ട്രഷറര്‍ ഹരി ശിവരാമന്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസി ലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു.

സതി രാമചന്ദ്രൻ നിര്യാതയായി

കൻസാസ് ::തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി .അന്തിക്കാട് കാട്ടാനിൽ കുടുംബാഗമാണ് .
മക്കൾ -ആശാ മഹേഷ് (കൻസാസ് ,(യൂഎസ്എ), പ്രഭാകരൻ (അപ്പുകുട്ടൻ )

മരുമക്കൾ : മഹേഷ് കൊലയാമ്പറബത്തു (കൻസാസ് )(യൂ എസ് എ )

ന്യൂജേഴ്‌സിയില്‍ ജൂണ്‍ 30ന് അരങ്ങേറുന്ന സര്‍ഗ്ഗ സന്ധ്യ 2018 താരനിശയിലെ താരങ്ങള്‍ അമേരിക്കയില്‍ എത്തി

ന്യൂജേഴ്‌സി: മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒട്ടനവധി കലാസന്ധ്യകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സമ്മാനിച്ച ത്രിവേണി മൂവീസ് ഒരുക്കുന്ന “സര്‍ഗ്ഗ സന്ധ്യ 2018” താരനിശയുടെ ആദ്യ ഷോ ഹൂസ്റ്റണില്‍ അരങ്ങേറും. ഷോയിലേക്കുള്ള താരങ്ങള്‍ എല്ലാം ഹ്യൂസ്റ്റണില്‍ എത്തിച്ചേര്‍ന്നു.

സമയത്തിന്റെ തിരയൊഴുക്കില്‍ ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ കോമഡിയും, നൃത്തവും സംഗീത മഴയില്‍ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സര്‍ഗ്ഗ സന്ധ്യ 2018” താരനിശ സോമര്‍സെറ്റ് സെന്‍റ്.തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ് 30ന് ശനിയാഴ്ച വൈകീട്ട് 4.30 ന് ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് ഫ്രാങ്ക്‌ളിന്‍ ടൗണ്ഷിപ് ഹൈസ്കൂളില്‍ വച്ച് അരങ്ങേറുന്നു

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചു ലോക റെക്കാര്‍ഡ് നേടിയ മുന്‍ ചലച്ചിത്ര ദേശീയ അവാര്‍ഡ് ജേതാവ് പ്രശസ്ത നടി ഷീലയും, ഹാസ്യതാരം ജഗദീഷും നയിക്കുന്ന ഷോയില്‍ മലയാളത്തിലെ പ്രമുഖ ചലച്ചത്ര ടെലിവിഷന്‍ താരങ്ങളും, സംഗീത ലോകത്തെ പ്രശസ്ത ഗായിക ഗായകരും ഒപ്പം മിമിക്രി താരങ്ങളും ഒരുമിക്കുന്നു.

ഷീലാമ്മക്കും, ജഗദീഷിനുമൊപ്പം, കേരള സാഹിത്യ നാടക അക്കാദമി പുരസ്കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയല്‍ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യന്മാകമായി അവതരിപ്പിക്കുന്ന “മറിമായം” എന്നീ സൂപ്പര്‍ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂര്‍, പ്രമുഖ നായിക നീതു, എന്നിവര്‍ക്കൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകന്‍ സുനില്‍ കുമാര്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200ലേറെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്‍റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്മയത്തിന് ഒരേവേദിയില്‍ ഒരുമിക്കുന്നു.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സര്‍ഗ്ഗ സന്ധ്യ 2018”ല്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡ് പ്ലേയര്‍ രജീഷിനോടൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സര്‍ഗ്ഗ സന്ധ്യ 2018ന്‍റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ ഫ്രാന്‍സിസ് ആയിരിക്കും.

ഡെയിലി ഡിലൈറ്റും, റിയാ ട്രാവല്‍സും ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാര്‍.

പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് ത്രിവേണിമൂവീസ് “സര്‍ഗ്ഗ സന്ധ്യ 2018” ലൂടെ മലയാളീ പ്രേക്ഷകര്‍ക്ക് കാഴ്ചവെയ്ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്റ്യന്‍ ആന്റണി (732)6943934,സുനില്‍ പോള്‍ (732)3974451, ടോം പെരുംപായില്‍ (646)3263708, മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461.

ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയും ലഭ്യമാണ്.
web: www.Megashownj.com
Venue: Franklin High school Auditorium, 500 Elizabeth Ave, Somerset, NJ 08873
(Etnrance and parking is at the back side of the school)
Date: June 30 Saturday 4.30 PM
web: stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് ദേവാലയത്തിൽ വി. ‍തോമാശ്ളീഹായുടെ തിരുനാൾ

ഗാര്‍ലന്‍ഡ്‌ (ഡാലസ്) : ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാശ്ളീഹായുടെ തിരുനാളിനു ഇന്ന് (ജൂൺ 22) കൊടിയേറ്റ്. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന ജൂലൈ 3 നു ദുക്റാന തിരുനാളോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

ഫൊറോനാ വികാരി. ഫാ. ജോഷി എളമ്പാശ്ശേരിൽ കൈക്കാരന്മാരായ മഞ്ജിത് കൈനിക്കര, ജോസഫ് വലിയവീട്, തിരുനാൾ കോർഡിനേറ്റർ ജോർജ് ജോസഫ് വിലങ്ങോലിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫൊറോനായിലെ നാലു കുടുംബ യൂണിറ്റുകളാണ് ഈ വർഷം തിരുനാൾ പ്രസുദേന്തിമാരാവുന്നത്.

ജൂൺ 22 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 നു ദിവ്യ കാരുണ്യ ആരാധനയും തുടർന്നു 6:15 നു ഫാ. ജോഷി എളമ്പാശ്ശേരിൽ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ആരാധനയും നൊവേനയും ലദ്ദേഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. മാർ ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപതാ ), മാർ ജോർജ് രാജേന്ദ്രൻ (തക്കല രൂപതാ ) എന്നിവർ നിരുനാളിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നെത്തിചേരും. ചിക്കാഗോ രൂപതയിൽ നിന്ന് ഈ വർഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിൻ മുണ്ടക്കൽ , ഫാ. രാജീവ് വലിയവീട്ടിൽ ഉൾപ്പെടെ നിരവധി വൈദികരും തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 29 , 30 ദിവങ്ങളിൽ ഗാനമേള , സെന്റ് തോമസ് നൈറ്റ് – സ്റ്റേജ് ഷോ തുടങ്ങിയവ ഇടവക കലാകാരമാരുടെ നേതൃത്വത്തിൽ അരങ്ങേറും.

മാർട്ടിൻ വിലങ്ങോലിൽ

ഫോമ കണ്‍വന്‍ഷന് തുടക്കം

ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ പ്രാതിനിധ്യത്തിന്റെ പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് കണ്‍വന്‍ഷന്‍ ഷോംബര്‍ഗിലെ വിവേകാന്ദ നഗറില്‍ (റിനൈസണ്‍സ് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍) വര്‍ണ്ണാഭമായ തുടക്കം.

രണ്ടു ദിവസമായി അവിരാമമായി എത്തിക്കൊണ്ടിരുന്ന അതിഥികള്‍ വ്യാഴാഴ്ച വൈകിട്ട് നാലര മണിയോടെ കണ്‍വന്‍ഷന്‍ ഹാളിന്റെ ലോബിയില്‍ ആര്‍പ്പുവിളികളുയര്‍ത്തിയോടെ ത്രിദിന മഹോത്സവത്തിനു തുടക്കമായി. അതോടെ ചെണ്ടമേളം ആരംഭിച്ചു. പ്രകമ്പനം കൊള്ളിച്ച ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍ ഫോമ നേതാക്കളും അസോസിയേഷനുകളും സംഘടനാ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്നു. ഇരുനൂറോളം വനിതകള്‍ അണിനിരന്ന താലപ്പൊലി അപൂര്‍വ്വമനോഹര ദൃശ്യമായി.

ചെണ്ടമേളവും താലപ്പൊലിയും ആര്‍പ്പുവിളികളും കൊണ്ട് ഉത്സവ പ്രതീതി കലര്‍ന്ന അന്തരീക്ഷത്തില്‍ ഘോഷയാത്രയ്ക്ക് ഫോമ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവരടക്കം ഭാരവാഹികളും നാട്ടില്‍ നിന്നെത്തിയ എം.എല്‍.എമാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ് തുടങ്ങിയവരും നേതൃത്വം നല്‍കി.

ഫോമയുടെ ബാനറിനു പിന്നാലെ അസോസിയേഷനുകളുടെ ബാനറുകളുമായി പ്രാദേശിക സംഘടനകളും അണിനിരന്നു. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തില്‍ ഹോട്ടലിനു പുറത്ത് ഘോഷയാത്ര സാധ്യവുമല്ലായിരുന്നു.

ഘോഷയാത്ര വേദിയില്‍ കടന്നതോടെ വിശിഷ്ടാതിഥികളായ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോസഫ് പുത്തന്‍പുരയില്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവരുമെത്തി.

തുടര്‍ന്നു ഇരുനൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിര സുന്ദര ദൃശ്യമായി. വിശാലമായ കണ്‍വന്‍ഷന്‍ ഹാളില്‍ വൈദ്യുത ദീപങ്ങള്‍ക്കു താഴെ നടന്ന തിരുവാതിര കാവ്യമനോഹരമായി. ക്യാമറയില്‍ പതിയുന്ന ഓരൊ ദ്രുശ്യവും രവിവര്‍മ്മ ചിത്രത്തിനെ ചാരുത കലര്‍ന്നതായിരുന്നു.

തിരുവാതിര കഴിഞ്ഞപ്പോഴേയ്ക്കും സ്ഥലത്തെത്തിയ മുഖ്യാതിഥി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ സ്‌റ്റേജിലേക്കാനയിച്ചു.

ഇതാദ്യമായി രൂപംകൊടുത്ത ഫോമ പതാക പ്രസിഡന്റ് ബന്നി വാച്ചാച്ചിറയും, മന്ത്രി അല്‍ഫോന്‍സും ചേര്‍ന്നു ഉയര്‍ത്തി. ഇന്ത്യ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ നിറങ്ങളും ഫോമ എംബ്ലവും ചേര്‍ന്നതാണ് പതാക. മൂന്നു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചതൊടേ ഉദ്ഘാടന യോഗം ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും സമര്‍ത്ഥര്‍ മലയാളി തന്നെ: ഫോമാ കണ്‍വന്‍ഷനില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ചിക്കാഗോ: യോഗയുടെ മഹത്വവും ഭാരത സംസ്കാരത്തിന്റെ ഔന്നത്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപദാനങ്ങളും എടുത്തുകാട്ടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ഉദ്ഘാടന പ്രസംഗം ഫോമ കണ്‍വന്‍ഷനില്‍ പുതുമയായി. ഇതേവരെ കോണ്‍ഗ്രസിന്റേയോ, ഇടതുപക്ഷത്തിന്റേയോ നേതാക്കള്‍ മാത്രം സംവദിച്ചിരുന്ന വേദിയിലാണ് ബി.ജെ.പി നേതാവ് തിളങ്ങുന്ന പ്രകടനവുമായി എത്തിയത്. സദസിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ തെളിവെന്നോണം ഒറ്റപ്പെട്ട കൈയ്യടികളാണ് ഉയര്‍ന്നത്.

മലയാളികളുടെ നേട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണു മന്ത്രി പ്രസംഗം തുടങ്ങിയത്. കേരളീയ വേഷത്തിലാണ് നിങ്ങള്‍ വരുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ താനും സ്യൂട്ട് ഒഴിവാക്കുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ഇതൊരു കേരളമായി തോന്നി. ലോകത്ത് എവിടെ പോയാലും ഏറ്റവും സമര്‍ത്ഥര്‍ മലയാളികളാണ്. യഹൂദന്മാരല്ല. പാര വെയ്ക്കാനും അവര്‍ തന്നെ മുന്നില്‍. ഏതു സാഹചര്യത്തില്‍ പോയും രക്ഷപെടാന്‍ കഴിവുള്ളത് മലയാളികള്‍ക്ക് മാത്രമാണ്.

ഇവിടെയിരിക്കുന്ന നിങ്ങള്‍ ഓരോരുത്തരെപ്പറ്റിയും ഒരു പുസ്തകം എഴുതാന്‍മാത്രം ജീവിതാനുഭവങ്ങളുണ്ടാകും. ഞങ്ങളെപ്പറ്റി എഴുതിയാല്‍ അത് ഒരു പാരഗ്രാഫില്‍ ഒതുങ്ങും.

വേദിയിലുള്ള മോന്‍സ് ജോസഫ് എം.എല്‍എ മന്ത്രി ആയിരിക്കുമ്പോള്‍ റോഡുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചു കാണിച്ചുതന്ന വ്യക്തിയാണ്. രാജു ഏബ്രഹാം എം.എല്‍.എയും താനും തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാരായിരുന്നു.

തിരക്കിനിടയിലും മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ വരാനും ഒത്തുചേരലിനുമുള്ള മനസ്സ് നിങ്ങള്‍ക്ക് ഉണ്ടായത് അഭിനന്ദനമര്‍ഹിക്കുന്നു. ലോകത്തിനു മലയാളികള്‍ ഒരുപാട് സന്തോഷം നല്‍കുന്നു.

ഇന്ന് (വ്യാഴം) അന്താരാഷ്ട്ര യോഗാ ദിനമാണ്. എന്താണ് യോഗ? ഞാനും നിങ്ങളും സര്‍വ്വ മനുഷ്യരും ഒന്നാണെന്നതാണ് യോഗയുടെ സന്ദേശം. സന്തോഷം എനിക്കു മാത്രം അവകാശപ്പെട്ടതല്ല. എല്ലാവരുടേയും സന്തോഷം എന്റെ സന്തോഷത്തിന്റെ ഭാഗമാണ്. സന്തോഷത്തെ വെട്ടിമുറിക്കാനാവില്ല. യോഗയുടെഈ സന്ദേശം നടപ്പിലായാല്‍ യുദ്ധവും പട്ടിണിയും ഒന്നുമുണ്ടാവില്ല. 153 രാജ്യങ്ങളില്‍ യോഗാദിനം ആചരിക്കുന്നു.

അതുപോലെ കേരളം നല്‍കിയ സംഭാവനയാണ് ആയുര്‍വേദം. അതിന്റെ അടിസ്ഥാന തത്വവും യോഗയുടേതുതന്നെ. ചികില്‍സ എന്നാല്‍ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയല്ല.

ഇന്ത്യയെ വില്‍ക്കാനാണ് താന്‍ വന്നിരിക്കുന്നത്. മുമ്പ് ചിലര്‍ വില്പന നടത്തിയപോലെയല്ല, ഇന്ത്യയെ ടൂറിസം രംഗത്ത് മാര്‍ക്കറ്റ് ചെയ്യാനുള്ള റോഡ് ഷോയുമായാണ് താന്‍ വന്നിരിക്കുന്നത്. ഇന്ത്യ പോലെ മറ്റൊരു രാജ്യമില്ല. 7500 മൈല്‍ കടല്‍തീരം, രാജസ്ഥാനിലെ വലിയ കോട്ടകള്‍, മരുഭൂമി, ഹിമാലയത്തിന്റെ 70 ശതമാനം ഇന്ത്യയിലാണ്. ടാജ്മഹല്‍, അതുപോലെ മനോഹരമായ സ്മാരകങ്ങള്‍.എല്ലാം ഉള്ളത് ഇവിടെ മാത്രമാണെന്നു വിദേശികള തന്നെ പറയുന്നു..

നമ്മുടെ 5000 വര്‍ഷത്തെ സംസ്കാരത്തിനു തുല്യമായി മറ്റൊന്നില്ല. ഇന്ത്യയില്‍ വന്നാല്‍ നിങ്ങള്‍ മറ്റൊരാളായി മാറി മടങ്ങിപ്പോകും (ട്രാന്‍സ്‌ഫോം) എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ ടൂറിസം വകുപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണം 20 ശതമാനം കൂടി. പക്ഷെ ഹര്‍ത്താലും മറ്റും പ്രഖ്യാപിച്ച് ടൂറിസ്റ്റുകളെ ദ്രോഹിക്കണോ എന്നാലോചിക്കണം. പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെ സമീപിച്ചപ്പോള്‍ തമാശ പറയുകയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എത്ര ഹര്‍ത്താലും സമരവും നടന്നു എന്നതിന്റെ കൃത്യം കണക്ക് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഇതില്‍നിന്നൊക്കെ നാം മാറണം.

റോഡ് ഷോയ്ക്കിടെ ഒരു അവധി പ്രധാനമന്ത്രി അനുവദിച്ചതുകൊണ്ടാണ് തനിക്ക് വരാനായത്. 19 വര്‍ഷമായി പ്രധാനമന്ത്രി ഒരു അവധി പോലും എടുത്തിട്ടില്ല. അതിനാല്‍ ഈസ്റ്ററിനു മാത്രമാണ് താന്‍ ഒരവധി എടുത്തത്. എപ്പോഴും യാത്ര. സഹികെട്ട് ഭാര്യ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ തന്നെ കിടന്നുകൊള്ളാന്‍. അങ്ങനെയും ചിലപ്പോള്‍ വേണ്ടി വന്നു

ആ മനുഷ്യന്‍ (പ്രധാനമന്ത്രി) രാജ്യത്ത് അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാരില്‍ സുതാര്യത തിരിച്ചുകൊണ്ടുവന്നു. നേരത്തെ സുതാര്യതയുടെ കാര്യത്തില്‍ 146ല്‍143ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. അധികാരമേറ്റ് മാസങ്ങള്‍ക്കകം നമ്മുടെ സര്‍ക്കാര്‍ ഡല്‍ ഹിയില്‍ നിന്നു അഴിമതി തുടച്ചുനീക്കി.

67 മില്യന്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ചു. ഇപ്പോള്‍ 70 ശതമാനം പേര്‍ക്ക് ടോയ്‌ലറ്റ് ഉണ്ട്. എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തി. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നു. ബാങ്കുകളില്‍ പാവങ്ങള്‍ക്കായി 300 മില്യന്‍ അക്കൗണ്ട് തുറന്നു. രണ്ടുലക്ഷത്തി അറുപതിനായിരം കോടി രൂപ പാവങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് നല്‍കി. 42 മില്യന്‍ കുക്കിംഗ് ഗ്യാസ് കണക്ഷന്‍ സൗജന്യമായി നല്‍കി. 80 മില്യന്‍ കൂടി നല്‍കും. 100 ശതമാനം പാവപ്പെട്ടവര്‍ക്കും ഹെല്ത്ത് ഇന്‍ഷ്വറന്‍സ്, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയുണ്ട്. 5 ലക്ഷം വരെ സൗജന്യ ചികിത്സ കിട്ടും.ഇതൊക്കെ ഇന്ത്യ്യിലേ ഉള്ളു.

പണ്ടൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റ് ലോക നേതാക്കളുടെഅടുത്തെത്തുമ്പോള്‍ മൂലയില്‍ പോയി ഇരിക്കുമായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഏതു സദസിലും മുഖ്യ ആകര്‍ഷണകേന്ദ്രമായി മാറുന്നത്. ഇന്ത്യയുടെ അഭിമാനമാണ് അദ്ദേഹം. നിങ്ങളുടെ പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നു മന്ത്രി പറഞ്ഞു.

സൊളസ് ചാരിറ്റീസ് സിലിക്കണ്‍ വാലി ചാപ്റ്റര്‍ കിക്കോഫ്

സണിവേല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ (സിലിക്കണ്‍ വാലി) ചാപ്റ്ററിന്റെ പ്രവര്‍ത്തനം, മെയ് 20ന് സണ്ണിവേല്‍ ബേ ലാന്‍ഡ്‌സ് പാര്‍ക്കില്‍ വച്ചു നടന്ന ലളിതമായ ഒരു കിക്കോഫ് ചടങ്ങില്‍ വച്ച് സാവിത്രി അന്തര്‍ജ്ജനം ഭദ്രദീപം കൊളുത്തി ഔപചാരികമായി നിര്‍വഹിച്ചു. ദീര്‍ഘകാല ചികിത്സ ആവശ്യമായ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ക്ഷേമത്തിന്നുവേണ്ടി, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസ് എന്ന സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് അമേരിക്കയില്‍ ഈയിടെ സ്ഥാപിക്കപ്പെട്ട, ഇന്റേണല് റവന്യൂ സര്‍വിസ് സെക്ഷന്‍ 501 (സി)(3) പബ്‌ളിക് ചാരിറ്റിയായി അംഗീകരിച്ചിട്ടുള്ള, സൊളസ് ചാരിറ്റീസിന്റെ പ്രധാന ലക്ഷ്യം. സുപ്രസിദ്ധ ജനക്ഷേമ പ്രവര്‍ത്തകയായ ശ്രീമതി ഷീബ അമീര്‍ സ്ഥാപിച്ച സൊളസിന്റെ പല ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദീര്‍ഘകാല പരിരക്ഷയും സഹായവും പാവപ്പെട്ട കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എത്തിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയെയും, ചാപ്റ്ററുകളുടെ പ്രവര്‍ത്തനരീതിയെയും, സിലിക്കണ്‍ വാലി ചാപ്റ്ററിന്റെ ഭാവിപരിപാടികളെയും പറ്റി സൊളസ് ചാരിറ്റീസിന്റെ ഭാരവാഹികളായ തോമസ് തേക്കാനത്ത്, ഡോ. അനില്‍ നീലകണ്ഠന്‍, ദീപു സുഗതന്‍, അഗ്‌നല്‍ കോക്കാട്ട്, സുപ്രിയ വിശ്വനാഥന്‍, റോയ് ജോസ് എന്നിവര്‍ സംസാരിച്ചു. അമ്പിളി ടി.പി., മസൂദ് വൈദ്യരകത്ത്, ജോജി മേക്കാട്ടുപറമ്പന്‍, ആന്റെണി അജന്‍, ഗോപകുമാര്‍ ജി., ശശി പുതിയവീട്, അനീഷ് പടിയറ, റോഷണ്‍ നമ്പിയാട്ടില്‍, മിലന്‍ പോള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടാസ്ക്ക് ഫോഴ്‌സ് ആണ് കിക്കോഫ് പരിപാടിക്ക് വിജയകരമായ നേതൃത്വം കൊടുത്തത്.

സിലിക്കണ്‍ വാലി ചാപ്റ്റര്‍ പ്രസിഡന്റ് റോയ് ജോസിന്റെ നേതൃത്വത്തില്‍ ഭാവി പരിപാടികളുടെ നടത്തിപ്പിനുവേണ്ടി ഒരു കോര്‍ ടീമും വോളണ്ടിയര്‍ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ നിന്ന് സൊളസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് റോയ് ജോസിനെ ബന്ധപ്പെടുക. royj@solacecharities.org ഫോണ്‍: 4089301536. സിലിക്കണ്‍ വാലി ചാപ്റ്ററിന്റെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നേരിട്ട് അംഗമാവുകയും ചെയ്യാം: https://www.facebook.com/groups/solacecharitiesca

അമേരിക്കയിലെവിടെയും പ്രാദേശിക തലത്തില്‍ സൊളസ് ചാരിറ്റിയുടെ ചാപ്റ്ററുകള്‍ സ്ഥാപിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇമെയില്‍ contact@solacecharities.org, ഫോണ്‍: തോമസ് തേക്കാനത്ത് (4084808227), പോള്‍ വര്‍ഗീസ് (2144058697). സൊളസ് ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അതിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്: http://www.solacecharities.org, https://www.facebook.com/solacecharities/

ജോയിച്ചന്‍ പുതുക്കുളം

ബിജു മാത്യുവിനു കൊപ്പെല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം

കൊപ്പെല്‍(ഡാളസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടി. മെയ് അഞ്ചിന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം വോട്ടു നേടാനായിരുന്നില്ല. ജൂണ്‍ 16 ശനിയാഴ്ച നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ജൂണിനെയാണ് ബിജു പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത വോട്ടുകളില്‍ 57% ബിജുവിന് ലഭിച്ചപ്പോള്‍ 43% വോട്ടുകളേ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേടാനായുള്ളൂ.കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു.

41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാര്‍മ്മികതയുടെ അര്‍പ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലര്‍ത്തുന്ന വ്യക്തിത്വത്തിനുടമയാണ്.

ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടിയ ബിജു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ ഷിജി ഫിസിഷ്യന്‍ അസിസ്റ്റന്റാണ്. മൂന്ന് ആണ്‍മക്കളും ഉണ്ട്. ബിജുവിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.

പി.പി. ചെറിയാന്‍

ഫിബാ സമ്മേളനം ഡാലസില്‍ ഓഗസ്റ്റ് 2 മുതല്‍ 5 വരെ

ഡാലസ്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സിറ്റികളില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ഫിബാ കോണ്‍ഫറന്‍സ് ഈ വര്‍ഷം ഓഗസ്റ്റ് 2 മുതല്‍ 5 വരെ ഡാലസില്‍ നടക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഹാംപ്റ്റന്‍ ഇന്നിലാണ് സമ്മേളനവേദി ഒരുങ്ങുന്നത്. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നോഹയുടെ കാലം പോലെ എന്ന വിഷയമാണ്. ജോര്‍ജ് ഡോസണ്‍, സാം ചെറിയാന്‍, സാമുവേല്‍ ബി തോമസ് മൈക്ക ടട്ടില്‍ തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമായ സുവിശേഷകരാണ് കോണ്‍ഫറന്‍സിന്റെ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കുന്നത്.

മത്തായിയുടെ സുവിശേഷം 2437 നെ ആസ്പദമാക്കി നാം വസിക്കുന്ന കാലഘട്ടം നോഹയുടെ കാലം പോലെയാണെന്നും ലോകാവസാനവും ക്രിസ്തുവിന്റെ രണ്ടാം വരവും സമാഗതമായെന്നും ആനുകാലിക സംഭവങ്ങള്‍ അടിസ്ഥാനമാക്കി സമ്മേളനത്തില്‍ വിശദീകരിക്കുവാന്‍ കഴിവുള്ള പ്രാസംഗികരെയാണ് സമ്മേളനത്തിനു ലഭിച്ചിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഏവരേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുന്നതിനാല്‍ പരസ്പരം പരിചയം പുതുക്കുന്നതിനും സ്‌നേഹ ബന്ധങ്ങള്‍ ഊഷ്മളമാകുന്നതിനും ഉള്ള അവസരം പ്രയോജന പ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റോജി വര്‍ഗീസ്, ജോര്‍ജ് കുര്യന്‍ എന്നിവരെ www.fibana.com മിലൂടെ ബന്ധപ്പെടാവുന്നതാണ്.

പി പി ചെറിയാന്‍

മകള്‍ക്കു മദ്യം നല്‍കിയ മാതാവിന് 20 വര്‍ഷം തടവ്

കെന്റക്കി: പതിനാലു വയസ്സുള്ള മകള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ വിസ്ക്കി നല്‍കിയ മാതാവിന് സര്‍ക്യൂട്ട് ജഡ്ജി ഡേവിഡ് ടാപ്പ് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. മാതാവ് മിറാന്‍ഡ ഗെയ്ല്‍ പൊളസ്റ്റന്‍ (35) സംഭവം നടക്കുമ്പോള്‍ നിരവധി കളവുകേസുകളില്‍ പ്രതിയായിരുന്നു. അഞ്ചു വര്‍ഷത്തെ നല്ല നടപ്പില്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു.

സോമര്‍സെറ്റ് പൊലീസ് കേസിന്റെ വിചാരണ സമയത്ത് ഇവര്‍ മകളെ മദ്യം കഴിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബോധം മറയുന്നതു വരെ മദ്യം കഴിപ്പിച്ചത് ഇനി മേലില്‍ മദ്യം കഴിക്കാന്‍ തോന്നരുതെന്നുള്ള സദുദ്ദേശ്യത്തോടെയായിരുന്നുവെന്നു മാതാവ് കോടതിയില്‍ മൊഴി നല്‍കി. മകള്‍ പല തവണ മതി എന്നു പറഞ്ഞിട്ടും മാതാവ് ഇവരെ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളും വിഡിയോയില്‍ ഉണ്ടായിരുന്നു.

കളവ് കേസ്സില്‍ പ്രൊബേഷനിലിരിക്കെ മദ്യം കൈവശം വയ്ക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന നിയമം ഇവര്‍ ലംഘിച്ചതായി പൊലീസ് അറിയിച്ചു. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കു മദ്യം നല്‍കി. സീരിയസ് ഇന്‍ജുറി വരുത്തിയതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നു.

മറ്റുള്ളവര്‍ക്ക് അപകടം വരുത്താന്‍ സാധ്യതയുള്ളതിനാല്‍ നല്ല നടപ്പു റദ്ദാക്കണമെന്നും ജയിലിലടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പി പി ചെറിയാന്‍