കേരളത്തിലെ പ്രളയ ദുരിദത്തിനു ഫിലാഡല്‍ഫിയ കോട്ടയം അസോസിയേഷന്റെ സാന്ത്വനസ്പര്‍ശം

ഫിലാഡല്‍ഫിയ: കേരളത്തിലുണ്ടായ മഹാപ്രളയ ദുരന്തത്തില്‍ വലയുന്ന ജനതയ്‌ക്കൊപ്പം നിലകൊണ്ടു അവരുടെ കഷ്ട നഷ്ടങ്ങളില്‍ തങ്ങളെക്കൊണ്ടാകും വിധത്തില്‍ സഹായിക്കുക എന്ന ഉദ്യമവുമായി ഫിലാഡല്‍ഫിയയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഓണം പരിപാടി കേരളത്തിലെ പ്രളയബാധിതര്‍ക്കുള്ള സാന്ത്വനസ്പര്‍ശമായി മാറി. കോട്ടയം അസോസിയേഷന്‍ പ്രസിഡണ്ട് ജോബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 26നു കൂടിയ യോഗം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയത്തില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം വന്നവരുടെ ഭവന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാലതാമസമെന്യെ നല്‍കുന്നതിനും തീരുമാനിച്ചു.

സണ്ണി കിഴക്കേമുറിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് ജോബി ജോര്‍ജ് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും തങ്ങളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജെയിംസ് അന്ത്രയോസ്, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, ട്രെഷറര്‍ ജോണ്‍ പി. വര്‍ക്കി, ജോയിന്റ് ട്രെഷറര്‍ കുര്യന്‍ രാജന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തില്‍, െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം പ്രസിഡണ്ട് ജോഷി കുര്യാക്കോസ് എന്നിവരും സന്നിഹിതരായ എല്ലാവരോടും നിര്‍ലോപം സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സാബു പാമ്പാടിയും അദ്ദേഹത്തിന്റെ പുത്രി ജോസ്ലിനും ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. പ്രോഗ്രാമില്‍ പങ്കെടുക്കുകയും ദുരിദാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുകയും ചെയ്ത എല്ലാ സുമനസുകള്‍ക്കു സെക്രട്ടറി ജോസഫ് മാണി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

പരിപാടിയില്‍ സന്നിഹിതരായിരുന്നവരില്‍ നിന്നും ലഭിച്ച തുകയും അസോസിയേഷനില്‍ നിന്നും ബാക്കി തുകയും ചേര്‍ത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അയ്യായിരം ഡോളര്‍ സമാഹരിച്ചു കേരളത്തില്‍ കോട്ടയം അസോസിയേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇട്ടിക്കുഞ്ഞു എബ്രഹാമിനു കൈമാറുവാന്‍ കഴിഞ്ഞതായി ചാരിറ്റി കോര്‍ഡിനേറ്റര്‍ അറിയിച്ചു.

പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് ചിക്കാഗോയില്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ

ഷിക്കാഗോ: ബ്ലസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ബ്ലസ് ചിക്കാഗോ കണ്‍വന്‍ഷന്‍ സെപറ്റംബര്‍ 21 മുതല്‍ 23 വരെ അഡിസണ്‍ ഓക്ക് സ്ട്രീറ്റിലുള്ള ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

സുവിശേഷ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വചന പണ്ഡിതനുമായ പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് വചന പ്രഘോഷണം നടത്തും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വാകിട്ട് 6.30ന് ഗാന ശുശ്രൂഷയോടെ യോഗങ്ങള്‍ ആരംഭിക്കും. ജാതി മത ഭേദമന്യേ എല്ലാവരേയും യോഗങ്ങളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.സെപ്റ്റംബര്‍ 22 ശനിയാഴ്ച ഇതേ ഹാളില്‍ വെച്ച് രാവിലെ 10 ന് പ്രത്യേക പ്രെയര്‍ സെമിനാര്‍ ഉണ്ടായിരുക്കും. ചിക്കാഗോയില്‍ നിന്നും ഗ്ലാഡ്‌സണ്‍ അബ്രഹാം അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ അബ്രഹാം 630 640 2807, വൈ. ജോസഫ് 847 371 1735, പുന്നൂസ് അബ്രഹാം 630 640 4786.

ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ പതിനാലാമത് ക്‌നാനായ കത്തോലിക്കാ ദേവാലയമായ ന്യൂജേഴ്‌സി െ്രെകസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം സെപ്റ്റംബര്‍ 16 ഞായറാഴ്ച നിര്‍വഹിച്ചു.

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപോലീത്താ, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ കൂദാശ കര്‍മ്മത്തിന് കാര്‍മ്മികത്വം വഹിച്ചു.

കൂദാശ കര്‍മ്മത്തിന് എത്തിചേര്‍ന്ന പിതാക്കന്മാരെ ഇടവക ജനങ്ങളും, വൈദീകരും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. 9.30ന് വെഞ്ചിരിപ്പിനു ശേഷം അഭിവന്ദ്യ മെത്രാന്മാരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ആദ്യ ദിവ്യബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപോലീത്തായാണ് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ഇതോടൊപ്പം മൂലേക്കാട്ട് പിതാവിന്റെ നാമഹേതുക തിരുനാളും ആഘോഷിച്ചു.

ക്‌നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ.തോമസ് മുളവനാല്‍, ചിക്കാഗോ രൂപതാ ചാന്‍സില്‍ ഫാ.ജോണി ക്കിട്ടു പുലിശേരില്‍, ഫെറോനാ വികാരി ഫാ.ജോസ് തറയ്ക്കല്‍, തുടങ്ങി മുപ്പതോളം വൈദികനും, സിസ്‌റ്റേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു. നൂറ്റി മുപ്പത്തിയഞ്ച് ഇടവകക്കാര്‍ ഉള്ള പള്ളിയുടെ വികാരി ഫാ.റെനി കട്ടേലാണ്.

കൂദാശ കര്‍മ്മത്തോടനുബന്ധിച്ചു പൊതു സമ്മേളനവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ന്യൂജേഴ്‌സിയില്‍ നിന്നും ഫാ.പോളി തെക്കന്‍ അറിയിച്ചതാണിത്.

പി.പി. ചെറിയാന്‍

കൊളംബസ് സിങ്‌സ് ഫോര്‍ കേരള

ഒഹായോ: നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ നമ്മുടെ ജന്മനാടായ കേരളത്തിലെ ജനങ്ങള്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം കുറച്ചുദിവസങ്ങളായി ദുരിതങ്ങള്‍ അനുഭവിച്ചുവരുന്നു. മൂന്നുറിലധികം പേര്‍ക്ക് ജീവനും ഒരുപാടു പേര്‍ക്ക് വീടും മറ്റു ജീവിതസാഹചര്യങ്ങളും നഷ്ടപ്പെട്ടു. നമുക്ക് ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടങ്ങള്‍ കേരളത്തില്‍ ഇതിനോടകം സംഭവിച്ചുകഴിഞ്ഞു.

ഈ ദുഖകരമായ അവസരത്തില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്ക് സാന്ത്വനമേകുവാന്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ കൊളംബസിന്റെ നേതൃത്വത്തില്‍ കൊളംബസ് പെന്തക്കോസ്തല്‍ അസംബ്ലി (സി.പി.എ), ഒ.എം.സി.സി, സെന്റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവര്‍ സംയുക്തമായി “കൊളംബസ് സിങ്‌സ് ഫോര്‍ കേരള’ എന്ന പേരില്‍ ഒരു ചാരിറ്റി മ്യൂസിക്കല്‍ ഇവന്റ് ഒരുക്കുന്നു.

സെപ്റ്റംബര്‍ 22-നു ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ 3 മണി വരെ സെന്റ് ജോസഫ് മോണ്ടിസോറി സ്കൂളിന്റെ റയണ്‍ ഹാളില്‍ വച്ചാണ് ഇവന്റ് നടത്തപ്പെടുക. സംഗീതപരിപാടിക്ക് പുറമെ രുചിയേറിയ നാടന്‍ ഭക്ഷണമേള, തംബോല, ഓക്ഷന്‍ എന്നിവയും ഇവന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയം മൂലം ഭവനം നഷ്ടപ്പെട്ട നിര്‍ധനരായ വ്യക്തികള്‍ക്ക് നല്‍കുന്നതാണ്.

പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിന് ഈ ദുരന്തത്തില്‍ നിന്നും കരകയറുവാന്‍ നമ്മുടെയെല്ലാം സഹായം ആവശ്യമാണ്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഇവന്റിന്റെ വിജയത്തിനായി പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Event Date: Saturday Sept.22
Time: 11 am to 3 pm
Palce: 893 Hamlet St. Colombus, OH 43201.

ജോയിച്ചന്‍ പുതുക്കുളം

ടൊറൊന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 9 വരെയുളള തീയതികളില്‍ ഭക്തിയാദരപൂര്‍വം കൊണ്ടാടി .

പ്രധാന തിരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ . ഫാ . പത്രോസ് ചമ്പക്കര പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച തിരുകര്‍മങ്ങള്‍ക്കും ,വചന ശുശ്രുഷക്കും റെവ. ഫാ . ഷിബിള്‍ പരിയാത്തുപടവില്‍ മുഖ്യ കാര്‍മികനായി .തിരുന്നാള്‍ കുര്‍ബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തില്‍ വിശ്വാസികള്‍ ഭക്തിയാദരപൂര്‍വം പങ്കെടുത്തു .നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നിലും ,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .

തിരുന്നാള്‍ പ്രസുദേന്തി മാത്യു & ആലീസ് കുടിയിരുപ്പില്‍ , കൈക്കാരന്മാരായ സാബു തറപ്പേല്‍ ,ബിജു കിഴക്കെപുറത്ത്, സെക്രട്ടറി സിനു മുളയാനിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തിരുനാള്‍ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഹിലരി ക്ലിന്റണും ഹെലന്‍ കെല്ലറും പാഠപുസ്തകത്തില്‍ നിന്നും ഔട്ട്!

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹിലരി ക്ലിന്റന്റേയും, ഹെലന്‍ കെല്ലറുടേയും ചരിത്രം നീക്കംചെയ്യുന്നതിനു ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ തീരുമാനിച്ചു. സോഷ്യല്‍ സ്റ്റഡീസ് കരിക്കുലത്തില്‍ നിന്നാണ് ഇവരെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനു സെപ്റ്റംബര്‍ 14-നു വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം വോട്ടിനിട്ട് പാസാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ബോര്‍ഡാണിത്.

വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയില്‍ ഇവരെക്കുറിച്ച് ചോദ്യങ്ങള്‍ ഇല്ലാത്തതും, പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് നീക്കം ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളരെ പ്രതീക്ഷകളുള്ള ഇവരുടെ ജീവിതം സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനോ, പ്രാവര്‍ത്തികമാക്കുന്നതിനോ കഴിയാത്തതും മറ്റൊരു കാരണമാണ്.

5.4 മില്യന്‍ ടെക്‌സസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം ബാധിക്കുക. ടെക്‌സസ് എസന്‍ഷ്യന്‍ നോളജ് ആന്‍ഡ് സ്കില്‍സ് വര്‍ക്ക് ഗ്രൂപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു ബാര്‍ബറ കാര്‍ഗില്‍ പറഞ്ഞു. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരിയേയും, ബാച്ചിലേഴ്‌സ് (ആര്‍ട്‌സ്) ഡിഗ്രി ആദ്യം നേടുന്ന അന്ധ- ബധിര വനിത ഹെലന്‍ കെല്ലറെക്കുറിച്ചും ടെക്‌സസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയമായി തെരഞ്ഞെടുത്തിരുന്നു. അന്തിമ തീരുമാനം നവംബറിലാണ്.

പി.പി. ചെറിയാന്‍

ഡാളസില്‍ പോലീസിനെതിരേ ശവമഞ്ചവും പേറി പ്രതിക്ഷേധം

ഡാളസ്: സെപ്റ്റംബര്‍ മാസം നോര്‍ത്ത് ടെക്‌സസ് പോലീസ് ഓഫീസര്‍മാരുടെ വെടിയേറ്റ് നിരായുധരരും, നിരപരാധികളുമായ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്തു.

ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകീട്ട് എ.ടി.& ടി സ്‌റ്റേഡിയത്തിനു പുറത്ത് രണ്ടു ശവമഞ്ചവും പേറി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറോളം പേര്‍ പ്രകടനത്തില്‍ മുദ്രാവാക്യങ്ങളും, പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്.

ആര്‍ലിംഗ്ടണില്‍ സെപ്റ്റംബര്‍ 1ന് പോലീസ് വെടിയേറ്റ് കൊലപ്പെട്ട ഓഷെ ഷെറിയുടെയും, സെപ്റ്റംബര്‍ 6ന് സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ റൂമില്‍ സ്ഥലം മാറി എത്തിയ വനിതാ പോലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബോത്തം ജീനിന്റെയും പ്രതീകമായിട്ടായിരുന്നു പ്രകടനക്കാര്‍ രണ്ടു ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചത്. ഡാളസ്സിലെ വിവിധ റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നുള്ള അംഗങ്ങളും, നേതാക്കന്മാരും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങള്‍ റോഡിനിരുവശവും, സ്‌റ്റേഡിയത്തിനു സമീപവും തടിച്ചു കൂടിയിരുന്നു.

ജോയ് ടാമ്പര്‍നാക്കിള്‍ സീനിയര്‍ പാസ്റ്റര്‍ റവ.മൈക്കിള്‍ വാട്ടേഴ്‌സ് ബോത്തും, ചര്‍ച്ചിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെ പ്രശംസിക്കുകയും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഡാളസ് പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പിലും, സിറ്റി ഹാളിനു മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

പി.പി. ചെറിയാന്‍

യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് സമ്മേളനം ഡാളസില്‍ സെപ്റ്റം. 29-ന്

ഡാളസ്സ്: ഡാളസ്സ് യൂണിയന്‍ ക്രിസ്ത്യന്‍ വുമന്‍സ് ഫെല്ലോഷിപ്പ് പത്താമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 ശനിയാഴ്ച അസംബ്ലീസ് ഓഫ് ഗോഡ് ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു.29 ശനി രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സിസ്റ്റര്‍ ശ്രീലേക (മാവേലിക്കര) മുഖ്യ പ്രഭാഷണം നടത്തും.

ഉച്ച കഴിഞ്ഞ് 2 മുതല്‍ 3 വരെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ എല്ലാ സ്ത്രീ ജനങ്ങളും വന്ന് പങ്കെടുക്കണമെന്ന് കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്, മോളി തോമസ്, മോനി ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സ്ഥലം: അസംബ്ലി ഓഫ് ഗോഡ് ഡാളസ്സ്, 2383 ഡണ്‍ലൊ അവന്യൂ, ഡാളസ്സ്, ടെക്‌സസ്75228കൂടുതല്‍ വിവരങ്ങള്‍ക്ക് കോഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്. (972 264 6808).

ടെക്‌സസിലെ നാല് സ്ത്രീകളെ കൊലപ്പെടുത്തിയ യു.എസ് ബോര്‍ഡര്‍ പെട്രോള്‍ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

വെമ്പ് കൗണ്ടി (ടെക്‌സസ്സ്): ടെക്‌സസ്സില്‍ നിന്നുള്ള 4 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍, യു എസ് ബോര്‍ഡര്‍ പെട്രോള്‍ സൂപ്പര്‍വൈസര്‍ വാന്‍ ഡേവിഡ് ഓര്‍ട്ടിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

2.5 മില്യണ്‍ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരുന്നതെന്ന് വെമ്പ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഇസി ഡ്രൊ അലനിസ് പറഞ്ഞു.സെപ്റ്റംബര്‍ 15 ശനിയാഴ്ച ലറിഡൊ ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ നിന്നാണ് ഇയ്യാളെ പിടി കൂടിയത്.

4 കൊലപാതകം, മാരകായുധം കൊണ്ട് മുറിവേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയ്യാള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.കൊല്ലപ്പെട്ട 4 സ്ത്രീകളും പ്രോസ്റ്റിട്യൂറ്റായി ജോലി ചെയ്തിരുന്നവരാണെന്നും, 4 പേരുടേയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൗത്ത് ടെക്‌സസ്സ് കൗണ്ടി ഉള്‍പ്രദേശങ്ങളിലുള്ള റോഡുകളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ക്റ്റ് അറ്റോര്‍ണി പറഞ്ഞു.

സെപ്റ്റംബര്‍ 4 മുതല്‍ 11 ദിവസത്തിനുള്ളിലാണ് നാല് കൊലപാതകങ്ങളും നടത്തിയത്. സെപ്റ്റംബര്‍ 14 ന് ഒരു സ്ത്രീയെ തട്ടിയെടുത്ത് ട്രക്കിലിട്ട് കൊണ്ട് പോകുന്നതിനിടയില്‍ മല്‍പിടുത്തം നടത്തി രക്ഷപ്പെട്ട എറിക്ക് പെന്ന എന്ന സ്ത്രീയാണ് വിവരം പോലീസ് നല്‍കിയതും അറസ്റ്റിനിടയിലാക്കിയതും ഫെഡറല്‍ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് കണ്ടോളന്‍സസ് അറിയിച്ചു.