ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ സ്ഥാനാർർത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി

ഹൂസ്റ്റൺ :- ഹൂസ്റ്റൺ സെ. ജോസഫ് പള്ളിയിൽ സെപ്റ്റംബർ 30 ഞായറാഴ്ച സംഘടിപ്പിച്ച ഇന്ത്യൻ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥികളുടെ മീറ്റ് ആന്റ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി.. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ നിന്നു യു.എസ്. കോൺഗ്രസിലേക്ക് മത്സരിക്കുന്ന ശ്രീ പ്രസ്റ്റൺ കുൽക്കർണി, ഫോർട്ട്ബെൻഡു് കൗണ്ടി ജഡ്ജി സ്ഥാനാർത്ഥിയും മലയാളിയുമായ കെ.പി.ജോർജ്, കൗണ്ടി കോർട്ട് അറ്റ് ലോ 3 ലേക്ക് മത്സരിക്കുന്ന മലയാളി ജൂലി മാത്യു എന്നിവർക്ക് ആവേശോജ്ജലമായ സ്വീകരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്.ഹൂസ്റ്റണിൽ നിന്നും വിവിധ സ്ഥാനങ്ങളിലേക്കു മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കോർഡിനേറ്റര്മാരായ ബാബു തെക്കേക്കരയും പത്മശ്രീനിവാസന്റെയും അഭ്യര്ത്ഥിച്ചു . .ഓരോ സ്ഥാനാർത്ഥിയും അവരവരുടെ തിരഞ്ഞെടുപ്പ് അജണ്ട യോഗത്തിൽ വിശദീകരിച്ചു. വോട്ടർമാരുടെ സംശങ്ങൾക്കു ഉചിതമായ മറുപടി നൽകി സ്വന്തം ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണക്ക് സ്ഥാനാർത്ഥികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി. യോഗത്തിൽ വോട്ടർ രജിസ്ടേഷനിൽ പുതിയതായി 40 ലേറെ പേർ വോട്ട് രജിസ്റ്റർ ചെയ്തു.ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ അനുവാദം നൽകിയ ഹൂസ്റ്റൺ സെ. ജോസഫ് പള്ളി വികാരി ഫാ.കുര്യനും പള്ളികമ്മിറ്റിക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ബാബു തെക്കേക്കരയുടേയും പത്മശ്രീനിവാസന്റെയും നേതൃത്വത്തിലാണ് വോട്ടർ രജിസ്റ്ററേഷനും മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാമും നടന്നത്.

പി.പി.ചെറിയാൻ

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഒക്ടോബര് 20-ന്

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒക്ടോബര് 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ റിച്ചാർഡ്സനിലാണു വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.Address (701 N Central Expressway . suite 5 ,Richardson , Dallas 75080 )

2018 ഒക്ടോബര് 20 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 4 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ 972 790 1498, 972 234 4268.

പി.പി. ചെറിയാന്‍

ഏഴാമത് എഫ്‌സിസി ടെക്‌സാസ് സോക്കർ ടൂര്‍ണമെന്റ് ശനിയാഴ്ച; ലേണൽ തോമസ് പങ്കെടുക്കും

ഡാലസ്: ടെക്‌സാസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 13 , 14 തീയതികളിൽ ഡാലസില്‍ നടക്കും. എഫ്സിസി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു മുൻ സന്തോഷ്‌ ട്രോഫി ടീമംഗവും എസ്ബിറ്റി ക്യാപറ്റനുമായിരുന്ന കേരള താരം ലേണൽ തോമസ് അതിഥിയായെത്തി കളിക്കാർക്ക് പരിശീലനം നൽകി വരുന്നതിനൊപ്പം ടൂർണമെന്റിൽ പങ്കെടുക്കും.

ഡാളസ് ജൂവിഷ് കമ്മ്യൂണിറ്റ് സെന്റർ സോക്കർ ഫീൽഡിലാണ് (7900 Northaven Rd, Dallas, TX 75230) മത്സരങ്ങൾ.ശനിയാഴ്ച ലീഗ് റൌണ്ട് മത്സരങ്ങളും ഞായാറാഴ്ച ക്വർട്ടർ , സെമി, ഫൈനൽ മത്സരങ്ങളും നടക്കും.

ഡാലസ്‌ഫോര്‍ട്ട് വര്‍ത്തിലെ ഫുട്ബോൾ പ്രേമികൾ കരോള്‍ട്ടന്‍ കേന്ദ്രമാകി 2010-ല്‍ ആരംഭിച്ച ക്ലബാണ് എഫ്‌സി കരോള്‍ട്ടന്‍. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), വിനു ചാക്കോ , മഞ്ചേഷ് ചാക്കോ, വർഗീസ് തോമസ് (ജോസ്), ഡിമ്പു ജോൺ, ജിബി ജോൺ, ജോബിൻ ഡാനിയേൽ (ടൂർണമെന്റ് കോർഡിനേറ്റർഴ്സ് ), മാത്യു മാത്യൂസ് (സാബു), മനോജ് പൗലോസ്, ലിനോയ് ജോയ്, മണി നായർ (ടീം കോച്ചസ്) എന്നിവര്‍ ടൂർണമെന്റിന് നേതൃത്വം നല്‍കുന്നു.

വിവിധ നഗരങ്ങളിൽ നിന്നുള്ള ഒൻപതു മലയാളി ക്ളബുകൾ ടൂർണമെന്റിൽ പങ്കെടുക്കും. എൽ സൂനിയോ ലേക്ക് ഹൗസ് (ആദർശ് ഫിലിപ് ,ഷിനു പുന്നൂസ്), എക്സ്പ്രസ് ഫാർമസി കരോൾട്ടൻ എന്നിവർ ടൂർണമെന്റ് ഗ്രാന്റ് സ്പോൺസേഴ്‌സും , വിനു ചാക്കോ (ബീം റിയൽറ്റി ) ഗോൾഡ് സ്പോൺസറും ആണ്. കായികപ്രേമികളേവരെയും മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

മാസ്ക് അപ്‌സ്റ്റേറ്റ് പിക്‌നിക്ക് ഒക്‌ടോബര്‍ 14-ന്

സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് പിക്‌നിക്ക് ഒക്‌ടോബര്‍ 14-നു ഗ്രീയറിലുള്ള (ഗ്രീന്‍വില്‍) ഈസ്റ്റ് റിവര്‍സൈഡ് പാര്‍ക്കില്‍ നടത്തുവാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കളികള്‍ക്കൊപ്പം കേരളത്തനിമയില്‍ കപ്പയും മീന്‍ കറിയും ഉള്‍പ്പടെയുള്ള ഭക്ഷണമാണ് പിക്‌നിക്കിനായി ഒരുക്കുന്നത്. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിനു ഡെയ്‌സി തോമസ്, ജെഥാ ജെ. മാത്യു, സുമന്‍ വര്‍ഗീസ്, ജില്‍ഷാ ദില്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നു പ്രസിഡന്റ് സേതു നായര്‍ അറിയിച്ചു.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുവാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴര ലക്ഷം രൂപ സമാഹരിച്ച് അയയ്ക്കുവാന്‍ സഹായിച്ച എല്ലാ അംഗങ്ങളോടും പ്രസിഡന്റ് സേതു നായര്‍ നന്ദിയും കടപ്പാടും അറിയിച്ചു.

ഈവര്‍ഷത്തെ അസോസിയേഷന്റെ അംഗത്വ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ട്രഷറര്‍ ബാബു തോമസിനോടും പ്രസിഡന്റ് അഭിനന്ദനം അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

നവകേരളം – മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ആഹ്വാനം സാര്‍ത്ഥകമാക്കാൻ നോർക്ക റൂട്സ്

ചികിത്സയ്ക്കായി അമേരിക്കലെത്തിയ മുഖ്യമന്ത്രി പ്രളയം തകര്‍ത്തടിച്ച കേരളത്തിനുവേണ്ടി അമേരിക്കന്‍ മലയാളിയുടെ സഹായഹസ്തവും മനസ്സും ചോദിച്ചു മടങ്ങുമ്പോള്‍ ആ ആഹ്വാനം മുഖവിലയ്‌ക്കെടുത്ത് അമേരിക്കൻ മലയാളികൾ കേരളത്തിനുവേണ്ടി രംഗത്തിറങ്ങിയതായി നോർക്ക റൂട്സ് ഡയറക്ടർ ഡോ:അനിരുദ്ധൻ അറിയിച്ചു.അതിനായി നോർക്ക റൂട്സ് അമേരിക്കൻ മലയാളി പ്രമുഖ വ്യക്തിത്വങ്ങളെയും ,വ്യവസായികളെയും ഉൾപ്പെടുത്തി നവകേരളത്തിനായി വിപുലമായ ഒരു കമ്മിറ്റിക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല്പതിനായിരംകോടി രൂപയുടെ നാശനഷ്ടമാണ് കേരളാ ഗവണ്മെന്റ് ഇപ്പോൾ കണക്കാക്കയുന്നത് . കേരളത്തിനു പഴയപ്രൗഢിയിലെത്താന്‍ വലിയ സഹായങ്ങൾ ലഭിക്കേണ്ടതുണ്ട് .ഈ സാഹചര്യത്തിലാണ് കേരളാ ഗവണ്മെന്റ് നവകേരളനിര്‍മ്മാണത്തിനായി യത്‌നിക്കുത്. കേരളജനതയ്‌ക്കൊപ്പം ഒപ്പംകൂടാന്‍ ആരെല്ലാമുണ്ട്.അവരെ കണ്ടെത്തി നവകേരളത്തിനൊപ്പം നിർത്തുക എന്ന ശ്രമകരമായ ദൗത്യവുമായാണ് നോർക്ക റൂട്സ് മുന്നോട്ടു വരുന്നത് .അതിനായി ചില നൂതന പദ്ധതികളും നോർക്ക റൂട്സ് മുന്നോട്ടു വയ്ക്കുന്നു .

കേരളത്തിന്റെ വികസനത്തിനായി ചില മേഖലകളെ ശക്തമാക്കുന്നതിനായി അമേരിക്കൻ മലയാളികൾ ,മറ്റ് പ്രൊഫഷണലുകളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ രംഗം ,ഐ ടി മേഖല,റോബർട്ടിക് എഞ്ചിനീയറിംഗ്‌ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,ടൂറിസം,ഫാർമസ്യുട്ടിക്കൽ ആൻഡ് ഡ്രാഗ് മാനുഫാക്ച്ചറിങ് ,ന്യൂട്രീഷൻ -ഹെൽത്‌ ആൻഡ് എനർജി ഡ്രിങ്ക്സ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണ മേഖല ,തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നല്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള എഞ്ചിനീയറിങ് കോളേജുകൾ ആയ എം ഐ ടി ,എൻ ജി ഐ ടി വെർജീനിയ ടെക്,ന്യൂയോർക് പോളിടെക്നിക് എന്നിവയുടെ സഹായത്തോടു കൂടി കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകൾ ,ആശുപത്രികൾ ,മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹബ്ബുകൾ തുറക്കുകയും അതുവഴി കേരളത്തിന്റെ യുവ സമൂഹത്തിനെ നവ കേരളം സൃഷ്ടിക്കായി നോർക്ക റൂട്സ് തയ്യാറാക്കുകയും ചെയ്യുന്ന വിശാലമായ ഒരു പദ്ധതിയാണിത്.ഈ പദ്ധതി അമേരിക്കയിൽ കോ -ഓർഡിനേറ്റ് ചെയ്യുന്നതിന് ട്രൈ സ്റ്റേറ്റ് ഇന്ത്യൻ അമേരിക്കൻ മലയാളീ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജോൺ ഐസക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

ഏതാണ്ട് ഏഴു ലക്ഷത്തോളം മലയാളികള്‍ ഉണ്ട് ഇന്ന് അമേരിക്കയില്‍. ആ വലിയസമൂഹത്തെയാണ് കേരളം പുനഃസൃഷ്ടിക്കാന്‍ കൂടെകൂടാന്‍ മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത് .പ്രവാസി മലയാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹായഹസ്തമാണ് നോര്‍ക്കയും റൂട്‌സും. തകര്‍ന്നടിഞ്ഞ കേരളത്തിന്റെ നവനിര്‍മ്മാണത്തിന് അമേരിക്കന്‍മലയാളികളുടെ ഇടയില്‍നിന്നും ധനസഹായസമാഹരണം നടത്തുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും വേണ്ടിയാണ് ഒരു കോ ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുന്നത്.പ്രവാസികളുടെ കാര്യങ്ങളില്‍ സജ്ജീവമായ ഇടപ്പെടല്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനമാണ് ഈ രണ്ടു വകുപ്പുകള്‍.
കേരളനവനിര്‍മ്മാണം ഒരുനിശ്ചിതസമയത്തിനുള്ളില്‍ പരിപൂര്‍ണമാകുന്ന പ്രയത്‌നമല്ല. ഓരോമേഖലയിലും ചെന്ന് മനസ്സുള്ളവര്‍ക്ക് പദ്ധിതികള്‍ ഏറ്റെടുത്തു നടത്താം.

പണം സ്വയംമുടക്കി തങ്ങളുടെ സമ്പാദ്യത്തിലൊരുപങ്ക് നാടിന്റെ പുരോഗതിക്ക് വിനിയോഗിച്ച് സംതൃപ്തരാകാം.അതിനു നോർക്ക റൂട്സ് നിങ്ങളെ സഹായിക്കും.നവകേരളനിര്‍മ്മാണദൗത്യം നമ്മുടെ ജീവല്‍പ്രശ്‌നമാണ്. ‘നില്ക്കാനുള്ള ഒരിടം’ കാത്തുസൂക്ഷിക്കാനുള്ള സദ്ധപ്രവര്‍ത്തനമാണ് ഇത്. അതില്‍ നമ്മളും നമുക്കറിയാവുന്നവരെയും സ്വാധീനിക്കാന്‍ ആകുന്നവരെ ഉള്‍പ്പെടുത്തുവാന്‍ പരിശ്രമിക്കണം.അതിനു നോർക്ക റൂട്സ് പുതിയതായി രൂപീകരിക്കുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്യുമെന്ന് നോർക്ക റൂട്സ് ഡയറക്റ്റർ ഡോ.എം അനിരുദ്ധൻ അറിയിച്ചു .

ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് , പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ തുടങ്ങിയവരുടെ അമേരിക്കൻ സന്ദർശനത്തോടെ നോർക്ക കേരളത്തിനായി തയാറാക്കുന്ന പദ്ധതിക്ക് തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു .
മന്ത്രിമാരുടെ അമേരിക്കൻ സന്ദർശന സമയവും സ്ഥലവും ചുവടെ ചേർക്കുന്നു .

Dr. T.M. Thomas Issac (Finance Minister)
Oct 18 – Washington DC
Oct 19 – Philadelphia
Oct 20 – Chicago NEW YORK
Oct 21 – New York CHICAGO
Oct 22 – Boston/Connecticut

Shri G. Sudhakaran (Public Works Minister)
Oct 17 – Miami/Fort Lauderdale
Oct 18 – Tampa
Oct 19 – LUNCH time at Nashville
Oct 19 – EVENING at Houston
Oct 20 – Dallas
Oct 21 – San Francisco
Oct 22 – Los Angeles
Oct 23 – Seattle, Washington

കൂടുതൽ വിവരങ്ങൾക്ക്
ജോൺ ഐസക്
(കോ ഓർഡിനേറ്റർ )
എ.പി ഹരിദാസ് ഡാളസ് (ട്രഷറർ )
972-835-9810

അനിൽ പെണ്ണുക്കര

പ്രസിഡന്‍ഷ്യല്‍ വോളന്റീയര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിനുള്ള അംഗീകാരം ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സിന്: പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി

അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതികളില്‍ ഒന്നായ പ്രെസിഡെന്‍ഷ്യല്‍ വോളന്റീര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിന് അധികാരമുള്ള സെര്‍ട്ടിഫയിങ് സംഘടനകളില് ഒന്നാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ന്യൂജേഴ്‌സി പ്രൊവിന്‍സിനു കഴിഞ്ഞു എന്നുള്ളതില്‍ അതിയായ സന്തോഷം ഉണ്ടെന്നു ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളില്‍ പറഞ്ഞു .പ്രസിഡന്റ് പദവി ഏറ്റെടുത്തപ്പോള്‍ പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങളില്‍ മുന്ഗണന കൊടുത്തിരുന്നതും ഇത്തരം സാമൂഹികപ്രസക്തിയുള്ള വിഷയങ്ങക്കായിരുന്നു .അമേരിക്കന്‍ സമൂഹത്തില്‍ സന്നദ്ധപ്രവര്‍ത്തങ്ങള്‍ നടത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ദിഷ്ട സമയം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡബ്ല്യു.എം.സി ന്യൂ ജേഴ്‌സി പ്രൊവിന്‍സ് വഴി പ്വസ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്യാം .ഇത് സ്കൂള്‍ കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തി വികാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സഹായകം ആകുകയും ചെയ്യും .ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പുതിയ തലമുറയെ അമേരിക്കന്‍ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തന്നതോടൊപ്പം മലയാളീ സമൂഹോത്തോടും ഉള്ള പ്രതിബദ്ധത വര്‍ധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി പിന്റോ കണ്ണമ്പള്ളി കൂട്ടിച്ചേര്‍ത്തു .

എന്താണ് പ്രെസിഡെന്‍ഷ്യല്‍ വോളന്റീര്‍ സര്‍വീസ് അവാര്‍ഡ് ?

അമേരിക്കന്‍ പൗരനോ നിയമപരമായി അമേരിക്കയില്‍ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവില്‍ അവരവരുടെ പ്രായപരിധിയില്‍ നിര്ണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന അവാര്‍ഡാണ് ജഢടഅ

ഡബ്ല്യു.എം.സി ന്യൂ ജേഴ്‌സി പ്രൊവിന്‍സിന്റെ പങ്ക്

ഇത്തരത്തില്‍ 12 മാസം സന്നദ്ധപ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന വ്യക്തിക്ക് ജഢടഅ അവാര്‍ഡ് നല്കാന്‍ ഉള്ള അംഗീകാരം ലഭിച്ചു.വോളന്റീര്‍മാര്‍ ഇത്രത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ .

വോളന്റീര്‍മാര്‍ക്കു എന്താണ് ലഭിക്കുക ?

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നല്കുന്ന സംതൃപ്തിയോടൊപ്പം അമേരിക്കന്‍ പ്രസിഡന്റിന്റെ കൈയൊപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റും , മെഡല്‍ അല്ലെങ്കില്‍ കോയിന്‍ ,ഔദ്യോഗികമായാ പിന്നും അമേരിക്കന്‍ പ്രേസിടെന്റില്‍ നിന്നും അംഗീകാരവും പ്രശംസ പത്രവും ലഭിക്കും .

ആര്‍ക്കൊക്കെ പങ്കെടുക്കാം ?

5 വയസ്സുള്ള കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം .അവാര്‍ഡുകള്‍ ബ്രോണ്‍സ് , സില്‍വര്‍ , ഗോള്‍ഡ് എന്ന് തരം തിരിച്ചിട്ടുണ്ട്.ഓരോ വ്യക്തിയും സര്‍വീസ് ചെയ്യുന്ന മണിക്കൂറുകള്‍ അടിസ്ഥാന പെടുത്തിയാണ് അവാര്‍ഡിന്റെ ഗണം തീരുമാനിക്കുന്നത്.

PVSA പ്രോഗ്രാമില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ജഢടഅ വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം താഴെ പറയുന്ന ണങഇ ഭാരവാഹികളുമായി ഇമെയിലില്‍ ബന്ധപെടുക. പിന്റോ കണ്ണമ്പള്ളില്‍, വിദ്യ കിഷോര്‍, ബിനോയി മാത്യു.
Email Id : wmcnj1995@gmail.com

ജോയിച്ചന്‍ പുതുക്കുളം

മാര്‍ക്ക് കുടുംബ സംഗമം ഒക്‌ടോബര്‍ 27-ന്

ചിക്കാഗോ: റെസ്പിരേറ്ററി കെയര്‍ വാരാഘോഷത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ റെസ്പിരേറ്ററി കെയര്‍ (മാര്‍ക്ക്) സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഒക്‌ടോബര്‍ 27-ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡസ്‌പ്ലെയിന്‍സിലെ 1800 ഈസ്റ്റ് ഓക്ടണ്‍ സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ക്‌നാനായ സെന്ററാണ് കുടുംബ സംഗമത്തിന് വേദിയാകുന്നത്. സായാഹ്നം കൃത്യം 5.30-നു സോഷ്യല്‍ അവറോടുകൂടി ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി 10 മണി വരെ തുടരുന്നതാണ്. എട്ടാം ഡിസ്ട്രിക്ടില്‍ നിന്നു ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ റാം വില്ലിവാളും കുടുംബസംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വൈവിധ്യമേറിയ കലാപരിപാടികളാണ് കുടുംബ സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. കലാപരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ജോര്‍ജ് ഒറ്റപ്ലാക്കല്‍, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ഷൈനി ഹരിദാസ്, സോണിയാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. കുടുംബ സംഗമത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ് സ്കറിയാക്കുട്ടി തോമസ്, ഫിലിപ്പ് സ്റ്റീഫന്‍ എന്നിവരാണ്.

ഈവര്‍ഷത്തെ കുടുംബ സംഗമത്തിന്റെ സവിശേഷത, റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്‍ വകുപ്പില്‍ മേധാവി, മാനേജര്‍, സുപ്പര്‍വൈസര്‍, എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കോര്‍ഡിനേറ്റേഴ്‌സ് എന്നീ പദവികള്‍ അലങ്കരിക്കുന്ന മലയാളികളെ ആദരിക്കുന്ന ചടങ്ങാണ്. റെജിമോന്‍ ജേക്കബ് ആദരിക്കല്‍ ചടങ്ങിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ പുതുതായി പ്രവേശിച്ച മലയാളികളെ കുടുംബ സംഗമത്തില്‍ പരിചയപ്പെടുത്തുകയും ചെയ്യും. ജോ. സെക്രട്ടറി അനീഷ് ചാക്കോ, സനീഷ് ജോര്‍ജ്, ഗീതു ജേക്കബ് എന്നിവര്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന ഈ പ്രോഗ്രാമിനു നേതൃത്വം നല്‍കും.

ഈവര്‍ഷത്തെ കുടുംബ സംഗമത്തിന്റെ പ്രഥമ സ്‌പോണ്‍സറായി മുന്നോട്ടുവന്നിട്ടുള്ളത് സ്ഥാപക നേതാവ് കൂടിയായ റെന്‍ജി വര്‍ഗീസ് ആണ്. സ്‌പോണ്‍സര്‍ ചെയ്ത് സഹായിക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ മാര്‍ക്ക് ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി എന്നിവരുമായി ബന്ധപ്പെടുക. രെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലൂടെ ആധുനിക വൈദ്യചികിത്സയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതിലുള്ള നമ്മുടെ അഭിമാനം പ്രകടിപ്പിക്കുവാനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു സായാഹ്‌നം ആനന്ദകരമായൊരു അനുഭൂതിയാക്കുവാനും മാര്‍ക്ക് കുടുംബ സംഗമം അവസരമാകും. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഏവരേയും ഈ ആഘോഷ പരിപാടിയിലേക്ക് മാര്‍ക്ക് പ്രസിഡന്റ് യോശുദാസന്‍ ജോര്‍ജ് സ്വാഗതം ചെയ്തു. റോയി ചേലമലയില്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

ശബരിമല: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം- മഹിമ

ന്യൂയോര്‍ക്ക്: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്ന മലയാളി ഹിന്ദു മണ്ഡലം ( മഹിമ ) . ഇത് സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നു മഹിമ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ് ആരാധനാ ക്രമങ്ങള്‍ നടത്തേതെന്ന് ഭരണഘടനയില്‍ പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നല്‍കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്നല്ല. വിശ്വാസ സമൂഹത്തെ തീരെ അവഗണിച്ചു അവരുടെ മനസിനെ വ്രണപ്പെടുത്തുന്ന രീതിയിലും ഈ വിഷയം കൈകാര്യം ചെയ്യുന്നത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കാനേ ഉതകു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി യുവതികള്‍ക്ക്്് നിയന്ത്രണങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. വിശ്വാസികളായ യുവതികളാരും ശബരിമലയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തെയോ , ക്ഷേത്ര വിശ്വാസത്തെയോ മാനിക്കാത്തത്ത ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ പ്രചരണം നടത്തുകയുമാണ്. പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവര്‍, തങ്ങള്‍ തെറ്റിധരിക്കപ്പെട്ടു എന്നു പറഞ്ഞ് ക്ഷമാപണം നടത്തിയത് ശ്രദ്ധേയമാണ്. ഇവരെ തെറ്റിധരിപ്പിച്ചത് ആരെന്നറിയണം.

അമ്മമാരും സഹോദരിമാരും ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി നടത്തുന്ന നമ ജപ യാത്രകള്‍ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്്. ഇത് കണ്ടില്ലന്ന് നടിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാവില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയാതെ ബദല്‍ മാര്‍ഗ്ഗം തേടിയ സംഭവങ്ങള്‍ നിരവധിയുണ്ട്്്. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്നതിനു പകരം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടത്.

ഇന്ന് കാണുന്ന പലാചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിര്‍മ്മിതമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എന്നും തയ്യാറായിട്ടുള്ള സമൂഹമാണ് ഹൈന്ദവ സമൂഹം. സമൂഹത്തിനുള്ളില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ബന്ധപ്പെട്ടവര്‍ തീരുമാനം എടുക്കുകയുമായിരുന്നു. നിയമമോ കോടതിയോ പറഞ്ഞിട്ടല്ല വിശ്വാസപരമായ വിഷയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. അത് തുടരാനുള്ള ആന്തരികബലം ഇന്നും ഹൈന്ദവ സമൂഹത്തിനുണ്ട്.

ക്ഷേത്രങ്ങള്‍ പൊതു സ്വത്താണെന്ന നിലപാട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ആരാധനയ്ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ അടക്കി നിര്‍ത്താന്‍ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. ക്ഷേത്രം പൊതു സ്വത്തല്ലെന്നും അത് ഹൈന്ദവ വിശ്വാസികളുടേതു മാത്രമാണെന്നും മഹിമ ഭാരവാഹികളായ രഘു നായര്‍ (പ്രസിഡന്റ് ) സുരേഷ് ഷണ്‍മുഖം ( സെക്രട്ടറി ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

.വിവാദത്തിനു പിന്നില്‍ ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയും ഹിന്ദു സമൂഹത്തെ അവഹേളിക്കലുമാണ് ലക്ഷ്യമെന്നു കരുതായാല്‍ തെറ്റു പറയാനാവില്ല. തീര്‍ത്ഥാടനകാലത്ത്് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് യാഥൃശ്ചികമെന്നു കരുതാനുമാവില്ല. ശബരിമല വിഷയം പോലെ തന്നെ ഹിന്ദുവിന്റെ ഓരോ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു വാര്‍ത്തകളില്‍ നിലനിറുത്തി ഹൈന്ദവ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ വിവിധ കോണുകളില്‍ നിന്നും കാലങ്ങളായി നടക്കുന്ന സംഘടിത ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ടെന്നും മഹിമ ഭാരവാഹികള്‍ അറിയിച്ചു.

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവകയിലെ മെന്‍സ് മിനിസ്ട്രിയുടെ വിസ്‌കോ ദര്‍ശന്‍ വിനോദയാത്ര ഉല്ലാസപ്രദമായി

ചിക്കാഗോ: വിസ്‌കോണ്‍സിന്‍ സ്‌റ്റേറ്റിലെ ഡെവിള്‍സ് ലേയ്ക്കിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഒക്ടോബര്‍ 6 ശനിയാഴ്ച രാവിലെ 7.30 ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാലിന്റെ കാര്‍മികത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പുറപ്പെട്ട “വിസ്‌കോ ദര്‍ശന്‍” വിനോദയാത്രയില്‍ 43 പേര്‍ പങ്കെടുത്തു. ആഡംബര വാഹനത്തില്‍ നടത്തിയ വിനോദയാത്ര കളിചിരി തമാശകള്‍ കൊണ്ട് ആനന്ദവും ആഹ്ലാദപ്രദവുമാക്കി. ഉച്ചഭക്ഷണത്തിനായി യാത്രാസംഘം പ്രശസ്തമായ ഡെവിള്‍സ് നദീതടകതീരത്ത് ഒരുമിക്കുകയും ഗൃഹാതുരസ്മരണകള്‍ വിളിച്ചോതുന്നവിധത്തില്‍ പൊതിച്ചോറ് ക്രമീകരിച്ചത് ആസ്വദിക്കുകയും ചെയ്യതു. തുടര്‍ന്നു പ്രകൃതിരമണീയമായ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടുള്ള നദീതീര നടയാത്ര, കല്ലിടുക്കുകള്‍ നിറഞ്ഞ ഉയര്‍ന്ന മലമുകളിലേക്കുള്ള സാഹസികയാത്ര തുടങ്ങിയ വിനോദങ്ങളില്‍ പങ്കെടുത്തുകൊണ്ട് സമയം ചിലവഴിച്ചു.

ഭാവിയില്‍ ഉചിതമായ അവസരങ്ങളില്‍ ഇനിയും ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കണമെന്ന് യാത്രയില്‍ പങ്കെടുത്തവര്‍ സംഘാടകരോട് ആവശ്യപ്പെടുകയും അതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കുമെന്നവര്‍ ഉറപ്പുനല്‍കുകയും ചെയ്തു. ടിറ്റോ കണ്ടാരപ്പള്ളില്‍, പോള്‍സണ്‍ കുളങ്ങര, സിബി കൈതക്ക തൊട്ടിയില്‍, ജോണ്‍ പാട്ടപൊതിയില്‍, സാബു നടുവീട്ടില്‍ എന്നിവര്‍ ‘വിസ്‌കോദര്‍ശന്‍’വിനോദ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

വിശുദ്ധ കന്തീശങ്ങളുടെ തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗര്‍വ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു. ഒക്ടോബര്‍ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയോടെയാണ് തിരുനാള്‍ആഘോഷവും അതിനോടനുബന്ധിച്ച് ഇരട്ട സംഗമവും സംഘടിപ്പിച്ചത്.

ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ വിശുദ്ധ ബലിയിലും തുടര്‍ന്ന് നടന്ന തിരുകര്‍മ്മങ്ങളിലും മുഖ്യകാര്‍മികനായിരുന്നു. ഇടവക ദേവാലയത്തിലെ ഇരുപത്തിയൊന്ന് ഇരട്ട സഹോദരങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു . രാവിലെ 9.45ന് ആരംഭിച്ച പ്രൊസഷനില്‍ വര്‍ണപ്പകിട്ടാര്‍ന്ന ഒരെ ജോഡി വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരുനിരയായി അണിനിരന്ന ഇരട്ട സഹോദരങ്ങള്‍ കാഴ്ച വസ്തുക്കള്‍ അടങ്ങിയ താലവുമേന്തി ബലിപീഠത്തിനരികെയെത്തി കാഴ്ചവസ്തുക്കള്‍ സമര്‍പ്പിച്ചു.

പുതുമയാര്‍ന്ന ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തില്‍ നടത്തിയ ഇരട്ടസംഗമം ഇടവക ജനങ്ങള്‍ക്കിതൊരു നവ്യാനുഭവമായിരുന്നു. സംഗമത്തില്‍ പങ്കെടുത്ത എല്ലാ ഇരട്ട സഹോദരങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി ഇടവക ഇവരെ ആദരിച്ചു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം