ഐ.എന്‍.ഐ.എ നഴ്‌സസ് ദിനാഘോഷം വര്‍ണ്ണാഭമായി

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ ഏറെ ഭംഗിയായി നടത്തപ്പെട്ടു. മെയ് 12-നു സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വച്ചു നടന്ന മനോഹരമായ ചടങ്ങ് പങ്കാളിത്തംകൊണ്ടും പരിപാടികള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തി.

ജോണ്‍ സ്റ്റൈസ് (സി.ഒ.ഒ &സി.എന്‍.ഒ പ്രസന്‍സ് റെയിന്‍ബോ ഹോസ്പിസ്) മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സുമാരുടെ സാമൂഹിക പ്രതിബദ്ധയെക്കുറിച്ച് സംസാരിക്കവെ, ഏതൊരു നഴ്‌സിനും മറ്റുള്ളവര്‍ക്കുള്ള ആരോഗ്യരംഗത്തെ അവകാശങ്ങള്‍ക്കായി സംസാരിക്കാന്‍ കഴിയണമെന്ന് ജോണ്‍ പറയുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം അസോസിയേഷന്റെ നാനാമുഖമായ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നു ബീനയുടെ നേതൃത്വത്തില്‍ എല്ലാവരും ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലി ഓര്‍മ്മകള്‍ പുതുക്കി. റഷ് ഹോസ്പിറ്റല്‍ നഴ്‌സിംഗ് വി.പി ആയ ആനി ഏബ്രഹാം ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ലിസി പീറ്റേഴ്‌സ് സ്വാഗതവും, ലിജി മാത്യു നന്ദിയും പറഞ്ഞു. അനിഷ മാത്യു, സുനീന ചാക്കോ എന്നിവര്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. അനിഷ മാത്യുവിന്റെ മനോഹരമായ പ്രാര്‍ത്ഥനാഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിച്ചവരേയും, ഉന്നത വിദ്യാഭ്യാസവും, സര്‍ട്ടിഫിക്കേഷനുകളും നേടിയവരേയും അസോസിയേഷന്‍ പ്രത്യേകം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ലിസ റോയ് (ക്ലിനിക്കല്‍ നഴ്‌സ്), ആന്‍സി സക്കറിയ (നഴ്‌സ് പ്രാക്ടീഷണര്‍), ഡോ. സിമി ജസ്റ്റോ ജോസഫ് (നഴ്‌സ് ലീഡര്‍) എന്നിവരും ഏറ്റവും കൂടുതല്‍ കാലം നഴ്‌സായി സേവനം അനുഷ്ഠിച്ച മറിയാമ്മ പിള്ളയും അവാര്‍ഡിന് അര്‍ഹരായി. പുതിയ നഴ്‌സുമാരെ സംഘടനയുടെ പേരില്‍ സ്വാഗതം ചെയ്ത ചടങ്ങ് ഏറെ ഹൃദ്യമായി. ദിവ്യ ചിറയില്‍, ജെയ്മി വയലില്‍, റീബി മാണി, ജോര്‍ജുകുട്ടി വി.ജെ, സിബില്‍ പവ്വത്തില്‍, ടിമ ടിറ്റോ, സാറാ കോശി, ലിഡിയ പണയപറമ്പില്‍ എന്നിവരെ പ്രസിഡന്റ് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. സുനു തോമസും, ഡോ. സിമി ജെസ്റ്റോയും അവാര്‍ഡ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സുനി ചാക്കോ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ശോഭാ ജിബിയുടേയും, ചിന്നു തോട്ടത്തിന്റേയും നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട കലാപരിപാടികള്‍ മനോഹരമായി.

ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായുള്ള ഇല്ലിനോയിയിലെ ഈ പ്രൊഫഷണല്‍ കൂട്ടായ്മയില്‍ സഹകരിക്കുന്ന ഏവരേയും അഭിനന്ദിച്ച് നന്ദി അറിയിക്കുന്നതായും, എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും ഈ സംഘടനയില്‍ ഭാഗഭാക്കാകാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണം

ഒര്‍ലാന്റോ: പെന്തക്കുസ്താ തിരുനാള്‍ വാരാന്ത്യത്തില്‍, തക്കല രൂപതാമെത്രാന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിനെ ഒര്‍ലാന്‍റോ സെന്‍റ് മേരീസ് സീറോ മലബാര്‍ ഇടവകയിലേക്ക് വികാരി ബഹു. കുര്യാക്കോസ് വടാന സ്വാഗതം ചെയ്തു. ഇത് അഭിവന്ദ്യ പിതാവിന്‍റെ ഒര്‍ലാന്റോ ഇടവകയിലെ പ്രഥമ സന്ദര്‍ശനമായിരുന്നു. അദ്ദേഹത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഇടവകയിലെ പന്ത്രണ്ട് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം 2018 മേയ് 19 ശനിയാഴ്ച മംഗളകരമായി ആഘോഷപൂര്‍വ്വം നടന്നു.

ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷമാണ് കൂദാശകളുടെ കൂദാശയായ വിശുദ്ധ കുര്‍ബാന കുഞ്ഞുങ്ങള്‍ ആദ്യമായി സ്വീകരിച്ചത്. പാരമ്പര്യത്തിന്‍റെ പകിട്ടാര്‍ന്ന ആചാരങ്ങളോടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണാര്‍ത്ഥികള്‍ മുഖ്യകവാടത്തില്‍ കൈകഴുകലിന് ശേഷം മദുബഹയിലെ നിലവിളക്കില്‍നിന്നും തിരികള്‍ കൊളുത്തി, ജ്ഞാനസ്‌നാനവൃതം നവീകരിച്ചുകൊണ്ടാണ് ദിവ്യബലിയിലേക്ക് പ്രവേശിച്ചത് .

മതബോധനഡയറക്ടറായ ബിനോയ് ജോസഫ് സ്വീകരണാര്‍ഥികളെ സമൂഹത്തിന് പരിചയപ്പെടുത്തി.
അര്‍ത്ഥികളായ ജോണ്‍ ബഹനാന്‍, അനിക പുളിക്കല്‍ എന്നിവര്‍ വചനഭാഗങ്ങള്‍ വായിച്ചു. സമൂഹത്തെ, തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണദിനത്തെയും, അന്നേദിവസം തങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിനോടു ചെയ്ത വാഗ്ദാനങ്ങളെയും അനുസ്മരിപ്പിക്കുംവിധത്തിലുള്ള ഹൃദയസ്പര്‍ശിയായ സന്ദേശമാണ് പിതാവ് നല്‍കിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗായകസംഘത്തിന്‍റെ ഭക്തിനിര്‍ഭരമായ ആലാപനങ്ങളാല്‍ സമ്പന്നമായ ദിവ്യബലിയ്ക്കു ശേഷം പ്രഥമദിവ്യകാരുണ്യാധ്യാപകരായ സെലിന്‍ ഇമ്മാനുവല്‍, വത്സാ ചാണ്ടി, ഷീബാ സോജിന്‍ എന്നിവര്‍ ‘ആനിമാ ക്രിസ്റ്റി’ ചൊല്ലിക്കൊടുക്കുകയും, ഇടവകമദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന് ഈ കുട്ടികളെ സമര്‍പ്പിക്കുകയും ചെയ്തു.

വിന്‍റര്‍പാര്‍ക്ക് സെന്‍റ് മാര്‍ഗരറ്റ് മേരി ദേവാലയത്തില്‍ സേവനംചെയ്യുന്ന മലയാളി വൈദികരായ ഫാ. ജേംസ് തരകന്‍ , ഫാ.ഷിനോയ് തോമസ് എന്നിവര്‍ കുട്ടികള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.
പിറ്റേന്ന്, സഭയുടെ പിറവിത്തിരുന്നാളായ പെന്തക്കുസ്താദിനത്തില്‍ നടന്ന ദിവ്യബലിക്കിടയില്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് സ്ഥൈര്യലേപന ശുശ്രൂഷയും നടത്തി. ദൈവഭയം അറിവിന്‍റെ ആരംഭവും, ജ്ഞാനം പരിശുദ്ധാത്മാവിന്‍റെ വരദാനവുമായിരിക്കെ, പിതാവിന്‍റെ കരം പിടിച്ച്, അനുഗ്രഹാശീര്‍വ്വാദങ്ങളോടെ, ഇടവകയുടെ പൊന്നോമനകള്‍ ആദ്യാക്ഷരമായി യേശു നാമം കുറിച്ചു. തുടര്‍ന്ന്, ഹൃദയങ്ങളെ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറയ്ക്കാന്‍ പര്യാപ്തമായ സന്ദേശം നല്‍കി അഭിവന്ദ്യ പിതാവ് മതബോധന പഠനം പൂര്‍ത്തിയാക്കിയ ഇടവകയിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

വര്‍ഷങ്ങളായി സ്തുത്യര്‍ഹസേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷകരായ ഇമ്മാനുവല്‍ ജോസഫ്, മാത്യു സൈമണ്‍,ടോംരാജ് ചോരാത്ത് എന്നിവരെയും, വേദോപദേശത്തിന് നേതൃത്വം നല്‍കുന്ന ബിനോയ് ജോസഫ്, ഷീബാ സോജിന്‍ എന്നിവരെയും പിതാവ് അനുമോദനഫലകം നല്‍കി ആദരിച്ചു.

പിന്നീട്, വേദോപദേശകരുമായി നടന്ന കൂടിക്കാഴ്ചയില്‍, തത്വാധിഷ്ഠിതവും ദൈവാത്മനിവേശിതവുമായ മതബോധനത്തിന്‍റെ കാലികമായ പ്രാധാന്യത്തിന് പിതാവ് ഊന്നല്‍ നല്‍കുകയുണ്ടായി. സംയോജകന്‍: അനൂപ് പുളിക്കല്‍ (കൈക്കാരന്‍).

എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ഫാ.സ്റ്റീഫൻ പടിഞ്ഞാറേക്കരയ്ക്കു സ്വീകരണം നൽകി

ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയിൽ പുതിയ വികാരിയായി ചുമതലയിൽ പ്രവേശിച്ച റവ.ഫാ. സ്റ്റീഫൻ പടിഞ്ഞാറെക്കരക്കു (സുനി അച്ചൻ ) ഇന്ത്യൻ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

മെയ് 16 നു ബുധനാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ദേവാലയത്തിൽ കൂടിയ കമ്മിറ്റി മീറ്റിംഗിനോട നുബന്ധിച്ചായിരുന്നു സ്വീകരണം. പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി വെരി റവ. ഫാ. സഖറിയ പുന്നൂസ് കോറെപ്പിസ്കോപ്പ, സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ഇടവക വികാരി ഫാ.ജോൺ പുത്തൻവിള, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഫാ.സ്റ്റീഫൻ പടിഞ്ഞാറേക്കര എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും അറിയിച്ചു മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടോം വിരിപ്പൻ നന്ദി പ്രകാശിപ്പിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ചെറുകാട്ടൂർ .അറിയിച്ചതാണിത്‌.

ജീമോൻ റാന്നി

റോണി ജേക്കബ് ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനാര്‍ത്ഥി

ഹൂസ്റ്റണ്‍: ഫോമയുടെ 2018- 20 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് ഹൂസ്റ്റണില്‍ നിന്നും റോണി ജേക്കബ് മത്സരിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) ഔദ്യോഗികമായി റോണിയുടെ നേമിനേഷനെ അംഗീകരിച്ചതോടൊപ്പം പിന്തുണയും വാഗ്ദാനം ചെയ്യുകയുണ്ടായി.

ഹൂസ്റ്റണിലെ കലാ-സാംസ്കാരിക മേഖലയില്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി റോണി പ്രവര്‍ത്തിച്ചുവരുന്നു. വിവിധ കലാ സംഘടനകള്‍ രൂപീകരിക്കാനും അതിലൊക്കെ സജീവമായി പങ്കെടുക്കാനും റോണിക്ക് സാധിച്ചിട്ടുണ്ട്. ഒട്ടനവധി സ്റ്റേജ്‌ഷോകള്‍ ഹൂസ്റ്റണില്‍ കൊണ്ടുവരുന്നതിന് പങ്കാളിത്തംവഹിക്കുകയും, അതിലുപരി നിരവധി കമ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് നേതൃത്വംകൊടുക്കുകയും അതുവഴി പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു.

മാഗിന്റെ ആര്‍ട്‌സ് കോര്‍ഡിനേറ്ററായി 2007-ലും പ്രോഗ്രാം കോര്‍ഡിനേറ്ററായി 2017-ലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, മാഗിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറായി നിലവില്‍ (2018) പ്രവര്‍ത്തിച്ചുവരുന്നു. ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റെ എല്ലാവിധ പിന്തുണയും ഇതിനോടകം കാഴ്ചവെച്ചിട്ടുണ്ട്.

കലയേയും സംഗീതത്തേയും ഏറെ ഇഷ്ടപ്പെടുന്ന റോണി കൊച്ചിന്‍ കലാഭവനിലെ പ്രഗത്ഭരായ അധ്യാപകരില്‍ നിന്നു ഗിറ്റാറിലും പിയാനോയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അതുപോലെ തന്നെ ചര്‍ച്ച് ക്വയര്‍ മാസ്റ്ററായും, കീബോര്‍ഡിസ്റ്റായും പത്തുവര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്‌നാനായ ഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രസിഡന്റായും, “ചന്ദനം’ എന്ന ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റായും ഇദ്ദേഹം നിലവില്‍ പ്രവര്‍ത്തിക്കുന്നു.

ഉത്തരവാദിത്വബോധവും, ഉത്കൃഷഷ്ഠചിന്തയും, സത്യസന്ധമായ പ്രവര്‍ത്തനങ്ങളും ഏതൊരു സംരംഭത്തിന്റേയും വിജയത്തിന് അനിവാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ ലക്ഷ്യം ഐക്യതയിലും പരസ്പര ബഹുമാനത്തിലും നമ്മള്‍ ഒന്നിച്ച് യുവജനങ്ങളെ സജീവമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മലയാളി സമൂഹത്തെ വാര്‍ത്തെടുക്കുകയും, അത് നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച സമൂഹമായി മാറ്റുകയും ചെയ്യുക എന്നുള്ളതാണ്.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ പദവിയില്‍ നിന്നുകൊണ്ട് ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ താന്‍ നേതൃത്വം കൊടുക്കുകയും, കൂടാതെ ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവും സഹകരണവും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും റോണി ഉറപ്പു നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക കൺവെൻഷൻ യോഗങ്ങൾ മെയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടത്തപെടുന്നതാണ്. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകനും വാഗ്മിയും, ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച് വികാരിയുമായ റവ.ഫാ.ഐസക്. ബി. പ്രകാശ് തിരുവചന പ്രഘോഷണം നടത്തും.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Road, Houston, Texas 77048) നടത്തപെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂർവം ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;
റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) – 281 261 4603
ഡോ. ഈപ്പൻ ഡാനിയേൽ (വൈസ് പ്രസിഡന്റ്) – 215 262 0709
ജോസഫ് ജോർജ് ( ട്രഷറർ) – 281 507 5268
ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) – 713 664 5607

ജീമോൻ റാന്നി

ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ഇലക്ഷന്‍: ബില്യണേഴ്‌സ് തമ്മില്‍

ഷിക്കാഗോ: നവംബറില്‍ നടക്കുന്ന ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ ഇലക്ഷനില്‍ ലോകമെമ്പാടുമുള്ള ഹയാറ്റ് ഹോട്ടലുകളുടെ ഉടമയും ഡമോക്രാറ്റുമായ ജേബി ഫ്രീറ്റസക്കറും, വിവിധ നഴ്‌സിംഗ് ഹോമുകളുടെ ഉടമയും റിപ്പബ്ലിക്കനുമായ ബ്രൂസ് റൗണ്ണറും തമ്മിലാണ്. ഈയിടെ നടത്തിയ സര്‍വ്വെയില്‍ ജേബി ഫ്രീറ്റസക്കര്‍ ഇപ്പോഴത്തെ ഗവര്‍ണ്ണറായ ബ്രൂസ് റൗണ്ണറെക്കാള്‍ 18 പോയിന്റിനു മുന്നിലാണ്. മാര്‍ച്ചില്‍ നടന്ന പ്രൈമറി ഇലക്ഷനില്‍ 48 മില്യന്‍ ഡോറളാണ് ജേബി സ്വന്തം ഫണ്ടില്‍ നിന്നും ഇലക്ഷനുവേണ്ടി ചെലവഴിച്ചത്.

ഹൈലാന്റ് പാര്‍ക്കിലുള്ള സ്വകാര്യ വസതിയില്‍ പ്രത്യേക ക്ഷണിതാക്കളുടെ മീറ്റിംഗില്‍ ഇല്ലിനോയ്‌സ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും പങ്കെടുക്കുകയുണ്ടായി. ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ജേബി ഫ്രിറ്റസക്കറും, ലഫ്റ്റനന്റ് സ്ഥാനാര്‍ത്ഥിയും പ്രമുഖ ലോയറും, ഇല്ലിനോയ്‌സ് സ്റ്റേറ്റ് റപ്രസന്റേറ്റീവുമായ ജൂലിയാന സ്റ്ററാറ്റനും തങ്ങളുടെ പ്രധാന ഇലക്ഷന്‍ അജണ്ട അവതരിപ്പിക്കുകയുണ്ടായി.

ജേബി ഫ്രിറ്റസക്കര്‍ പ്രസംഗത്തില്‍ താന്‍ 2018 നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ വിജയിക്കുകയാണെങ്കില്‍ പ്രധാനമായും ഊന്നല്‍ നല്‍കുക ഇല്ലിനോയിസിന്റെ വികസനത്തിന് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കത്തക്കവണ്ണം ടാക്‌സ് ഇളവ് നടപ്പാക്കുക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ബഡ്ജറ്റ് ബാലന്‍സ് ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുക, ഹെല്‍ത്ത് കെയര്‍, പരിസ്ഥിതി, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നു പറഞ്ഞു. ഇതിനായി ഇല്ലിനോയ്‌സിലെ എല്ലാ വോട്ടര്‍മാരുടേയും സഹായം അഭ്യര്‍ത്ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഫാദർ ഡോക്ടർ ജോസഫ് ജെ . പാലക്കൽ, അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നു

പ്രസിദ്ധമായ ബെഞ്ചമിൻ എ .ബോട്ട്കിൻ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, ആലാപനത്തേയും പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാദർ ഡോക്ടർ ജോസഫ് ജെ. പാലക്കൽ ക്ഷണിക്കപ്പെട്ടു .മെയ് 31, 2018 വ്യാഴാച്ച ഉച്ചക്ക് 12 മണിക്ക് വാഷിംഗ്‌ടൺ ഡി. സി യിലുള്ള വൈറ്റ്ഓൾ പവലിയോൺ ( ജെഫേഴ്സൺ ബിൽഡിങ്, 101 ഇൻഡിപെൻഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന സംഗീതാവിഷ്‌ക്കരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്, മേഖലയിൽ താമസിക്കുന്ന മലയാളികൾക്ക് ഈ അഭിമാന നിമിഷത്തെ നേരിൽ കാണാനുള്ള സുവർണ്ണ അവസരമാണ്.

തദവസരത്തിൽ ഫാദർ പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തിൽ നടത്തപ്പെടുന്ന അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും. ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അദ്ധ്യക്ഷനും ആയ ഫാദർ പാലക്കലിന്റെ നീണ്ട വര്ഷങ്ങളുടെ കഠിന സംഗീതചര്യയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് ഇവിടെഅരങ്ങേറ്റപ്പെടുന്നത്. ഇതോടൊപ്പം, ഭാരതത്തിലെ ക്രൈസ്തവരുടെ ചരിത്രവും നിയോഗവും, ഇന്ത്യയിലെ സുറിയാനി ചരിത്രവും കൂടി അമേരിക്കൻ പഠന – പരിജ്ഞാനശാഖയുടെ ഭാഗമായിത്തീരും.

2013 ഇൽ വാഷിംഗ്‌ടൺ ഡി. സി യിലുള്ള നാഷണൽ ബസലിക്കയിൽ വച്ചു നടത്തപ്പെട്ട ആരാധനയിൽ ഇന്ത്യയുടെ ആൽത്മാവിൽ തൊട്ടുകൊണ്ടു ഫാദർ പാലക്കൽ ആലപിച്ച സുറിയാനി ശ്ലോകങ്ങൾ നിരവധി വേദികളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ ന്യൂജേഴ്സിയിൽ വച്ച് നടത്തപ്പെട്ട പൗരോഹിത്യ ശിശ്രൂഷയിലെ സിറിയക് ഭജൻ ‘ഖാദിശാ ആലാഹാ, ബാർ മാറിയ..’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 11 നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ‘ സീറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെ പ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.

ആലപ്പുഴജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാർ സഭയിൽപ്പെട്ട സി.എം.ഐ വൈദീകൻ, സംഗീത ലോകത്തു ആരും കടന്നു നോക്കാത്ത ഒരു മേഖലയിലാണ് തന്റെ തപസ്സു തുടങ്ങിയത്. കേരളത്തിലെ സിറിയൻ കത്തോലിക്കാ സമുദായത്തിലെ ഗുരുസ്ഥാനിയെന്നു വിലയിരുത്തുന്ന പാലക്കൽ തോമ മല്പാൻറെ തലമുറയിൽ നിന്നു തന്നെയാണ് ജോസഫ് പാലക്കൽ അച്ചൻ സംഗീത പാരമ്പര്യവുമായി കടന്നു വന്നത്. കൽദായ റൈറ്റിലുള്ള കിഴക്കൻ സുറിയാനിയുടെ തനതായ പ്രാചീന ശൈലിയിലാണ് സംഗീത പഠനം ആരംഭിച്ചത്.

ന്യൂയോർക്കിലെ ഹണ്ടർ കോളേജിൽ നിന്നും ആണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം എടുത്തത്, അർണോസ് പാതിരിയുടെ പുത്തൻപാനാ പാരായണത്തിലെ സംഗീതശൈലികൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയുടെ നേർത്ത തലങ്ങളെ അൽമാവിൽ ആവഹിച്ച ആവിഷ്കാരത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹിന്ദി, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്, അരമൈക്‌ തുടങ്ങിയ വിവിധ ഭാഷകളിൽ നാൽപ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്‌. കൂടാതെ നിരവധി എൽ .പി, ഗ്രാമഫോൺ റെക്കോര്ഡുകളും നിലവിലുണ്ട്.ഹിന്ദുസ്ഥാനിയും കർണാടിക് സംഗീതവും കൂടെ ചേർന്ന് ആകെ സംഗീതത്തിന്റെ മേഖലയിൽ സ്വന്തമായ ഒരു ശൈലി സമ്പാദിക്കുവാൻ അച്ചനു കഴിഞ്ഞു.

അമേരിക്കയുടെ ലൈബ്രറി ഓഫ് കോൺഗ്രസ്, ഓൺലൈൻ വിഭാഗത്തിലും അല്ലാതെയും ലോകത്തിൽ ഇത്രയും ബ്രഹ്ത്തും വിപുലവുമായ ലൈബ്രറി നിലവില്ല. 218 വർഷങ്ങളിലെ ചരിത്രം നിറഞ്ഞുനിൽക്കുന്ന ഈ സംവിധാനത്തിൽ ശബ്ദരേഖകൾ, ചിത്രങ്ങൾ, പത്രങ്ങൾ, ഭൂപടങ്ങൾ, കൈയെഴുത്തുപ്രതികൾ ഒക്കെയായി യൂ .എസ്. കോൺഗ്രസിന്റെ പ്രധാന ഗവേഷക കേന്ദ്രവും അമേരിക്കൻ പകർപ്പവശ വിഭാഗത്തിന്റെ കേന്ദ്രവും ആണ്. അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ ഫാദർ പാലക്കലിന്റെ സംഗീതം ഔദ്യഗികമായി രേഖപ്പെടുത്തുമ്പോൾ ഭാരതത്തിന്റെ ഒരു പ്രിയപുത്രൻ സംഗീതസാനുവിൽ പടവുകൾ ചവിട്ടി കയറുന്നത് മലയാളികൾക്ക് അഭിമാന നിമിഷമാവും എന്നതിൽ തർക്കമില്ല.

– കോരസൺ, ന്യൂയോർക്ക്

ഇൻഡ്യൻ അമേരിക്കൻ നഴ്സസ്‌ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്സാസ്‌ (IANANT) നഴ്‌സസ് ദിനാഘോഷങ്ങൾ വൻ വിജയമായി

ഡാളസ് : ഡാലസിൽ മെയ്‌ പന്ത്രണ്ടാം തിയതി ഹിൽടോപ്‌ ഇന്ത്യൻ റസ്റ്ററന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന നഴ്സസ്‌ ഡേ സമ്മേളനത്തിൽ ഡാളസിലെ നിരവധി ഇന്ത്യൻ നഴ്‌സുമാരും അഭ്യുദയകാംഷികളും പങ്കെടുത്തു. യു ടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ നഴ്‌സിംഗ്‌ ഡയറക്റ്റർ ലോറി ഹോഡ്‌ജ്‌ ചടങ്ങിൽ മുഖ്യ പ്രഭാഷക ആയിരുന്നു. ‘Nurses- inspire, innovate and influence’ എന്ന വിഷയം പ്രതിപാദിക്കവേ അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ സേവനതൽപ്പരതയേയും കഠിനാദ്ധ്വാനത്തെയും ഹോഡ്‌ജ്‌ പ്രകീർത്തിച്ചു. ഇന്ത്യൻ സമൂഹത്തിലെ പ്രഗൽഭരായ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു.

നാഷണൽ അസോസിയേഷനായ നൈനയുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിൾ, പ്രൊഷണൽ അഡ്വാൻസ്മെന്റിനെക്കുറിച്ചു സെമിനാർ നയിച്ചു. ഇൻഡ്യൻ അമേരിക്കൻ നഴ്സസ്‌ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് പ്രസിഡന്റ് ഹരിദാസ്‌ തങ്കപ്പൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു .
എല്ലാ ഇന്ത്യൻ നഴ്സുമാരോടും ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നവീകരിച്ച വെബ്സൈറ്റിലൂടെ (www.iana-nt.com) അസോസിയേഷൻ അംഗ്വതമാകുവാനും ഭാവിപരിപാടികളിൽ പങ്കാളികളാകുവാനും അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.

ഡോ. നിഷ ജേക്കബ്‌, റീനി ജോൺ, മഹേഷ്‌ പിള്ള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കവിത നായർ, വിജി ജോർജ് എന്നിവർ ചടങ്ങിൽ എംസിമാരായിരുന്നു. നിഷാ , സെല്വിൻ, ദീപ ഹരി എന്നിവരുടെ സംഗീതവിരുന്നും തുടർന്ന് നഴ്‌സസ് അനുമോദന വിരുന്നും നടന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആർലിങ്ങ്ടൺ സ്കൂൾ ഓഫ്‌ നഴ്സിംഗ്‌ പരിപാടിയുടെ സ്‌പോൺസർ ആയിരുന്നു

സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ വൻ വിജയമായിരുന്നു. നഴ്സിംഗ്‌ എജുക്കേഷൻ ക്ലാസുകളും, കൂടാതെ പന്ത്രണ്ടു ഇന്ത്യൻ നഴ്സിംഗ്‌ വിദ്യാർഥികൾക്ക് നഴ്സിംഗ്‌ പഠന സ്കോളർഷിപ്പും ഫണ്ടുകളിലേക്കു സംഭാവനകളും ഈ കാലയളവിൽ സംഘടനക്കു നൽകുവാൻ കഴിഞ്ഞു.

2018 ഒക്റ്റോബർ 26 , 27 തീയതികളിൽ ഡാലസിൽ ഏട്രിയം ഹോട്ടലിൽ വച്ചു നടക്കുന്ന നൈനയുടെ നാഷണൽ ബൈനീയൽ കോൺഫറൻസിനു ഇത്തവണ IANANT യാണ് ആതിഥ്യം വഹിക്കുന്നത്. ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

അരിസോണ തിരുകുടുംബ ദേവാലയത്തില്‍ മെയ് ക്രൗണിംഗും മദേഴ്‌സ് ഡേയും ആഘോഷിച്ചു

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണയില്‍ ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റൊന്നാം വാര്‍ഷികവും മാതൃദിനാഘോഷവും സംയുക്തമായി കൊണ്ടാടി.

കൈകളില്‍ പൂക്കളും കൊന്തകളുമേന്തി പരിശുദ്ധ മാതാവിന്റെ സ്തുതികീര്‍ത്തനമാലപിച്ചുകൊണ്ട് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ പ്രദക്ഷിണമായി ദേവാലയത്തിലെത്തി. തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപത്തില്‍ കിരീടധാരണം നടത്തി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആഘോഷമായ ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചത് ഇടുക്കി രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോസഫ് കൊച്ചുകുന്നേലും, ഇടവക വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയിലും ആണ്.

സ്വര്‍ഗ്ഗീയ അമ്മയുടെ വണക്കദിനത്തില്‍ മാതൃദിനം ആചരിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് എല്ലാവരേയും സമര്‍പ്പിക്കുകയും, ആ അമ്മയെ ജീവിതത്തില്‍ മാതൃകയാക്കുവാന്‍ എല്ലാ അമ്മമാര്‍ക്കും കഴിയുമാറാകണമെന്നും ഫാ. ജോര്‍ജ് ആഹ്വാനം ചെയ്തു.

പ്രകടിപ്പിക്കാത്ത സ്‌നേഹം വ്യാജവും വ്യര്‍ത്ഥവുമാണ്. അമ്മയോടുള്ള സ്‌നേഹവും കടപ്പാടും ഒരു ദിവസത്തില്‍ ഒതുക്കിനിര്‍ത്താവുന്നതല്ല. എങ്കിലും മാതൃത്വത്തിന്റെ മഹനീയ ത്യാഗവും സ്‌നേഹസമര്‍പ്പണവും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഇത്തരമൊരു ദിനമുള്ളത് നല്ലതുതന്നെ. ഒരു തിരിഞ്ഞുനോട്ടത്തിനും തെറ്റുതിരുത്തലിനും ഉള്ള അവസരമായി നാമിത് വിനിയോഗിക്കണമെന്നു മാതൃദിനാഘോഷത്തെപ്പറ്റി ഫാ. ജോസഫ് കൊച്ചുകുന്നേല്‍ അഭിപ്രായപ്പെട്ടു.

ഇടവകയിലെ എല്ലാ അമ്മമാര്‍ക്കും സമ്മാനവിതരണവും ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. യുവജനങ്ങളാണ് മാതൃദിനാഘോഷം സംഘടിപ്പിച്ചത്. ഇടവകയിലെ യുവജനപങ്കാളിത്തവും പ്രവര്‍ത്തനങ്ങളും തികച്ചും ശ്ശാഘനീയമാണെന്നു ഫാ. ജോര്‍ജ് എട്ടുപറയില്‍ അഭിപ്രായപ്പെട്ടു. സുഷാ സെബി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

വൈസ് സര്‍വീസ് ക്ലബ്: ഡാന്‍ മോഹന്‍ പ്രസിഡന്റ്; ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കും

ന്യൂജേഴ്‌സി: പുതുതായി രൂപം കൊണ്ട വൈസ് സര്‍വീസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കാന്‍ തിരൂമാനിക്കുകയും ചെയ്തു.

വൈസ് സര്‍വീസ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പുതിയ സംഘടന രൂപീകരിക്കുന്നതിനു മുന്നിട്ടിറിങ്ങിയ ഡാന്‍ മോഹന്‍ പ്രസിഡന്റായും കരള്‍ പൊബാന്‍സ് സെക്രട്ടറിയായും എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഡോ. ഡ്രിസ് കോണ്‍ പ്രസിഡന്റ് ഇലക്ട്, ഫിലിപ്പ് തമ്പാന്‍ അസി. സെക്രട്ടറി, അബ്രഹാം തോമസ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിമന്‍സ് ക്ലബ് ചെയറായി മിച്ചിക്കോ ടൊമിയോക്ക, യൂത്ത് ക്ലബ് ചെയറായി എസ്‌റ്റേല യസോ, പ്രൊജട്ക്‌സ് പ്രോഗ്രാംസ് ചെയറായി ഡോ. ജേക്കബ് ഡേവിഡ്, മീഡിയ പബ്ലിസിറ്റി ലിസ അര്‍സെല്ലാ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈയില്‍ നടത്തുന്ന ഫണ്ട് സമാഹരണം ഹെല്ത്ത് ബോണിനെ സഹായിക്കാനാണ്. വേദി പിന്നീട് തിരുമാനിക്കും.

ഹാരിംഗ് ടണ്‍ പാര്‍ക്കില്‍ സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ നടന്ന ജനറല്‍ ബോഡി ഏക ലോകത്തിനു വേണ്ടിയുള്ള ഗാഥ ‘വീവ് അസ് ടുഗദര്‍’ ആലപിച്ചുകൊണ്ട് ആരംഭിച്ചു.

എണ്‍പത്തെട്ട് രാജ്യങ്ങളിലായി 100ല്‍പ്പരം പ്രൊജക്ടുകള്‍ സംഘടിപ്പിച്ച റവ. ജോണ്‍ ഗെഹ്‌റിംഗിന്റെ പ്രസംഗം സദസിന് പ്രചോദനമായി. ജനസേവനത്തിനായി ലോകമെങ്ങും സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം.

മറ്റുള്ളവര്‍ക്ക് സേവനം എത്തിക്കാനുള്ള താത്പര്യം കൊണ്ട് ഇത്തരം ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. ലോകത്തിന്റെ നാനാഭാഗത്തുള്ള വൈസ് ക്ലബ് അംഗങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെയൊക്കെ വിജയത്തിന്റെ രഹസ്യം െ്രെകസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ഏവരും ദൈവത്തിന്റെ സന്താനങ്ങളാണെന്ന ചിന്താഗതിയാണ്.

സേവനം കൊണ്ട് ആത്മാവിന്റെ മുറിവുകള്‍ ഉണക്കുന്ന കഥകള്‍ അദ്ദേഹം വിവരിച്ചു. ഒരിക്കല്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ വച്ചു നടന്നതാണ്. ഒരു വിഭാഗവുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്ന കൊളംബാനസ് സെന്ററിലെ ഒരു ഐറീഷുകാരന്‍ പല രാജ്യങ്ങളില്‍ നിന്നും എത്തിയ വോളന്റീയര്‍മാര്‍ക്ക് നന്ദി പറയുകയും അവരുടെ രാജ്യങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരു ഇംഗ്ലീഷുകാരനുമുണ്ടായിരുന്നു. പഴയ കാര്യങ്ങള്‍ മറന്ന് ഐറീഷുകാരന്‍, ഇംഗ്ലീഷുകാരന് നന്ദി പറയുകയും ഇംഗ്ലണ്ടിനെ ആശീര്‍വദിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ പലയിടത്തും കണ്ടിട്ടുണ്ട്. ഭിന്നതകളും അതിരുകളും ഭേദിക്കാന്‍ സേവനത്തിന്റെ പാതകള്‍ക്കാകുമെന്നാണ് ഇത് തെളിയിക്കുന്നത്. വെറുപ്പും വിവേചനവും ഇല്ലാതാക്കാനുള്ള നല്ല വഴി സേവനവും സ്‌നേഹവുമാണ്.

ഏതെങ്കിലും ഒരു പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ നമ്മുടെ പരിമിതികളെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് കൈമുതലായുള്ള സ്വത്തുക്കളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ നാം നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്.

ഒരാള്‍ക്ക് പണം ഉണ്ടായെന്നു വരില്ല. പക്ഷെ മറ്റു പല സഹായങ്ങളും നല്‍കാനാകും. അല്ലെങ്കില്‍ വാഹനം നല്‍കാനെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംഘടിപ്പിക്കാനും ആവും. അതുമല്ലെങ്കില്‍ കൂടുതല്‍ വോളന്റീയര്‍മാരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കും. സദസ്സിലുള്ളവരെല്ലാം വിലപ്പെട്ട വ്യക്തികളാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കേണ്ടാതണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതൊരു സംരംഭവും വിജയിക്കാന്‍ ഒരാള്‍ മുന്നിട്ടിറങ്ങണം. അത്തരമൊരു വ്യക്തി ഉണ്ടായിരിക്കുകയും നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളില്‍പ്പെടുന്നവര്‍ സംഘടനയുടെ കീഴില്‍ ഒന്നായി വരുന്നത് ഓരോരുത്തരുടേയും ജീവിത സംഭാവനകളുടെ ഭാഗമായി മാറും.

തനിക്കു വേണ്ട ഭക്ഷണം എങ്ങനെ ഉത്പാദിപ്പിക്കാമെന്നും ആരോഗ്യകരമായ തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും പഠിപ്പിക്കുകയാണ് ഹെല്ത്ത് ബാണിന്റെ ലക്ഷ്യം. ബര്‍ഗന്‍ കൗണ്ടിയിലെ ഹെല്ത്ത് ബാണ്‍ ചാപ്റ്റര്‍ റിഡ്ജ് വുഡിലാണ്.

വിവിധ എത്‌നിക്ക് വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇത്തരമൊരു ക്ലബ് ‘വൈ’സ് പ്രഖ്യാപിച്ചത് പുതുമയാണെന്ന് ഡാന്‍ മോഹന്‍ പറഞ്ഞു. എല്ലാവരേയും ഒന്നിച്ചണിനിരത്തുന്നത് അത്യാവശ്യമാണെന്നു കരുതിയാണ് ഇതിനു തയാറായത്. ഇതൊരു ചരിത്രംകുറിച്ച മാറ്റമാണെന്ന് സംഘടനയുടെ അന്താരാഷ്ട്ര നേതൃത്വവും അംഗീകരിച്ചു. അമേരിക്കക്കാരും ഇന്ത്യക്കാരും കൊറിയക്കാരും ഫിലിപ്പിനോകളും ആഫ്രിക്കന്‍ അമേരിക്കക്കാരും സംഘടനയിലുണ്ട്.