ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം രക്തദാന ക്യാംപ് സംഘടിപ്പിച്ചു.ഡാലസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെയും കാര്‍ട്ടര്‍ ബ്ലഡ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 11 ഞായറാഴ്ച ‘രക്തം ദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ’ സന്ദേശമുയര്‍ത്തി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ബ്ലഡ് ഡ്രൈവ് നടത്തി. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ.സജി പി.സി., വി.റ്റി. ഏബ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ബ്ലഡ് ഡ്രൈവ് ഉത്ഘാടനം ചെയ്തു.

ഇടവക അംഗങ്ങള്‍. യുവജനസഖ്യം അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തം ദാനം ചെയ്തു. യുവജനസഖ്യം ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി ഈ സംരംഭത്തെ വന്‍ വിജയം ആക്കുവാന്‍ പ്രവര്‍ത്തിച്ച ചര്‍ച്ച് ഭാരവാഹികള്‍, യുവജനസഖ്യം ഭാരവാഹികള്‍, രക്തം നല്‍കി സഹായിച്ചവര്‍ എന്നിവരോട് ബ്ലഡ് ഡ്രൈവ് കോര്‍ഡിനേറ്റര്‍ ബിജി ജോബി നന്ദി അറിയിച്ചു.

ജീമോന്‍ റാന്നി

ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ്:വാഷിങ്ടന്‍ ഡിസിയിലെ ആറു പള്ളികള്‍ ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചു

വാഷിങ്ടന്‍ ഡിസി : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ മേരിലാന്റ്, ബാള്‍ട്ടിമോര്‍, വിര്‍ജീനിയ ഇടവകകള്‍ മാര്‍ച്ച് 11 ന് സന്ദര്‍ശിച്ചു.

ഫിനാന്‍സ് / സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അജിത് വട്ടശ്ശേരില്‍, ഷിബിന്‍ കുര്യന്‍ എന്നിവര്‍ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സംബന്ധിക്കുകയും അതിനുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ. പി. വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങള്‍ നല്‍കുകയും ചെയ്തു. ഫാ. കെ. പി. വര്‍ഗീസ് ടീം അംഗങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് ഇടവക ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

എബി കുര്യാക്കോസ് കോണ്‍ഫറന്‍സിന്റെ ചിട്ടയായ പ്രവര്‍ത്തനത്തെപ്പറ്റിയും ഇടവക ജനങ്ങള്‍ക്ക് ലഭിക്കാവുന്ന ആത്മീയ ഉന്നമനത്തെപ്പറ്റിയും കോണ്‍ഫറന്‍സ് വിനോദ ഉപാധികള്‍ക്ക് മുന്‍ തൂക്കം നല്‍കുന്നതിനെക്കുറിച്ചും സംസാരിച്ചു.

ഇടവക സെക്രട്ടറി ബിജോയ് ജോഷ്വാ, കൊച്ചു രാജു എന്നിവര്‍ യോഗത്തില്‍ സന്നിഹിതരാകുകയും റാഫിളിന്റേയും റജിസ്‌ട്രേഷന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. വികാരി ഫാ. കെ. പി. വര്‍ഗീസ് കോണ്‍ഫറന്‍സിലേക്ക് റജിസ്റ്റര്‍ ചെയ്തു. ഇടവകാംഗം തോമസ് ജോര്‍ജ് (അജി) ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഫാ. ജോര്‍ജ് മാത്യു (ബെന്നി അച്ചന്‍) ആയിരം ഡോളറിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍ ആകാമെന്നു സമ്മതിക്കുകയും ചെയ്തു. ഫിനാന്‍സ് കമ്മിറ്റി അംഗം എറിക് മാത്യു ടീം അംഗങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കി. 30 റാഫിള്‍ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാന്‍ സാധിച്ചു. സില്‍വര്‍ സ്ട്രിംഗ് സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങള്‍ നല്‍കി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗ സജി പോത്തന്‍, ഇടവക സെക്രട്ടറിയും ഫിനാന്‍സ് കമ്മിറ്റി അംഗവുമായ ഡോ. സാബു പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. റോബിന്‍, സജി എന്നിവര്‍ റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സംസാരിച്ചു. ഇടവകയില്‍ നിന്നും കെ. ജി. തോമസ്കുട്ടി, ഷീബാ മാത്യു എന്നിവര്‍ ആയിരം ഡോളറിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാരാകുകയും ചെയ്തു. ഇടവക ജനങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുകയും ചെയ്തു.

ബഥസ്ഥാ ഗ്രീന്‍ ട്രീ റോഡിലുള്ള സെന്റ് ബര്‍ണബാസ് കോണ്‍ഗ്രിഗേഷനില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. അനൂപ് തോമസ് ജോര്‍ജ് അധ്യക്ഷനായിരുന്നു. അച്ചന്‍ ടീം അംഗങ്ങളായ സണ്ണി വര്‍ഗീസ്, നിതിന്‍ ഏബ്രഹാം എന്നിവരെ സ്വാഗതം ചെയ്തു വിവരണങ്ങള്‍ നല്‍കി. അച്ചന്‍ കോണ്‍ഫറന്‍സിലേക്ക് റജിസ്റ്റര്‍ ചെയ്തതായി അറിയിക്കുകയും രണ്ട് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങള്‍ റജിസ്റ്റര്‍ ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളുടെ നല്ല സഹകരണത്തിനു കമ്മിറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു.

വിര്‍ജീനിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. സജി തറയില്‍ ടീം അംഗങ്ങളായ രാജന്‍ പടിയറ, ജോബി ജോണ്‍ എന്നിവരെ സ്വാഗതം ചെയ്തു വിവരണം നല്‍കി.

ഇടവക ട്രസ്റ്റി ബിജു ലൂക്കോസ്, ഇടവക സെക്രട്ടറി ഫെബിന്‍ സൂസന്‍ ജോണ്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

ജോബി ജോണ്‍ റജിസ്‌ട്രേഷനെക്കുറിച്ചും കോണ്‍ഫറന്‍സില്‍ പങ്കെടുത്താല്‍ ലഭിക്കാവുന്ന പ്രയോജനത്തെക്കുറിച്ചും സംസാരിച്ചു. രാജന്‍ പടിയറ റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ട്രസ്റ്റി ബിജു ലൂക്കോസ് സുവനീറിലേക്കുള്ള ആശംസകള്‍ ഫാ. സജി തറയിലിനു നല്‍കിക്കൊണ്ട് സുവനീറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

രാജന്‍ വാഴപ്പള്ളില്‍

ഒരുമയ്ക്ക് പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണ്‍: പ്രമുഖ സാംസ്കാരിക സംഘടനയായ റിവര്‍സ്‌റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ‘ഒരുമ റിവര്‍സ്‌റ്റോണിന്’ പുതിയ നേതൃത്വം നിലവില്‍ വന്നു.റിവര്‍സ്‌റ്റോണിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി 10 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരുമയുടെ വാര്‍ഷിക പൊതുയോഗം ജനറല്‍ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കലിന്റെ വസതിയില്‍ 2/17/2018 ന് മുന്‍ പ്രസിഡന്റ് വിനോയ് കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

പുതിയ പ്രസിഡന്റായി ജോബി.വി.ജോസിനെ തെരഞ്ഞെടുത്തു. താഴെ പറയുന്നവരാണ് മറ്റു ഭാരവാഹികള്‍.രശ്മി സന്തോഷ് വൈസ് പ്രസിഡന്റ് ജയിംസ് ചാക്കോ മുട്ടുങ്കല്‍ ജനറല്‍ സെക്രട്ടറി ജസ്സി മാത്യു ജോയിന്റ് സെക്രട്ടറി ഫീനിക്‌സ് ഫിലിപ്പ് ട്രഷറര്‍ പയസ് ലൂക്കോസ്, റോയി സെബാസ്റ്റിയന്‍ പുല്ലോലില്‍, റോണി ചെമ്മനക്കര, ബിജു ആന്റണി, റെന്‍ജു സെബാസ്റ്റിയന്‍, എല്‍ദോസ് ജോസ്, പ്രതീഷ് കുര്യാക്കോസ്, ഉമ്മന്‍ ജോണ്‍, ഹെന്ററി പോള്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും പ്രവര്‍ത്തിക്കും. ആഘോഷങ്ങളൊടൊപ്പം സാമൂഹിക സേവനവും നടത്തി വരുന്ന ഒരുമ ഈ വര്‍ഷം കുട്ടികളുടെ ഉന്നമനത്തിനായി പല പരിപാടികളും നടത്തുവാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ഒരുമയുടെ ഈ വര്‍ഷത്തെ പിക്‌നിക്ക് ഏപ്രില്‍ 14നും, ഓണം സെപ്റ്റംബര്‍ 1നും നടത്തുവാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ഒരുമ സ്ഥാപകാംഗം ജോണ്‍ ബാബു, മുന്‍ വൈസ് പ്രസിഡന്റ് സെലിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.റിവര്‍സ്‌റ്റോണിലെ മലയാളികളുടെ രണ്ടാംതലമുറയ്ക്ക് ഒരുമയുടെ പ്രവര്‍ത്തനവും സേവനവും സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉന്നതമായ നിലകളില്‍ എത്തിച്ചേരാന്‍ യുവതലമുറയ്ക്ക് പ്രേരകമാകട്ടെ എന്നും പുതിയ ഭാരവാഹികള്‍ ആശംസിച്ചു. മുന്‍ പ്രസിഡന്റ് വിനോയ് കുര്യന്‍ പുതി ഭാരവാഹികളെ അഭിനന്ദിച്ചു. ജെയിംസ് ചാക്കോ മുട്ടുങ്കല്‍ അറിയിച്ചതാണിത്.

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ, 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി, എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകള്‍ ഒരുമിച്ചു 2018 ഫെബ്രുവരി 10, 11 തിയതികളില്‍ ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, സന്ധ്യാപ്രാര്‍ത്ഥനക്കു ശേഷം സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി സഹവികാരി ബഹു: ബിജുമോന്‍ അച്ചന്‍ സ്വാഗതം ആശംസിച്ചു തുടര്‍ന്ന് സെന്റ് ജോര്‍ജ് യക്കോബായ പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചന്‍ വചന സന്ദേശം നല്‍കി അതിനുശേഷം ഇടവകകളിലെ ക്വയറിന്റെ ആഭിമുഖ്യത്തില്‍ മനോഹരമായ ക്വയര്‍ ഫെസ്റ്റ് നടന്നു.

ഫെബ്രുവരി 11-ാം തിയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും 10 മണിക്ക് അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും വി: അഞ്ചിന്മേല്‍ കുര്‍ബ്ബാനയും വി: കുര്‍ബ്ബാന മധ്യേ പരിശുദ്ധനോടുള്ള പ്രത്യേകമധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ പെരുന്നാളിനു് തിരശ്ശീല വീണു.

ഈ വര്‍ഷത്തെ പെരുന്നാളിനു വന്ദ്യ: തേല്‍പ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ, ബഹു: മാത്യൂസ് കരുത്തലക്കല്‍ അച്ചന്‍. ബഹു: തോമസ് മേപ്പുറത്ത് അച്ചന്‍ ബഹു: ബിജുമോന്‍ ജേക്കബ് അച്ചന്‍, ബഹു: ലിജു പോള്‍ അച്ചന്‍, ബഹു: തോമ്മസ് നെടിയവിള അച്ചന്‍, ബഹു: അനീഷ് തേലപ്പിള്ളില്‍ അച്ചന്‍ എന്നീ വൈദീകര്‍ നേത്രുത്വം നല്‍കി. പെരുന്നാളില്‍ ആദ്യവസാനം പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും സെന്റ് ജോര്‍ജ് പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. അടുത്തവര്‍ഷത്തെ പെരുന്നാള്‍ സെന്റ് ജോര്‍ജ് യക്കോബായ പള്ളിയില്‍ വച്ചു് നടത്തപ്പെടുന്നതാണ്.

പബ്ലിസിറ്റി കണ്‍വീനേഴ്‌സ് ആയ ഏലിയാസ് പുത്തൂക്കാട്ടില്‍ , മാത്യു കുര്യാക്കോസ്എന്നിവര്‍ സംയുക്തമായി അറിയിച്ചതാണിത്.

ഓവര്‍സീസ് കോണ്‍ഗ്രസ്സ് നേതാവ് ജോയ് ഇട്ടന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് ഇട്ടന് ഈ മാസം 16 നു ഡല്‍ഹിയില്‍ ആരംഭിക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചു .കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ ഫോണില്‍ വിളിച്ചാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൂടി എ. ഐ .സി .സി സമ്മേളനങ്ങളില്‍ ഉള്‍പ്പെടുത്തുകയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന മേഖല ഭാരതീയര്‍ ഉള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായും 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും തയ്യാറാക്കുക എന്നതാണ് ഈ ക്ഷണത്തിനു പിന്നിലെന്ന് താന്‍ വിശ്വസിക്കുന്നതായി ജോയ് ഇട്ടന്‍ അറിയിച്ചു .ഇങ്ങനെ ഒരു ക്ഷണം കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം സംഘടനയുടെ സെക്രെട്ടറിയായും പ്രവര്‍ത്തിച്ചുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് കടന്ന് വരുന്നത്.1984 ഇല്‍ കെ.എസ്.യൂ. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി,സി.സി. മെമ്പര്‍, ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പര്‍ ,മൂവാറ്റുപുഴയിലെ തൊഴിലാലായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനൊപ്പം സഞ്ചരിക്കുന്ന ജോയ് ഇട്ടന്‍ 1990 അമേരിക്കയില്‍ എത്തുന്നത് . വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ കാനഡ ഭദ്രാസനം കൗണ്‍സില്‍ അംഗം വല്‍ഹാല സെയിന്റ് ജോണ്‍സ് യാക്കോബായ പള്ളി ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു .ഇപ്പോള്‍ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന ജോയി ഇട്ടന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കേരളത്തിലെ ജനങ്ങള്‍ക്ക് ഫൊക്കാനാ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന അദ്ദേഹം .കൈവച്ച മേഖലയില്‍ എല്ലാം വിജയം വരിച്ചാണ് ജോയ് ഇട്ടന്റെ യാത്ര. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കുന്നത് നടാടെയാണ് .അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ 64മത് പ്ലീനറി സമ്മേളനം 16 മുതലാണ് ഡല്‍ഹിയില്‍ ആരംഭിക്കുന്നത് .പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കുന്നതു എന്ന പ്രത്യേകാതെയും ഉണ്ട് .

16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ അംഗീകരിക്കേണ്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്ന് തയ്യാറാക്കിയ സാമ്പത്തിക നയപ്രമേയം, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, അന്തര്‍ദേശിയ രംഗത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാര്‍ഷിക – തൊഴില്‍ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാല് പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 17 നു 9 മണിക്ക് ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികള്‍ ആരംഭിക്കും. 18 നു നാല് മണിക്ക് ചര്‍ച്ചകള്‍ ഉപസംഹരിച്ചുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഈ സമ്മേളനത്തില്‍ നടക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തിരഞ്ഞെടുക്കും. പകുതി അംഗങ്ങളെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും.

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

പാശ്ചാത്യ മണ്ണില്‍ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ ആശയങ്ങളും ശൈലിയും കാഴ്ചവച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫോമാ. ഈ സംഘടനയെ സ്വന്തം മനസ്സിനോട് ചേര്‍ത്തുവച്ചു കൊണ്ട് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമായുടെ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു. സുതാര്യമായ പ്രവര്‍ത്തന ശൈലിയിലൂടെ ഏവരുടെയും മനസ്സുകള്‍ കീഴടക്കിയ വ്യക്തിത്വം ആണ് ഗ്രേറ്റ് ലേക്‌സ് റീജിയണില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായ ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍.

നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ സാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ 2017 ലെ പ്രസിഡന്റ് ആയിരുന്നു മികച്ച സംഘാടകനായ ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍. ഡിട്രോയിറ്റ്-വിന്‍ഡ്‌സറിന്റെ കിഡ്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍, ഫാമിലി കണ്‍വന്‍ഷനില്‍ കള്‍ച്ചറല്‍ കമ്മിറ്റി കോ-ചെയര്‍മാന്‍ എന്നീ നിലകളില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശിയും ഫിസിക്കല്‍ തെറാപ്പി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയുമാണ്. ജീവകാരുണ്യ പ്രര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ജയിന്‍ മാത്യൂസ് സ്കൂള്‍, കോളേജ് കാലഘട്ടം മുതല്‍ നേതൃത്വപാടവം തെളിയിച്ച നിലപാടുകളുള്ള സുതാര്യമായ പ്രവര്‍ത്തനശൈലിയുള്ള വ്യക്തിത്വം ആണ്. പുതിയ തലമുറയ്ക്ക് നമ്മുടെ ഭാരതീയ സാംസ്കാരിക പാരമ്പര്യവും പൈതൃകവുംഭാഷയും പകര്‍ന്നു നല്‍കുവാനും, ഫോമായ്ക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയും പ്രസിഡന്റ്, ട്രഷറര്‍, മറ്റ് ഫോമാ ഭാരവാഹികള്‍ എന്നിവരുമായി ചേര്‍ന്ന് ഫോമായ്ക്ക് ഒരു സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടിയും പരിശ്രമിക്കുമെന്ന് ഉറപ്പുണ്ട്.

സാമൂഹ്യ-സാംസ്കാരിക-ആത്മീയ-കായിക-ഫൈനാന്‍സ് മേഖലകളില്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചുണ്ട്. ഈ നേതൃത്വപാടവം ഫോമായുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാന്‍ ജയിന്‍ മാത്യൂസിനെ സഹായിക്കും എന്നതില്‍ സംശയമില്ല. സാഹിത്യത്തില്‍ ഏറെ താല്‍പര്യമുള്ള ജയിന്‍ മാത്യൂസ് വിവിധ സംഘടനാ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. തത്വാധിഷ്ഠിതമായ, സത്യസന്ധമായ പ്രവര്‍ത്തനവും, കഠിനാദ്ധ്വാനവും സമര്‍പ്പണവും ജയിന്‍ മാത്യൂസ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നു. വാക്കുകളേക്കാളേറെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പിലിന് നിങ്ങളേവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ഗ്രേറ്റ് ലേക്‌സ് റീജിയണിലുള്ള കേരള ക്ലബ്ബ് പ്രസിഡന്റ് സുജിത് മേനോന്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ഉമ്മന്‍ എന്നിവര്‍ ജയിന്‍ മാത്യൂസിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു.

ഫാ. ദേവസ്യ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം മാര്‍ച്ച് 16, 17, 18 ദിവസങ്ങളില്‍ സോമര്‍സെറ്റ് ദേവാലയത്തില്‍

ജോയിച്ചന്‍ പുതുക്കുളം

“അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാര്‍ത്ഥന കേട്ടു കര്‍ത്താവ് അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും”. (ഏശയ്യാ 19 22)

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാര്‍ഷികനോമ്പുകാല ധ്യാനം മാര്‍ച്ച് 16,17,18 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

പ്രാര്‍ത്ഥനാ ജീവിതം, അനുതാപം, കുമ്പസാരം, ദൈവ വചനശക്തി, പരിശുദ്ധാത്മാഭിഷേകം, പരിശുദ്ധ ദൈവമാതാവ് എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നല്‍കപ്പെടും.

മാര്‍ച്ച് 16ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കുരിശ്ശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയോടുകൂടി ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കം കുറിക്കും.

മാര്‍ച്ച് 17 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ ദിവ്യബലിയോടെ രണ്ടാം ദിവസത്തെ ധ്യാനം ആരംഭിച്ചു വൈകീട്ട് 5 മണിയോടെ പര്യവസാനിക്കും.

മാര്‍ച്ച് 18 ന് ഞായറാഴ്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാള്‍ ഇടവകസമൂഹം ആഘോഷിക്കുമ്പോള്‍ രാവിലെ 9:30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയോടെ ഇന്നേ ദിവസത്തെ ധ്യാനത്തിന് തുടക്കം കുറിക്കും. വൈകീട്ട് 5 മണിയോടെ ഇടവകയില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാന പരിപാടികള്‍ അവസാനിക്കും.

അനുഗ്രഹീത വചന പ്രഘോഷകനും, കര്‍മലീത്താ സഭാംഗവുമായ ഫാദര്‍.ദേവസ്യ കാനാട്ടാണ് ഈ വര്‍ഷത്തെ ധ്യാനത്തിന് വചന ശുശ്രൂഷകള്‍ നയിക്കുന്നത്. തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റ അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ദേവസ്യ കാനാട്ട് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കെണ്‍ടക്കിയിലെ ബുര്‍ക്‌സ്‌വില്‍ ഹോളി ക്രോസ്സ് ദേവാലയത്തില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

ധ്യാനത്തിന് ഒരുക്കമായി ഇടവകാംഗങ്ങള്‍ ദിവസവും പ്രത്യക ദിവ്യ കാരുണ്യ പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു.

17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവകയിലെ യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി പ്രശസ്ത നാഷണല്‍ ടീന്‍, യംഗ് അഡല്‍ട്ട് സ്പീക്കര്‍, റിട്രീറ്റ് ലീഡര്‍, ഇവാഞ്ചിലേറ്റര്‍ അലക്‌സ് ഗോട്ടി ജൂനിയര്‍ നയിക്കുന്ന ക്ലാസുകള്‍ ഇതോടൊപ്പം പ്രത്യകമായി നടത്തപ്പെടും.

വലിയ നോമ്പിന്ണ്ട ഒരുക്കമായി നടത്തപ്പെടുന്ന വചനാഭിഷേക ധ്യാനത്തില്‍ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978 9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി (201) 912 6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) (732) 7626744, സാബിന്‍ മാത്യൂ (ട്രസ്റ്റി ) (848) 3918461
വെബ് :www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

മികച്ച ട്രാക്ക് റിക്കോര്‍ഡുമായി ഷാജു സാം ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ഥി

ന്യുയോര്‍ക്ക്: പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1984ല്‍ അമേരിക്കയിലെത്തിയ ഷാജു സാം ഇവിടെ എത്തിയ ഉടന്‍ ചെയ്തത് രണ്ടു കാര്യങ്ങളാണു. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോര്‍ക്കിന്റെ ക്വീന്‍സ് കോളജില്‍ അക്കൗണ്ടിംഗ് ബിരുദത്തിനു ചേര്‍ന്നു. രണ്ടാമതായി അമേരിക്കയിലെ ഏറ്റവും വലുതും ആദ്യകാല സംഘടനകളിലൊന്നുമായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോക്കിന്റെ അംഗത്വമെടുത്തു.

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സംഘടനയുടെ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അത്രയും ചെറുപ്പക്കാരനായ സെക്രട്ടറി ആദ്യമായിരുന്നു.

അന്നു സംഘടനയുടേ ഓഡിറ്റര്‍ ലീല മാരേട്ട് ആയിരുന്നു. ഇപ്പോള്‍ ലീല മാരേട്ട് ഫൊക്കാന പസിഡന്റായി മത്സരിക്കുമ്പോള്‍ ഷാജു സാം ട്രഷററായി രംഗത്തുണ്ട്. 30 വര്‍ഷം ഒരുമിച്ചുള്ള സംഘടനാ പ്രവര്‍ത്തനം ഇനിയും തുടരാന്‍ കഴിയുമെന്നത് ഒരു അനുഗ്രഹമായി ഇരുവരും കരുതുന്നു.
ഇതിനിടയില്‍ ടാക്‌സേഷനില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും നേടിയ ഷാജു വാള്‍ സ്റ്റ്രീറ്റ് ലോ സ്ഥാപനത്തില്‍ അസി. കണ്ട്രോളര്‍ ആയി ജോലി ചെയ്യുന്നു. ബെല്‍റോസില്‍ സ്വന്തമായി അക്കൗണ്ടിംഗ്, ടാക്‌സ് പ്രാക്ടീസുമുണ്ട്.

ഒരു സംഘടനയുടെ ട്രഷര്‍ ആകാന്‍ ആവശ്യത്തിലേറെ യോഗ്യത ഉണ്ടെന്നു വ്യക്തം.
1994ല്‍ കേരള സമാജം പ്രസിഡന്റായി. അപ്പോഴും ആ സ്ഥാനത്തെത്തുന്ന ഏറ്റവും ചെറുപ്പക്കാരനായിരുന്നു. 2001 വീണ്ടും സെക്രട്ടറി. 2012ല്‍ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍. കഴിഞ്ഞ വര്‍ഷം വീണ്ടും പ്രസിഡന്റായി. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗം.

ഇതിനു പുറമെ സാമുഹിക ആത്മീയ മേഖലകളിലും ഷാജു വ്യക്തിമുദ്ര പതിപ്പിച്ചു.വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ യു.എന്‍. പ്രോജക്ട് അംഗമായി നേത്രുതലത്തില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് മെന്‍സ് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്റ് റീജ്യണല്‍ ഡയറക്ടറായിരുന്നു 20152017 കാലത്ത്. മുഖ്യധാരയിലുള്ള ഒട്ടേറെ ചാപ്റ്ററുകളെ നയിക്കുന്നതിനു അത് അവസരമൊരുക്കി
മര്‍ത്തോമ്മാ സഭാ അസംബ്ലി അംഗവും മര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍യൂറോപ്പ് ഡയോസിസിന്റെ ധനകാര്യ ഉപദേശക സമിതി അംഗവുമായും സേവനമനുഷ്ടിച്ചു.

എക്യുമെനിക്കല്‍ രംഗത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.

കേരളത്തിലായിരുന്നപ്പോള്‍ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൊടുമണ്‍ വികസന കമ്മിറ്റിയുടെയും കൊടുമണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയുംസ്ഥാപക സെക്രട്ടറിയാണ്.

കോടുമണ്‍ ഓവില്‍ കുടുംബാംഗം. ഭാര്യ വിനി ഷാജു. മൂന്നു പുത്രന്മാര്‍, ഷെല്‍ വിന്‍, ഷോണ്‍, ഷെയ്ന്‍.

പതിറ്റാണ്ടുകളായി സംഘടനാ രംഗത്തു ലീല മാരേട്ടു നകുന്ന സംഭവനകള്‍ നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലയില്‍ ഫൊക്കാനപ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹയാണു അവര്‍ എന്നതില്‍ തനിക്കു സംശയമൊന്നുമില്ലെന്നു ഷാജുപറഞ്ഞു. ട്രാക്ക് റിക്കോര്‍ഡും പ്രവത്തന മികവുമുള്ള ലീല മാരേട്ട് നേത്ത്വത്തില്‍ വരുമ്പോള്‍ സംഘടന കൂടുതല്‍ കരുത്തു നേടും. പരിചയസമ്പത്തും സേവനതാല്പര്യവുമുള്ള ഷാജുവിനെട്രഷറര്‍ സ്ഥാനത്തേക്കു അവതരിപ്പിക്കുന്നതില്‍ സന്തോഷമുണെന്നു ലീല മാരേട്ട് പറഞ്ഞു.

ആലീസ് ജേക്കബ് (77) ഷിക്കാഗോയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: റാന്നി പട്ടരുമഠത്തില്‍ പരേതനായ പി.എ. ജേക്കബിന്റെ (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി) ഭാര്യ ആലീസ് ജേക്കബ് (77) ഷിക്കാഗോയില്‍ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ലാജി, ജൂലു, ജൂബി, ലെജി, ജൂനു. മരുമക്കള്‍: മഞ്ജു പച്ചിക്കര, ജിബോയി മൂഴിക്കല്‍ വാലയില്‍, സാബു പെരുമാച്ചേരില്‍, ഷൈനി മേലാണ്ടശേരില്‍, ബിജു പുതിയാമഠത്തില്‍ (എല്ലാവരും ഷിക്കാഗോയില്‍).

വേയ്ക്ക് സര്‍വീസ് മാര്‍ച്ച് 16-നു വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളില്‍ (1217 നോര്‍ത്ത് അവന്യൂ, വാക്കീഗന്‍, ഇല്ലിനോയ്‌സ്).

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30-നു സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.