കനേഡിയന്‍ നെഹ്‌റു ട്രോഫിക്കു കേരളാ സര്‍ക്കാരിന്റെ ആശംസകള്‍: മന്ത്രി കടകംപളളി സുരേന്ദ്രന്‍

കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പയിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കി പ്രവാസികളുടെ വള്ളംകളിയുടെ തറവാടായ കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കു കേരള സര്‍ക്കാരിന്റെ അഭിവാദ്യങ്ങളും ആശംസകളും കേരള സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. അറിയിച്ചു. ഏതാണ്ട് പതിനാറു ടീമുകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരത്തില്‍ വിജയിക്കുന്ന ടീമിനു നല്‍കാനുള്ള “കാനേഡിയന്‍ നെഹ്‌റു ട്രോഫി” മന്ത്രി ശ്രീ കടകമ്പള്ളി സുരേന്ദ്രന്‍ സമാജം പ്രസിഡണ്ട് കുര്യന്‍ പ്രാക്കാനത്തിനു കൈമാറി പ്രവാസി വള്ളംകളിയുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചു.തുടര്‍ന്ന് ഈ വര്‍ഷത്തെ വിജയികള്‍ക്കുള്ള ട്രോഫി പ്രയാണം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്ന് ആരംഭിച്ചു.

കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ലോകത്തുള്ള എല്ലാ മലയാളികളുടെയും പേരില്‍ അദ്ദേഹം ആശംസകള്‍ അറിയിച്ചു.വള്ളംകളി മലയാളികളുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറിയ ശ്രദ്ധേയമായ ഒരു ഉത്സവമാണ്. കേരളത്തിന്റെ തനിമ മലയാളികള്‍ ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും ഉപേക്ഷിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ മഹത്തായ വള്ളംകളി എന്നു അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം അഭിവാദ്യങ്ങള്‍ നേര്‍ന്നു. ചടങ്ങില്‍ ജോയി സെബാസ്റ്റ്യന്‍, സോമോന്‍ സക്കറിയ , കിഷോര്‍ പണ്ടികശാല , മോന്‍സി തോമസ്, ശ്രീരാജ് , മത്തായി മാത്തുള്ള തുടങ്ങിയവര്‍ പങ്കെടുത്തു

ഫിലാഡല്‍ഫിയയില്‍ നിന്ന് മന്ത്രി കടകമ്പള്ളി അഭിവാദ്യം അര്‍പ്പിച്ചു സമാജം പ്രസിഡണ്ട് കുര്യന്‍ പ്രാക്കനത്തെയും സമാജം സംഘടകരെയും പരമേല്പ്പിച്ച വിജയികള്‍ക്കു സമ്മാനിക്കുവാനുള്ള ട്രോഫിമായുള്ള പ്രചരണ പ്രയാണത്തിന് ജൂലൈ 29 നു കാനഡയിലെ ബ്രംപ്ടനില്‍ വള്ളംകളി പ്രേമികളും, ടീമുകളും,സംഘാടകരും ചേര്‍ന്ന് സ്വീകരണം നല്‍കുന്നതാണെന്ന് സമാജം സെക്രട്ടറി ലതാ മേനോന്‍ ,വള്ളംകളി സ്വാഗത സംഘം ചെയര്‍മാന്‍ ബിനു ജോഷ്വാ , വള്ളംകളി കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായ വള്ളംകളി മലയാളിയുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്.ആ വള്ളംകളിയെ പ്രവാസികളുടെ പറുദീസായായ കാനഡയിലേക്ക് ബ്രംപ്ടന്‍ സമാജം !കഴിഞ്ഞ ഏതാണ്ടു പത്തുവര്‍ഷമായി പറിച്ചു നട്ടി വളര്‍ത്തിയപ്പോള്‍ ഇന്നാട്ടിലെയും യു എസ് എ യിലേയും മലയാളി സമൂഹവും സംഘടനകളും, വ്യവസായികളും പൊതുജനവുമെല്ലാം അതിനെ കേവലം ഒരു സമാജത്തിന്റെ പരിപാടി എന്നതില്‍ ഉപരി അക്ഷരാര്‍ത്ഥത്തില്‍ നോര്‍ത്ത് അമേരിക്കയിലെ തന്നെ മലയാളികളുടെ ഒരു മാമാങ്കമായി രൂപപ്പെടുത്താന്‍ സഹായിച്ചുവെന്ന് സമാജം വൈസ് പ്രസിഡണ്ട് ലാല്‍ജി ജോണ്‍, സാം പുതുക്കേരില്‍ ട്രഷറര്‍ ജ്ജോജി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ശ്രീമതി ഷൈനി സെബാസ്റ്റ്യന്‍, റേസ്‌കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗിസ്ന്‍ സ്വാഗത സംഘം വൈസ് ചെയര്‍ സിന്ധു സജോയ്, ഷിബു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഇന്നറിയാം ഭാഗ്യശാലിയെ, ആ മെഴ്‌സിഡസ് ബെന്‍സ് ആര്‍ക്ക്?

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി ആരു സ്വന്തമാക്കാമെന്നു ഇന്നറിയാം. ഒപ്പം, 40 ഗ്രാം സ്വര്‍ണ്ണം വീതം രണ്ടു പേര്‍രെയും എറ്റവും പുതിയ ഐ ഫോണ്‍ എക്‌സ് മൂന്നു പേരെയും കാത്തിരിക്കുന്നു. ഭാഗ്യശാലികളെ കണ്ടെത്താന്‍ ഇനി അധികനേരമില്ല. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഇന്നു വിരാമമാകുന്നത്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥമാണ് റാഫിള്‍ നറുക്കെടുപ്പു നടത്തുന്നത്. ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമാണ് ബെന്‍സ് എസ്.യു.വി. വിപുലമായ സജ്ജീകരണങ്ങളാണ് നറുക്കെടുപ്പിനായി നടത്തിയിരിക്കുന്നത്. പെന്‍സില്‍വേനിയയിലെ കലഹാരി കണ്‍വന്‍ഷന്‍ സെന്ററിലാണ് ത്രിദിന ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സ് 21-നു സമാപിക്കും. അതിനു മുന്‍പായി നടത്തുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് തിരികെ വീട്ടിലേക്ക് ഓടിച്ചു പോകാനുള്ള കാര്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ലോബിയില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു ഡിസ്‌പ്ലേ ചെയ്തിരിക്കുകയാണ്. കോണ്‍ഫറന്‍സിനു മുന്നോടിയായി നടത്തിയ ഘോഷയാത്രയിലും ബെന്‍സ് കാര്‍ താരമായി അവതരിപ്പിച്ചിരുന്നു. ഭാഗ്യദേവത ആരുടെ കൂടെയാണെന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം, ഏതാനും മണിക്കൂറുകള്‍ കൂടി. ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നായി 1040 അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമേ, നിരവധി വിശ്വാസികള്‍ റാഫിളില്‍ ഭാഗ്യം മാറ്റുരക്കുന്നു. അവരുടെ ദിവസങ്ങള്‍ നീണ്ട ഉദ്വേഗത്തിനാണ് ഇന്ന് അവസാനമാവുക. അത് ആരന്നറിയാന്‍ ഇനി മണിക്കുറുകള്‍ മാത്രം.

ജോര്‍ജ് തുമ്പയില്‍

വിശ്വാസദീപ്തിയില്‍ മുങ്ങി കോണ്‍ഫറന്‍സ് രണ്ടാം ദിനം

കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): ആത്മീയ അഭിവൃദ്ധിയും മാനസികോല്ലാസവും ലക്ഷ്യമായ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിനം വിശ്വാസപ്രഭയില്‍ മുഴുകി. രാത്രിപ്രാര്‍ത്ഥനയോടെയായിരുന്നു വ്യാഴാഴ്ച പരിപാടികള്‍ക്കു തുടക്കമിട്ടത്. വെരി. റവ. പൗലോ സ് ആദായി കോര്‍ എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി. മുതിര്‍ന്നവര്‍ക്കായി റവ. ഡോ. ജേക്കബ് കുര്യനും കുട്ടികള്‍ക്കായി ഫാ.വിജയ് തോമസ്, അമല്‍ പുന്നൂസ് എന്നിവരും ചിന്താവിഷയത്തിലൂന്നി സംസാരിച്ചു.

തുടര്‍ന്നു നടന്ന സൂപ്പര്‍സെഷനുകള്‍ക്ക് റവ.ഡോ.ജേക്കബ് കുര്യന്‍, ഫാ.ജേക്ക് കുര്യന്‍, ഫാ. മാത്യു ടി. മാത്യു, ഡോ. അന്ന കുര്യാക്കോസ്, ഡീക്കന്‍ ഗീവര്‍ഗീസ് കോശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിവസം ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രധാന പ്രാസംഗികന്‍ റവ.ഡോ. ജേക്കബ് കുര്യന്‍ വിശ്വാസികളെ പുതിയ ഒരു ആത്മീയ ഉണര്‍വിലേക്കു നയിച്ചു.

ചിന്താവിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ രണ്ടു തരത്തിലുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവം വിവരിക്കുകയുണ്ടായി. ആത്മീയതയുടെ ആഘോഷമായ കോണ്‍ഫറന്‍സ് എല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ അനുഭവം നല്‍കട്ടെയെന്ന് ആശംസിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ നേതൃത്വം ഐക്യത്തിന്റെ പുതുജീവന്‍ നല്‍കി മുന്നോട്ടു കൊണ്ടു പോകാന്‍ വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ ഉന്നതിയുടെ നല്ല സാക്ഷ്യത്തിന്റെ മറ്റൊരു അധ്യായം ഇവിടെ തുറക്കുന്നതായി കാണുന്നുവെന്ന് അഭിപ്രായപ്പെട്ടു.

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവവും അന്നത്തെ ചിന്താവിഷയമായിരുന്നു. പരസ്പരം ഭാരങ്ങളെ ചുമക്കുക എന്ന വിഷയത്തെപ്പറ്റി ഓര്‍ക്കുകയും ചെയ്തു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. സ്‌നേഹവും വെറുപ്പും മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഘടകങ്ങളാണ്. സ്വന്തം വീട്ടില്‍ അന്യരാകുന്ന അനുഭവം, മക്കള്‍ തമ്മില്‍ യോജിച്ചു പോകാന്‍ സാധിക്കാത്ത അനുഭവങ്ങള്‍, ഇതൊക്കെയും നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ധാരാളം ആള്‍ക്കാര്‍ വേദനിക്കുന്നുണ്ട്. ഇവിടെയും കഷ്ടതയും സഹനവും നാം കാണുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് ഒന്നേ ചിന്തിക്കാനുള്ളു. അത് ദൈവവചനമാണ്. കായിക്കുന്നതും കായിക്കാത്തതുമായ മരങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിച്ചതു പോലെ ഇതെല്ലാം വചനത്തില്‍ തട്ടിയ, ഹൃദയത്തില്‍ തട്ടിയ ചില ആവിഷ്‌ക്കാരങ്ങള്‍ ആയിരുന്നു. എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവെ എന്നു ക്രിസ്തു ശിഷ്യനായ തോമസ് ഏറ്റു പറഞ്ഞ വിശ്വാസ പ്രഖ്യാപനമാണ് ഭാരതസഭകള്‍ മാര്‍ത്തോമ്മന്‍ പാരമ്പര്യത്തിനടിസ്ഥാനമായി കാണുന്നത്. അതു തന്നെയാണ് മാര്‍ത്തോമ്മന്‍ മാര്‍ഗ്ഗവും. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ച മാര്‍ത്തോമ്മയുടെ സാക്ഷ്യം-തോമ്മ മാര്‍ഗ്ഗമായി എന്നു റവ.ഡോ. ജേക്കബ് കുര്യന്‍ പ്രസ്താവിച്ചു.

മാര്‍ത്തോമ്മ പാരമ്പര്യവും 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ക്രൈസ്തവ സഭ മാര്‍ത്തോമ്മന്‍ പാരമ്പര്യം അവകാശപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പാരമ്പര്യവും ഭാഷയും സാംസ്‌കാരികതയും നിറഞ്ഞ ഭാരതത്തില്‍ മാര്‍ത്തോമ്മ സുവിശേഷം അറിയിച്ചത് മുഖ്യമായും യഹൂദന്മാരുടെയും ദ്രാവിഡരുടെയും ബ്രാഹ്മണരുടെയും ഇടയിലാണ്.

അങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ജനസമൂഹത്തെയാണ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് വിളിച്ചു ചേര്‍ത്തത്. ആയതിനാല്‍ ബ്രാഹ്മണരെ മാത്രമല്ല, ഇതര ജാതിക്കാരെയും ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു തിരിച്ചു, ജേക്കബ് കുര്യന്‍ അച്ചന്‍ പ്രസ്താവിച്ചു.

വ്യക്തിത്വവും ആദര്‍ശവും ആത്മീയതയും സമന്വയിപ്പിച്ചവരില്‍ ചുരുക്കം ചില വൈദികരില്‍ ഒരാളാണ് റവ.ഡോ. ജേക്കബ് കുര്യന്‍ എന്നു അച്ചനെ സ്വാഗതം ചെയ്തു കൊണ്ട് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ.വറുഗീസ് എം. ഡാനിയല്‍ പറഞ്ഞു.

ഉച്ചതിരിഞ്ഞ് കായികമത്സരങ്ങള്‍ നടന്നു. കായിക മത്സരങ്ങള്‍ അത്യന്തം വാശിയോടും വീറോടും കൂടി നടത്തപ്പെട്ടു. കായികമത്സരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ സജി താമരവേലില്‍ നേതൃത്വം നല്‍കി. വൈദികരും അത്മായരും ഒത്തൊരുമിച്ചു വിവിധ ഇനങ്ങളില്‍ മത്സരിച്ച് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച കായിക മത്സരങ്ങളില്‍ താഴെ പറയുന്നവര്‍ വിജയികളായി. ക്യാന്‍ഡി പിക്കിങ് ജൂണിയര്‍ വിഭാഗത്തില്‍ ലിസി മാത്യു, ലൈല രാജു, ജോയ് രാജു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മൈക്കല്‍ ജോര്‍ജ്, എമ്മ മാത്യു, മരിയ ജോര്‍ജ് എന്നിവര്‍ വിജയികളായി. ലെമണ്‍ ആന്‍ഡ് സ്പൂണ്‍ മത്സരത്തില്‍ റോസ്ലിന്‍ മാത്യു, സാറാമ്മ സ്‌കറിയ എന്നിവര്‍ വിജയികളായി. സീനിയര്‍ വിഭാഗത്തില്‍ ജെറൈ ജോസ്, പോള്‍ ജോണ്‍, വിന്‍സണ്‍ മാത്യു എന്നിവര്‍ സമ്മാനാര്‍ഹരായി. മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ ഒന്നാം സമ്മാനം നേടി. കുര്യന്‍ കെ. ഈപ്പന്‍, ജോണ്‍ താമരവേലില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. അത്മായര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ സാറാമ്മ സ്‌കറിയ, അജു തര്യന്‍, സൂസന്‍ ജോസ് എന്നിവര്‍ വിജയികളായി.

ബോട്ടില്‍ ഫില്ലിങ് ചലഞ്ച് ഒന്നാം സമ്മാനം ആലിസ് വറുഗീസ്, സൂസന്‍ ജോസ്, റോസ്ലിന്‍ മാത്യു എന്നിവര്‍ക്കാണ്. മറ്റു വിഭാഗത്തില്‍ സോണി മാത്യു, ഷാജി വറുഗീസ്, വില്‍സണ്‍ മാത്യു എന്നിവരും സമ്മാനാര്‍ഹരായി.

ബോള്‍ മത്സരത്തില്‍ വിന്‍സണ്‍ മാത്യു, ജോസ് ലൂക്കോസ്, പ്രീതി ഷാജി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷോട്ട്പുട്ടില്‍ റവ.ഫാ. സണ്ണി ജോസഫ്, വിന്‍സണ്‍ മാത്യു, ജോസ് ലൂക്കോസ് എന്നിവര്‍ക്കായിരുന്നു സമ്മാനം. മറ്റൊരു വിഭാഗത്തില്‍ റോസ്ലിന്‍ മാത്യു, ഷീന ജോസ്, ഷൈനി രാജു എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ടഗ് ഓഫ് വാര്‍ ഒന്നാം സമ്മാനം സ്ത്രീകളുടെ വിഭാഗത്തില്‍ ഷീന ജോസ് ആന്‍ഡ് ടീം നേടിയപ്പോള്‍ പുരുഷന്മാര്‍ക്കുള്ള സമ്മാനം പോള്‍ കറുകപ്പള്ളിലും ടീമും സ്വന്തമാക്കി. കലഹാരി വാട്ടര്‍ പാര്‍ക്കിലും കായിക ഇനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ ക്രിസ്ത്യന്‍ യോഗ ക്ലാസ്സെടുത്തു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ ക്രിസ്ത്യന്‍ യോഗ പഠിപ്പിച്ചത് ഏറെ പ്രയോജനകരമായി. ‘ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു’ എന്നു പറഞ്ഞ യേശുവിന്റെ വചനം മനസ്സില്‍ ധ്യാനിച്ച് ശ്വാസം എടുക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് ദൈവത്തിന്റെ പ്രകാശം കടന്നു വരുകയും ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ നമ്മിലുള്ള എല്ലാ അശുദ്ധിയും പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നു വിശ്വസിച്ച് ഈ യോഗ ചെയ്യുന്നതിലൂടെ ഹൃദയം വിശുദ്ധിയില്‍ സൂക്ഷിക്കാമെന്നതാണ് അച്ചന്റെ തത്ത്വം. യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എങ്ങനെ ശരീരം ഫിറ്റ് ആയി കാത്തു സൂക്ഷിക്കുകയും ദൈവത്തെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്ന് അച്ചന്‍ പഠിപ്പിച്ചു.

കുരുടന്റെ പ്രാര്‍ത്ഥനയായ യേശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നേണമേ എന്ന പ്രാര്‍ത്ഥന, അതു പോലെ കുറിയേലായിസ്സോന്‍ എന്നീ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു കൊണ്ട് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിലൂന്നി പലതരം വ്യായാമങ്ങള്‍ അച്ചന്‍ കാണിച്ചു തരികയും എല്ലാവരെയും കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഹിന്ദുയോഗയിലെ സൂര്യ നമസ്‌ക്കാരത്തെ അച്ചന്‍ യേശു നമസ്‌ക്കാരമാക്കി മാറ്റി പഠിപ്പിച്ചു.

ദിവസേനയുള്ള യോഗ പരിശീലനം ആസ്തമ, പുറം വേദന മുതലായ അസുഖങ്ങള്‍ക്ക് വളരെ ഗുണകരാണെന്നു അച്ചന്‍ പറഞ്ഞു. തുടര്‍ന്നു ഫാ. ജോണ്‍ തോമസ് ധ്യാനപ്രസംഗം നടത്തി. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളെപ്പറ്റിയുള്ള വിവരണം കൗണ്‍സില്‍ അംഗം ഡോ.ഫിലിപ്പ് ജോര്‍ജ് നല്‍കി. ഭദ്രാസന റിട്രീറ്റ് സെന്ററിനെപ്പറ്റിയുള്ള വീ ഡിയോ പ്രസന്റേഷന്‍ ജെയ്‌സണ്‍ തോ മസ് നടത്തി. മാര്‍ നിക്കോളോവോസ്, ഫാ. കെ.കെ. കുര്യാക്കോസ് എന്നിവരും പ്രസംഗിച്ചു. ഭദ്രാസന ഇടവകള്‍ അവതരിപ്പിച്ച പരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.

രാജന്‍ വാഴപ്പള്ളില്‍

ഡാലസ് ഹെവന്‍ലി കോള്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 27 മുതല്‍ 29 വരെ

ഡാലസ്: ഹെവന്‍ലി കോള്‍ മിഷന്‍ 2018 വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 27 മുതല്‍ 29 വരെ ഡാലസില്‍ വച്ചു നടത്തപ്പെടുന്നു. 2605 എല്‍ബിജെ ഫ്രീവേയിലുള്ള ചര്‍ച്ച് ഹാളില്‍ ജൂലൈ 26, 27 തിയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെയും ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഒരു മണി വരേയുമാണ് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ചര്‍ച്ച് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ കൃത്യ സമയത്തു തന്നെ യോഗങ്ങള്‍ ആരംഭിക്കും. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ റന്‍ജിത് ജോണ്‍ അറിയിച്ചു. സുപ്രസിദ്ധ ഉണര്‍വ് പ്രസംഗികനും, വചന പണ്ഡിതനുമായ പാസ്റ്റര്‍ ജോമോന്‍ ജോസഫാണ് വചന പ്രഘോഷണം നടത്തുന്നത്.

സ്ഥലം: ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ച്, 2605 എല്‍ബിജെ ഫ്രീവെ, ഡാലസ്, ടെക്‌സസ് 75234. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.heavenlycall.com, Ph- 214 422 6208.

പി.പി. ചെറിയാന്‍

വീടിനകത്ത് ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ച് സിറ്റിയുടെ ഉത്തരവ്

പിറ്റ്‌സ്ബര്‍ഗ് : പിറ്റ്ബര്‍ഗില്‍ നിന്നും 15 മൈല്‍ അകലെയുള്ള സ്യൂക്കിലി ഹൈറ്റസ് ബൊറൊ സിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് സിറ്റി അധികൃതര്‍ ഉത്തരവിറക്കി.

സോണിങ്ങ് റസ്ട്രിക്ഷന്‍ ഉള്ളതുകൊണ്ടാണ് സ്‌ക്കോട്ട് ആന്റ് ടെറിയുടെ വസ്തുവിനകത്തു മതപരമായ ചടങ്ങുകള്‍ നിരോധിച്ചു സോണിങ്ങ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്ന് സിറ്റി അധികൃതര്‍ പറയുന്നു.യു എസ് ഭരണ ഘടനാ വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവ നിഷേധിക്കുന്നതാണ് സിറ്റിയുടെ ഓര്‍ഡിനന്‍സെന്നു റീലിജിയസ് ലിബര്‍ട്ടി ലൊ ഫേം വ്യക്തമാക്കി.

ജൂലൈ 18 ബുധനാഴ്ച സിറ്റിയുടെ തീരുമാനത്തിനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ലൊ ഫേം അറിയിച്ചു.2003 ല്‍ ഈ വസ്തുവാങ്ങുമ്പോള്‍ ഇവിടെ പ്രാര്‍ത്ഥനകളും ബൈബിള്‍ ക്ലാസുകളും നടന്നിരുന്നതായി പുതിയ ഉടമസ്ഥരായ സ്‌കോട്ട് ആന്‍ഡ് ടെറി പറയുന്നു. ഉത്തരവ് ലംഘിച്ചു ബൈബിള്‍ ക്ലാസ് നടത്തിയാല്‍ ദിവസം 500 ഡോളര്‍ വീതം ഫൈന്‍ ഈടാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

ഒഹായോ സംസ്ഥാനത്തെ ആദ്യ വധശിക്ഷ നടപ്പാക്കി

ഒഹായൊ: നീണ്ട മുപ്പതു വര്‍ഷം ഡത്ത് റോയില്‍ കിടന്നിരുന്ന റോബര്‍ട്ട് വാന്‍ ഹുക്കിന്റെ (58) വധശിക്ഷ ജൂലൈ 18 ന് ബുധനാഴ്ച ഒഹായൊ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് കറക്ഷന്‍ സെന്ററില്‍ നടപ്പാക്കി.11985 ഫെബ്രുവരി 25 ന് ഡൗണ്‍ടൗണ്‍ (സിന്‍സിയാറ്റി) ബാറില്‍ വെച്ചു പരിചയപ്പെട്ട ഡേവിഡ് സെല്‍ഫിനെ (25) വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി.

കയ്യിലുള്ളതെല്ലാം കവര്‍ച്ച ചെയ്ത ശേഷം കുത്തി കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്.ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഡത്ത് ചേമ്പറില്‍ എത്തിച്ച റോബര്‍ട്ട് സെല്‍ഫിന്റെ കുടുംബാംഗങ്ങളോട് മാപ്പപേക്ഷിച്ചു.

തുടര്‍ന്ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു രണ്ടു മിനിറ്റിനകം ശരീരം നിശ്ചലമായി. ബാല്യകാലത്തില്‍ അനുഭവിക്കേണ്ടി വന്ന മനസിക ശാരീരിക പീഡനമാണ് ഇയാളെ കൊലപാതകിയാക്കിയതെന്നുള്ള വാദം വധശിക്ഷ ഒഴിവാക്കുന്നതിനു മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

ജൂലായ് 17 നായിരുന്ന ടെക്‌സസ്സില്‍ മറ്റൊരു വധശിക്ഷ നടപ്പാക്കിയത്. ഒഹോയൊയിലെ 2018 ലെ ആദ്യ വധ ശിക്ഷയായിരുന്നു ജൂലൈ 18 ന് നടപ്പാക്കിയത്. അമേരിക്കയില്‍ നടപ്പാക്കിയ 14 വധശിക്ഷകളില്‍ എട്ടും ടെക്‌സസിലായിരുന്നു.

പി.പി. ചെറിയാന്‍

മദമിളകിയ വൈദികരും മലിനമായ ആത്മീയതയും

വൈദീകവൃത്തിയിൽ പതിറ്റാണ്ടുകൾ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതംനയിക്കുന്ന ഒരു കോർഎപ്പിസ്‌ക്കോപ്പയിൽ നിന്നും ‘ചില മദമിളകിയ അച്ചന്മാർ’ എന്നപ്രയോഗം കേട്ടപ്പോൾ ഞെട്ടാതിരുന്നില്ല. അൽപ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ്അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകൾ ഫോണിലൂടെ വ്യക്തമായികേൾക്കാനും കഴിഞ്ഞിരുന്നു. വിരിപ്പിനടിയിൽ കിടക്കുന്ന എല്ലാ കീടങ്ങളും പുറത്തു വരണേഎന്നാണ് തന്റെ പ്രാർഥന എന്നാണ് സഭയുടെ ഉന്നത സമിതിയായ മാനേജിങ് കമ്മറ്റിയിൽപ്രവർത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരു ഗൾഫുകാരന്റെ ഭാര്യക്ക് നിരന്തരംശല്യമായിരുന്ന ഒരു പാതിരിയെ ഈ അടുത്ത കാലത്താണ് വിരട്ടി മാറ്റിയതെന്ന് അദ്ദേഹംപറഞ്ഞു.

പള്ളിയുടെ ബേസ്‌മെന്റിൽ വച്ച് തോമസ് കൈപിടിച്ച് നിറുത്തി, ‘ എന്താ ഈ കേൾക്കുന്നത്, ഈ കഥകൾ വിശ്വസിക്കാമോ, ഞങ്ങൾ ശരിക്കു ഉറങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയി.വല്ലാതെ ഉലച്ചു കളഞ്ഞു.. തോമസിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരും, ചുണ്ടിലെവിറയലും കൈയിലെ പിടിയുടെ മുറുക്കവും , ഒരു സാധാരണ വിശ്വാസിയുടെആത്മനൊമ്പരത്തിന്റെ തുടിപ്പുകളായിരുന്നു. ഇത്തരം ഒരു വലിയ കൂട്ടം നിഷ്കളങ്കരായസാധാരണക്കാരുടെ ഹൃദയത്തിലൂടെ കടുന്ന പോയ തീപിടിപ്പിച്ച കത്തിയാണ് ഉൾകൊള്ളാൻശ്രമിക്കുന്നത്.

പൗരോഹിത്യത്തിനു ഇത്രയും വില നഷ്ട്ടപ്പെട്ട സമയമില്ല. വൈദീകർ വേട്ടമൃഗങ്ങളെപ്പോലെപെരുമാറുന്നു എന്നത് സമുന്നത കോടതിയുടെ ഭാഷയാണ്. എന്നാൽ ആദരിക്കപ്പെടേണ്ടവിശുദ്ധിയുള്ള ഒരു കൂട്ടം പുരോഹിതർ ബലിയാടുകളായി ഇകഴ്ത്തപ്പെടുന്നതിൽഅസഹിഷ്‌ണുതരായ ഒരു വലിയ കൂട്ടം വിശ്വാസികളും ഉണ്ട്. കാലപ്പഴക്കത്തിൽ എല്ലാനിരയിലും കടന്നുവരാവുന്ന പുഴുക്കുത്തുകൾ അക്കമിട്ടു നിരത്തി വെടിപ്പാക്കുകയാണ്അഭികാമ്യം. ആദിമ കാലം തൊട്ടേ തിരഞ്ഞെടുക്കപ്പെട്ടവരോ സ്വയം നേടിയെടുത്തവരോആയ അഭിഷിക്തരായവരെല്ലാം വെടിപ്പോടെ ശുശ്രൂഷിക്കുന്നു എന്ന് പറയാനാവില്ല. ഭക്തിയുടെ മറവിൽ യുക്തിനഷ്ട്ടപ്പെട്ട, ചഞ്ചലചിത്തരായ ലോലഹൃദയരെ, ഭീതിയുംപ്രലോഭനവും നീട്ടി നിരന്തരമായി ചൂഷണം ചെയ്യുന്ന പ്രകൃതം എല്ലാ അധികാരകേന്ദ്രങ്ങളിലും കാണാനാവും. എന്നാൽ തെറ്റുകൾ ചൂണ്ടികാണിച്ചു ദിശാബോധം നൽകേണ്ടപ്രകാശ ഗോപുരങ്ങൾ നിരാശ ഗോപുരങ്ങളായി അധപ്പതിക്കുന്നത് കാണേണ്ടി വരുന്നു.

വിധിയുടെ ബലിമൃഗങ്ങൾ പലതരം

സഭയുടെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഒരു യോഗത്തിലേക്ക് ഒരു വൈദികനെ ക്ഷണിക്കാൻജോസിനെയും എന്നെയുമാണ് നിയോഗിച്ചിരുന്നത്. ആശ്രമത്തിലാണ് വൈദികൻതാമസിക്കുന്നത്. ജോസ് വളരെ അസ്വസ്ഥനായി തിടുക്കത്തിൽ പുറത്തേക്കു വരുന്നു, ബാനമുക്ക് പോകാം എന്ന് എന്നോട് പറഞ്ഞു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല. അയാളുടെഒരു വൃത്തികെട്ട നോട്ടം, അടിമുടി അയാൾ കൊതിയോടെ തന്നെ നോക്കുകയായിരുന്നു’, തിരികെ യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല അത്രയ്ക്ക് തളർത്തിക്കളഞ്ഞു ആവൈദീകൻറെ നോട്ടം. ആ വൈദീകൻ ഒരു ബോയിസ് റെസിഡൻസ് സ്കൂളിന്റെ വാർഡൻആയിരുന്നു. അദ്ദേഹം പിന്നീട് മെത്രാൻ സ്ഥാനാർഥിയായി മത്സരിച്ചു എന്നും കേട്ടിരുന്നു. ആവൈദീകനും ജോസും ഇന്ന് ജീവനോടില്ല. ഒരു അപകടത്തിൽ മരണപ്പെട്ട ജോസിനെഓർക്കുമ്പോൾ, ആശ്രമത്തിൽ നിന്നും പുറത്തേക്കു വന്ന ആ ചെറുപ്പക്കാരന്റെ മുഖംഒരിക്കലും മറക്കാനാവില്ല.

കുറച്ചുനാൾ മുൻപ് ഒരു സംഘടനയുടെ ചാരിറ്റിവിതരണം നടത്തുവാനായി തൃശൂർ ഉള്ള ഒരുസഭാ കേന്ദ്രത്തിൽ പോയി. ഉന്നതനായ ഒരു വൈദീകനും കൂടെ കുറെ വൈദീകരും ഉള്ള ഒരുമീറ്റിങ്ങായിരുന്നു. മീറ്റിംഗിന് ശേഷം പ്രധാന വൈദീകൻ കൈ പിടിച്ചു കുലുക്കി, കൈവിടുന്നില്ല, പിന്നെ ചൂണ്ടു വിരൽ കൊണ്ട് കൈയ്യിൽ തടവാൻ തുടങ്ങി, ഒരുവിധംഅവിടെനിന്നു രക്ഷപെട്ടു എന്ന് പറയാം. പീഡനം എന്ന് പറയുമ്പോൾ അൽപ്പം തൊലിവെളുപ്പു ഉള്ള ആൺ കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പീഡനങ്ങൾ അറിയാതെപോകുന്നു. പുരോഹിതന്മാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒക്കെ ആണുങ്ങൾ നേരിടുന്നഓക്കാനം വരുന്ന ഇത്തരം പ്രവൃത്തികൾ എവിടെയും രേഖപ്പെടുത്തുന്നില്ല, പക്ഷെ ചിരിച്ചുതള്ളുന്നതിനു മുൻപേ, നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്.

ദിശാബോധം നക്ഷപെട്ട ചില വൈദികർ

വിളിക്കു യോഗ്യമായതു പ്രവർത്തിക്കാതെ വിനോദയാത്രകൾ, വിശുദ്ധനാട്സന്ദർശനം,ട്രാവൽ ഏജൻസി, ഭൂമി ഇടപാടുകൾ, കൊയർ പരിപാടികൾ, റിയൽ എസ്റ്റേറ്റ്, ഉണർവ് കൺവൻഷനുകൾ, ധ്യാനം, കൗൺസിലിംഗ് തുടങ്ങി നിരവധി ഉടായിപ്പുപ്രസ്ഥാനങ്ങളുമായി ഊരു ചുറ്റുന്നവർ വർധിച്ചു വരുന്നു. വിശുദ്ധകുർബാന കൃത്യവുംയുക്തവും ആയി നടത്തണം എന്ന് കർക്കശമുള്ള ഒരു വൈദികൻ ഒരു ഞായറാഴ്ച പതിനേഴുമിനിട്ടു താമസിച്ചാണ് പ്രഭാത പ്രാർഥന തുടങ്ങിയത്. വിശുദ്ധസ്ഥലത്തു നില്കേണ്ടവരുംകാര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നെങ്കിലും, പ്രാർഥന തുടങ്ങാൻ താമസിച്ചതിന്റെ കാരണംശിശ്രൂകർക്ക് കൃത്യമായി മനസിലായി. അന്ന് ധരിക്കേണ്ട തിരുവസ്ത്രത്തിന്റെ മാച്ചിങ് വേഷത്തിൽ ഒരു തരുണീമണി വന്നു നേരിട്ട് നിന്നപ്പോഴാണ് പ്രാർഥനകൾ ആരംഭിച്ചത്. വലിയനോമ്പിലെ ധ്യാനവും കുമ്പസാരത്തിനും ശേഷം വൈകിട്ട് വൈദികന്റെ മുറിയിൽവിവാഹിതയായ സ്‌ത്രീ കൂസലില്ലാതെ കയറുകയും വിളക്ക് അണയുകയും ചെയ്യുന്നത്കണ്ടതായി ഒരാൾ ഊമകത്തയച്ചു. ആ കത്ത് ഇപ്പോഴും വിശുദ്ധ ഗ്രന്ഥത്തിൽ വച്ചിരിക്കുന്നു. എന്നെങ്കിലും ദൈവം ഇതൊക്കെ കാണാതിരിക്കുമോ? പിടിക്കപ്പെടും എന്ന് അറിഞ്ഞയുടൻഅവധിയിൽ പ്രവേശിച്ചു ഒളിഞ്ഞും വളഞ്ഞും നിന്ന് കുർബാന അർപ്പിക്കുന്നവരെയുംചിലർക്കറിയാം.

ഏതോ പാശ്ചാത്യ സെമിനാരിയിൽ നിന്നും എങ്ങനെയോ ഒരു പ്രബന്ധം എഴുതിച്ചു പണംകൊടുത്തു നേടുന്ന ഡോക്ടറേറ്റ് ബിരുദവുമായി സെമിനാരിയിൽ ആദ്ധ്യാപകരായി എത്തുന്നഉഡാപ്പി ജാഡ-പണ്ഡിതർക്കു വൈദികവിളിക്ക് യോഗ്യമായ പരിശീലനം നല്കാൻ പറ്റില്ല. നവാഗതർക്കുള്ള റാഗിങ്ങും ആഭാസത്തരങ്ങളും ഒട്ടും കുറവല്ല സെമിനാരികളിൽ എന്ന്കേൾക്കുന്നു. അലമ്പ് കണ്ടു വിശുദ്ധ കുർബാന നിർവഹിക്കാൻ എത്തിയ ഒരു മെത്രാൻസഹികെട്ടു പുറത്തു പോയി എന്നും കേട്ടിരുന്നു. സെമിനാരി പ്രിൻസിപ്പലിന്റെ മുറി അടിച്ചുപൊളിക്കുക തുടങ്ങി നിരവധി വഷളത്തങ്ങളുടെ കേന്ദ്രമായി ഇത്തരം വൈദിക പരിശീലനകേന്ദ്രങ്ങൾ മാറിപ്പോയെങ്കിൽ കാര്യമായ തകരാറു എവിടെയാണെന്ന് ചിന്തിക്കണം. പരീക്ഷയിൽ കോപ്പി അടിച്ചു പിടിച്ച ഒരു അധ്യാപകനെ വിരട്ടി രാജിവപ്പിക്കാനും ചിലർതയ്യാറായി. എന്താണ് ഇവിടെ പരിശീലിപ്പിക്കുന്നതെന്നു വിശ്വാസികൾക്ക് അറിയില്ല. പാവങ്ങൾ ഓരോ വർഷവും കനത്ത സംഭാവനകൾ നൽകി ഇവ നിലനിർത്തുന്നു.

വിശുദ്ധ ആരാധനയിൽ സംബന്ധിക്കുമ്പോൾ ധരിക്കേണ്ട തിരു വസ്ത്രങ്ങൾ അവഅയോഗ്യമായ ഒരു സ്പർശ്ശനം പോലും ഏൽക്കാത്ത ഉടയാടകളാണ്. എന്നാൽ കാൻഛീപുരംപട്ടു സാരി പൊതിഞ്ഞപോലെ വിവിധ വർണങ്ങളിൽ മിനുക്കുകൾ പിടിപ്പിച്ചു തങ്ങൾ ഏതോദൈവീക ദൂതന്മാരാണെന്നു കാണിക്കുവാൻ കാട്ടുന്ന വിലകുറഞ്ഞ ഷോ കാണുമ്പൊൾ തലകുനിഞ്ഞു പോകും അല്ലാതെ അവർ എറിഞ്ഞു തരുന്ന സമാധാന ശരങ്ങൾ സ്വീകരിക്കാനല്ലകുനിയേണ്ടി വരുന്നത്. പെരുനാളുകൾക്കു ശേഷം പട്ടിൽ പൊതിഞ്ഞ തിരുവസ്ത്രങ്ങളുമായിവടിയും മുടിയും പിടിച്ചു നിൽക്കുന്ന ഈ കൂട്ടരെ കണ്ടാൽ വെഞ്ചാമരവും വെങ്കുറ്റകുടയൂംചൂടിനിൽക്കുന്ന തൃശൂർ പൂരം പോലും തോറ്റുപോകും. മനുഷ്യനെ പേടിപ്പിക്കാൻ കടുത്തകറുപ്പും തീപിടിച്ച ചുവപ്പും സ്വർണ്ണ അടയാഭരങ്ങളുമായി എവിടെയും കടന്നു പോകുന്നഇവരുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവ പുത്രൻ പോലും കുരിശിൽ തൂങ്ങാൻവെമ്പൽ കൊള്ളും.

സേവനത്തിനും ശിശ്രൂകൾക്കും ഉള്ള സന്നദ്ധതയാണ് ഇടക്കെട്ടുകൊണ്ടുഉദ്ദേശിക്കുന്നതെങ്കിൽ, മറ്റുള്ളവരുടെ പാദം തുടക്കുവാനാണ് ഇടക്കെട്ടിൽ തിരുകിയ തൂവലഎങ്കിൽ തെറ്റി. സാധാരണക്കാർ കഴിക്കാൻ പറ്റാത്ത മുന്തിയ ഭക്ഷണം ഏറ്റവും മോടികൂടിയപാത്രത്തിൽ തരുണീമണികൾ വിളമ്പിക്കൊടുത്താലേ തൃപ്തി വരുകയുള്ളൂ. എല്ലാവരോടുംസ്നേഹം സമാധാനം എന്ന് പറയുന്ന ഈ ന്യൂ ജനറേഷൻ വൈദികരുടെ മുഖത്തു ക്രൂരതയാണ്എപ്പോഴും നിഴലിച്ചു നിൽക്കുന്നത്. പരമ പുച്ഛമാണ് സാധാരണ ജനത്തിനോട്. കർമ്മത്തിനുമദ്ധ്യത്തിൽ പരിശുദ്ധം എന്ന് വിശേപ്പിക്കുന്ന സന്നിധിക്കു പുറം തിരഞ്ഞുനിന്ന് നടത്തുന്നവാചക കസർത്തുകൾ കുറിവച്ചതും ഉഗ്രവിഷമുള്ള ബാണങ്ങളുമായി മാറുമ്പോൾ ജനംഎങ്ങനെ കണ്ണടച്ച് സഹിക്കും?.

ആടുകളെ തിന്നു ജീവിക്കുന്ന ഇടയന്മാർ

വൈദികരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ആരോടും വിധേയത്വമില്ലാതെ ആരും അറിയാതെ മാസങ്ങളോളം കറങ്ങി നടക്കുന്നു. യൂറോപ്പിൽ കോളേജ് അഡ്മിഷൻ തരപ്പെടുത്തികൊടുക്കുന്നു, മലർപ്പൊടി വിതരണം, ബ്ലേഡ് മഫിയയോടു കൂടി ഫ്ലാറ്റ് കച്ചവടം തുടങ്ങിനിരവധി ഉഡായിപ്പുകൾ. അമേരിക്കയിൽ വർഷത്തിന്റെ കൂടുതൽ മാസങ്ങളും കഴിച്ചുകൂട്ടുന്ന മെത്രാന്മാരുമുണ്ട്. ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ, പകൽ വീട്ടിൽ മെത്രാനുണ്ട്, അതുകൊണ്ടു പിള്ളേരെ ബേബി സിറ്റർനെ ഏല്പിച്ചില്ല എന്ന് പറഞ്ഞു. ഒരു ബാർബെക്യുപാർട്ടിയിൽ നരച്ച താടിയുള്ള ഒരാളെ ഒന്ന് ഫോക്കസ് ചെയ്തു നോക്കാൻ ഒരു സുഹൃത്ത്പറഞ്ഞു, ജീൻസും ടീഷർട്ടും ഇട്ടു നിൽക്കുന്ന ആ രൂപത്തിന് നാട്ടിലെ ഒരു മെത്രാന്റെ അതേമുഖം!.

നിങ്ങൾ ജീവിക്കുന്നപോലെ എനിക്ക് കഴിഞ്ഞാൽ മതി, ഏതു പാതിരാത്രിയിലും കടന്നുവരാൻ അനുവദിക്കുന്ന വാതിലുകൾ തുറന്നിട്ട ദിവ്യരായ ചില വന്ദ്യ പിതാക്കന്മാരുടെസ്നേഹസ്മരണകളിൽ ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. ദുഃഖങ്ങളിലും വിഷമതകളുംഅറിയാതെ കടന്നു വന്നിരുന്ന നിറഞ്ഞ സാന്നിധ്യത്തിന് പകരം ന്യൂ ജെൻ പിതാക്കന്മാർക്കുഅപ്പോയ്ന്റ്മെന്റ് കൂടിയേ കഴിയുള്ളൂ. അഥവാ അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ തന്നെകൊടുക്കുന്ന ചെക്കിന്റെ വലിപ്പമനുസരിച്ചു വാച്ചിൽ നോക്കി ഒഴിവാക്കുന്ന ബന്ധങ്ങൾ. സന്ധ്യക്കുശേഷം ആളുകളെ കാണാൻ മടിക്കുന്നതിന്റെ കാരണം ചിലർക്കെങ്കിലുംഅറിയാം, ഒക്കെ സഭയോടുള്ള സ്നേഹത്തിൽ സഹിക്കുന്നു.

ഒരു ധ്യാന പ്രസംഗത്തിന് ശേഷം കുമ്പസാരം നടക്കുകയാണ്. ധ്യാനം നടത്തിയ മെത്രാനോട്കുമ്പസാരിക്കണം എന്ന് അപേക്ഷിച്ചു. ഇല്ല, ഞാൻ കുമ്പസാരിപ്പിക്കാറില്ല അച്ചനോട് പറയൂഎന്ന് പറഞ്ഞു കടന്നു പോയി. എനിക്ക് ചില തെറ്റിദ്ധാരണ ഉള്ളത് തിരുമേനിയെക്കുറിച്ചാണ്അതാണ് ചോദിച്ചത് എന്ന് പറഞ്ഞു എന്നാലും തലകുലുക്കി കടന്നു പോയി. ഞാൻ അവിടെവെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനി എന്നെ കുമ്പസാരിപ്പിക്കാനായി വന്നു. മുട്ടുകുത്തി കണ്ണടച്ചു നമ്രശിരസ്കനായി. യാതൊരു ഫോർമൽ പ്രാർഥന കൂടാതെ, പറ എന്താണ്കുറ്റങ്ങൾ? അത് തിരുമേനി ..ചിലകാര്യങ്ങൾ ..ഓക്കേ , നമുക്ക് അടുത്ത മുറിയിൽ പോയിസംസാരിക്കാം എന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി. തിരുമേനിയുടെ സ്വകാര്യ ട്രസ്റ്റുകളും , ബ്ലേഡ് കാരുമായുള്ള ബന്ധങ്ങളും, സഹോദരൻ പണം ചില പ്രത്യേക പ്രോജെക്റ്റുകളിൽഇൻവെസ്റ്റ് ചെയ്തത് തുടങ്ങി എല്ലാം ശരിയാണ് എന്ന് സമ്മതിക്കുക മാത്രമല്ല, ആർക്കുംചോദിക്കാനുള്ള ഒരു അവകാശവും ഇല്ല എന്നും സഭാ നേതൃത്വം വെറും കഴിവില്ലാത്തസംവിധാനം ആണെന്നും തുടങ്ങി എന്റെ ഉള്ളിലെ എല്ലാ സംശയങ്ങൾക്കും ഉത്തരം തന്നു. ഒന്നും ഒരു മറയില്ലാതെ, വർഷങ്ങൾ കഴിഞ്ഞിട്ടും, ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾധരിപ്പിച്ചിട്ടും ഒരേ മറുപടി – ഇവിടെ ഒന്നും നടക്കില്ല ..നടക്കില്ല… ഒക്കെ ഇങ്ങനെ ഉരുണ്ടുപോകും. വൈദികർ പിഴച്ചാലോ മെത്രാൻ പിഴച്ചാലോ, ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്തതമോഗർത്തം !!!

മനുഷ്യപുത്രൻ സദാചാരപ്പോലീസുകളെ വിലക്കി ‘നിങ്ങളിൽ പാപമില്ലാത്തവർ ആദ്യംകല്ലെറിയട്ടെ ‘ എന്ന് പറഞ്ഞു പാപികളെ നേടാൻ ശ്രമിച്ചപ്പോഴും, വെള്ള തേച്ച ശവക്കല്ലറകൾഎന്ന് കടുത്ത ഭാഷയിൽ പൗരോഹിത്യ നേതൃത്വത്തെ വിറപ്പിച്ചിരുന്നു. ബാഗും തൂക്കിഇവരുടെ പുറകെ നടക്കുന്ന വിവരദോഷികളായ വിശ്വാസികൾ പൂവൻകോഴിയെ തലയിൽവച്ചുകൊണ്ടു നടക്കുകയാണ് എന്ന സത്യം തിരിച്ചറിയണം. അതെപ്പോഴാ തലയിൽ കാഷ്ഠിച്ചുവയ്‌ക്കുന്നതെന്നറിയില്ല ഇതുവരെ സഭയുടെ അകത്തളങ്ങളിൽ ഇത്തരം അഭിപ്രായങ്ങൾപിച്ചി ചീന്തപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്ന് നാടുമുഴുവൻ ചർച്ച ചെയ്യപ്പെടേണ്ടിവന്ന ജീർണതയാണ്. സഭയിലെ ഒട്ടനവധിപ്പേരുടെ കണ്ണീരിന്റെ പ്രതികരണമാണ് ഈ വരികൾ എന്ന്തിരിച്ചറിയാനുള്ള ആത്മാർഥത ഉണ്ടായാൽ തിരുത്തലുകൾ ഉണ്ടാവും, എന്ന് തന്നെയാണ്പ്രതീക്ഷിക്കുന്നത്.

സേവനോൽസുകാരായി , നിരാഹങ്കാരികളായി , സ്വകർമ്മങ്ങൾ അനുഷ്ഠിക്കുന്ന ഒരുവൈദീകനിര ഉറപ്പാക്കണം. ഒരുവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം പരക്കെയുള്ളമഹാജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മഹാ കഷ്ടമാണ്. അസുരന്മാരിൽ നിന്നും സഭക്ക്മോചനം നേടണമെങ്കിൽ ഒരു പാലാഴിമഥനം തന്നെ വേണ്ടി വരും.

*******************

മുസ്‌ലിം മതവിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബര്‍ട്ടണ്‍ ജീവനക്കാര്‍ക്കെതിരെ ലോ സ്യൂട്ട്

ഡാലസ്: മുസ്‌ലിം മത വിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബര്‍ട്ടന്‍ ജീവനക്കാര്‍ക്കെതിരെ ഡാലസ് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലി ചെയ്യുന്ന മുസ്ലീം മത വിശ്വാസികളായ മിര്‍ അലി (ഇന്ത്യ), ഹസ്സന്‍ സ്‌നൊബര്‍ (സിറിയ) എന്നിവരെ അതേ കമ്പനിയിലെ ജീവനക്കാരും സൂപ്പര്‍ വൈസര്‍മാരും വംശീയമായി അധിക്ഷേപിക്കുന്നതായി ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ച്ച്യൂണിറ്റി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

ഒരു പ്രത്യേക യൂണിറ്റിലെ സൂപ്പര്‍ വൈസര്‍ ഇരുവരേയും ഭീകരരെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ലൊ സ്യൂട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് അധിക ജോലി ഭാരം ഏല്‍പിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇരുവരും ചേര്‍ന്നു ജൂലൈ 16 ന് പുറത്തിറക്കിയ പത്രക്കുറിപ്പിനെ കുറിച്ചു ഹാലി ബര്‍ട്ടന്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

ഇ ഇ ഒ സിയാണ് ഇരുവര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാകുക. ഇവര്‍ക്കുണ്ടായ പണ നഷ്ടം, മാനഹാനി, മാനസകി പീഡനം എന്നിവയ്ക്കു നഷ്ടപരിഹാര ആവശ്യപ്പെട്ടിട്ടുണ്ട്. ഡാലസ് ഡിസ്ട്രിക്റ്റ് ഓഫീസ് റീജിയണ്‍ അറ്റോര്‍ണി റോബര്‍ട്ട് ഇത്തരം സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

എനര്‍ജി ഇന്‍ഡസ്ട്രിയല്‍ ലോകത്തിലെ തന്നെ വലിയൊരു കമ്പനിയാണ്. ഏകദേശം 55,000 ജീവനക്കാള്ള ടെക്‌സസ് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാലിബര്‍ട്ടന്‍ കമ്പനി.

പി പി ചെറിയാന്‍

ഫ്‌ളോറിഡാ കടല്‍ത്തീരത്തു നിന്നും ശംഖ് ശേഖരിച്ച ടെക്‌സസ് യുവതിക്ക് തടവും പിഴയും

ഫ്‌ളോറിഡ: ടെക്‌സസില്‍ നിന്നും ഫ്‌ളോറിഡാ സന്ദര്‍ശനത്തിനെത്തിയ ഡയാന ഫിസ്ക്കല്‍ ഗൊണ്‍സാലോസിനു ഫ്‌ലോറിഡാ കടല്‍ തീരത്തു നിന്നും 40 ശംഖ് ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു. 500 ഡോളര്‍ പിഴയടക്കാനും ഫ്‌ലോറിഡാ കോടതി ഉത്തരവിട്ടു. 268 ഡോളര്‍ കോടതി ചെലവും നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ആരോ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മിഷന്‍ അറസ്റ്റ് ചെയ്തു കേസെടുത്തത്.

ജൂലൈ 13 ന് കോടതിയില്‍ ഹാജരായ ഇവര്‍ കുറ്റ സമ്മതം നടത്തുകയും ശിക്ഷ അംഗീകരിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനാണ് ഇവ ശേഖരിച്ചതെന്നു ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. ഒഴിഞ്ഞ ശംഖ് ശേഖരിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും ശംഖ് ശേഖരിക്കുന്നത് നിയമ ലംഘനമാണ്. വളരെ അപൂര്‍വ്വമായ ഇവയ്ക്കുള്ളില്‍ ലിവിങ്ങ് ഓര്‍ഗാനിസം ഉണ്ടെന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്.

പതിനഞ്ചു ദിവസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് 30 മുതലാണ് ആരംഭിക്കുക. കോടതിയില്‍ ഹാജരായ ഒരു ദിവസം ഇവര്‍ക്ക് ഇളച്ചു നല്‍കിയിട്ടുണ്ട്.

പി പി ചെറിയാന്‍

ഡാലസിലെ താപനില അടുത്ത മൂന്നു ദിവസങ്ങളില്‍ 110 ഡിഗ്രി വരെ ഉയരുമെന്നു മുന്നറിയിപ്പ്

ഡാലസ് : നോര്‍ത്ത് ടെക്‌സസിലെ ഡാലസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അടുത്ത മൂന്നു ദിവസം താപനില 110º ഫാരന്‍ഹിറ്റ് വരെ ഉയരുമെന്നു നാഷണല്‍ വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 18 ബുധന്‍ ഡാലസ് വിമാനത്താവളത്തില്‍ 110º ഡിഗ്രിയായിരുന്നു താപനില. വ്യാഴാഴ്ച 107º , വെള്ളി 108º , ശനി 110º വരെ ഉയരുമെന്നതിനാല്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് 46 കൗണ്ടികളിലുള്ളവര്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അലര്‍ജിയും ശ്വാസകോശ രോഗവുമുള്ളവരെ ഇതു കാര്യമായി ബാധിക്കുമെന്നു മെത്തഡിസ്റ്റ് ചാര്‍ട്ടന്‍ മെഡിക്കല്‍ സെന്ററിലെ പള്‍മനോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ മുള്ളര്‍ പറഞ്ഞു. ഇന്‍ഹെയ്!ലര്‍ കൈവശം വച്ചു ശീതികരണ മുറികളില്‍ കഴിയുന്നതാണു നല്ലതെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

വാഹനമുപയോഗിക്കാന്‍ ടയര്‍ പ്രഷറും ബാറ്ററിയും പരിശോധിച്ചു പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണമെന്നും യാത്ര ചെയ്യുന്നവര്‍ വെള്ളക്കുപ്പികള്‍ കൈവശം വയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാസ്തമനത്തിനു ശേഷം മാത്രം പുറത്തിറങ്ങി നടക്കുന്നതാണ് നല്ലതെന്നും തുടര്‍ന്ന് പറയുന്നു,

അതേ സമയം, വൈദ്യുതി ഉപയോഗം ടെക്‌സസില്‍ റിക്കാര്‍ഡ് കടന്നു. വൈകിട്ട് 4 മുതല്‍ 5 വരെ ശരാശരി 72,192 മെഗാവാട്ടാണ് ഉപയോഗിക്കുന്നതെന്ന് ടെക്‌സസ് ഇലക്ട്രിക് റിലയബിലിറ്റി കൗണ്‍സില്‍ അറിയിപ്പില്‍ പറയുന്നു.

പി. പി. ചെറിയാന്‍