ഡോ. ഇ.സി.ജി സുദര്‍ശന്റെ നിര്യാണത്തില്‍ കല മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ഫിലാഡല്‍ഫിയ: അക്ഷര നഗരിയായ കോട്ടയത്തുനിന്നും അറിവിന്റെ ചിറകിലേറി ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തിയ പദ്മഭൂഷണ്‍ ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്റെ വേര്‍പാടില്‍ ഫിലാഡല്‍ഫിയയിലെ കലാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

കലയുടെ ചിരകാല സുഹൃത്തും അമേരിക്കയിലെ മലയാളി മുന്നേറ്റങ്ങളുടെ വഴികാട്ടിയുമായിരുന്നു ഡോ. സുദര്‍ശന്‍ എന്നു കലാ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി അനുസ്മരിച്ചു. പേരിലും പെരുമാറ്റത്തിലും ഭാരതീയത പുലര്‍ത്തിയിരുന്ന ഡോ. സുദര്‍ശന്‍ പരമ്പരാഗത ശാസ്ത്ര സങ്കല്പങ്ങളോട് അറിവിന്റേയും തെളിവിന്റേയും അടിസ്ഥാനത്തില്‍ പോരടിക്കുമ്പോഴും താന്‍ ഒരു മലയാളിയാണെന്നതില്‍ ഏറെ അഭിമാനിച്ചിരുന്നുവെന്ന് മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു പ്രസ്താവിച്ചു. ശാസ്ത്രലോകത്തെ സംബന്ധിച്ചടത്തോളം ആധികാരികതയുടെ അവസാന വാക്കാണ് ഈ ഭാരതപുത്രന്റെ നിര്യാണം വഴി നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ വരും തലമുറകളെ കൂടുതല്‍ ശാസ്ത്രസത്യങ്ങളിലേക്ക് വഴി നയിക്കട്ടെ എന്നു കല അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ആന്റോ കവലയ്ക്കല്‍ ഫോമ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനായ ആന്റോ കവലയ്ക്കല്‍ ഫോമയുടെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരളാ അസോസിയേഷന്‍ പൊതുയോഗം കൂടിയാണ് ആന്റോയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജൂണ്‍ 20 മുതല്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷനില്‍ വച്ചാണ് മത്സരം നടക്കുന്നത്.

കര്‍മ്മമണ്ഡലങ്ങളിലെല്ലാം വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ആന്റോ. വിവിധ രംഗങ്ങളില്‍ സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ ആത്മാര്‍ത്ഥതയോടും കാര്യക്ഷമതയോടും പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ആന്റോ പറഞ്ഞു. ഉത്തരവാദിത്വബോധത്തോടെ തന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യം കണ്ടെത്തുന്ന ആളാണ് ആന്റോ.

ഫോമ കണ്‍വന്‍ഷനില്‍ ജനറല്‍ കണ്‍വീനര്‍, ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റേയും, കേരളാ അസോസിയേഷന്റേയും ട്രഷറര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ പാരീഷ് കൗണ്‍സില്‍ അംഗം എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് ആന്റോ.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ കുടുംബസംഗമം പരിപാടിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് ഡോളര്‍ അധികസമാഹരണം നടത്തി നാട്ടിലെ വീടില്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കാനും സാധിച്ചിട്ടുണ്ടെന്ന് ആന്റോ അനുസ്മരിച്ചു.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്‍ബലം നല്‍കി തന്നെ വിജയിക്കണമെന്ന് ചിക്കാഗോയിലെ വിവിധ അസോസിയേഷനുകളിലെ ഡെലിഗേറ്റ്‌സിനോടും ദേശീയ കൗണ്‍സില്‍ അംഗങ്ങളോടും, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളോടും അപേക്ഷിക്കുന്നതായും ആന്റോ കലയ്ക്കല്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

കാന്‍ പത്താം വാര്‍ഷികം നെപ്പോളിയന്‍ ഉത്ഘാടനം ചെയ്തു

കേരള അസോസിയേഷന്‍ ഒഫ് നാഷ്‌വില്‍ (കാന്‍) പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ മുന്‍ കേന്ദ്ര മന്ത്രിയും പ്രശസ്ത സിനിമാ താരവുമായ ശ്രി നെപ്പോളിയന്‍ ഉത്ഘാടനം ചെയ്തു. നാഷ്‌വില്ലിലെ ടെന്നിസ്സി സ്‌റ്റേറ്റ് യൂണിവേര്‍സിറ്റി പെര്‍ഫോമിങ്ങ് ആര്‍ട്ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കാന്‍ പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കാനിന്റെ വൈസ് പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടില്‍, മുന്‍ പ്രസിഡണ്ടുമാരായ ജോര്‍ജ് മാത്യൂസ്, തോമസ് വര്‍ഗീസ്, സാം ആന്റൊ, നവാസ് യൂനസ്, ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഒഫ് അമേരിക്കാസ് (ഫോമാ) സൗത്ത് ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡണ്ട് റെജി ചെറിയാന്‍, ഫോമാ അഡ്വസറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബബ്ലു ചാക്കോ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് പ്രശസ്ത സിനിമാതാരം ബിജു മേനോന്റെ നേതൃത്വത്തിലുള്ള “മധുരം 18” എന്ന മെഗാഷോ അരങ്ങേറി. പ്രസിദ്ധ സിനിമാ സംവിധായകന്‍ ഷാഫി സവിധാനം ചെയ്ത മധുരം 18ല്‍ ശ്വേത മേനോന്‍, മിയ, ഗായത്രി സുരേഷ്, ഷാജോണ്‍, രാഹുല്‍ മാധവ് അടക്കം ഇരുപതോളം സിനിമാ താരങ്ങള്‍ അണിനിരന്നു.

ലോക കേരള സഭ മെമ്പര്‍ ഷിബു പിള്ള, കാന്‍ ഔട്ട് റീച്ച് ചെയര്‍മാന്‍ ശങ്കര്‍ മന, കാന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി ക്യാപ്റ്റന്‍ രാകേഷ കൃഷ്ണന്‍ എന്നിവരെ മധുരം 18 സംവിധായകന്‍ ഷാഫി മൊമന്റൊ നല്കി ആദരിച്ചു. കാന്‍ െ്രെതമാസികയായ കാഞ്ചനത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ: സൂശീല സോമരാജനും, കുമാരി ദിയ മനോജും, കാഞ്ചനം പേര്‍ നിര്‍ദ്ദേശിച്ചതിനുള്ള പാരിതോഷികം അനില്‍കുമാര്‍ ഗോപാലകൃഷ്ണനും ബിജു മേനോനില്‍ നിന്നും ഏറ്റുവാങ്ങി. പത്തു വര്‍ഷത്തെ കാനിന്റെ പ്രവര്‍ത്തന മികവ് വെളിപ്പെടുത്തുന്ന ഹൃസ്വ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.ജോയിച്ചന്‍ പുതുക്കുളം

സുധാ കര്‍ത്താ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി സുധാ കര്‍ത്തായെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ അദ്ദേഹം വര്‍ഷങ്ങളായി അക്കൗണ്ടിംഗ് രംഗത്ത് പ്രാക്ടീസ് ചെയ്യുന്നു. കെ.എച്ച്.എന്‍.എ സെക്രട്ടറി, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി, പമ്പ അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാന ജനറല്‍ സെക്രട്ടറി, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, മേയര്‍ കമ്മീഷന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, പോലീസ് കമ്മീഷന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാന്‍, പ്രസ്ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.

ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായി അരുണ്‍ രഘു, സെക്രട്ടറിയായി അജിത് നായര്‍, സ്‌കോളര്‍ഷിപ്പ് ചെയര്‍മാനായി പ്രൊഫസര്‍ ജയകൃഷ്ണന്‍ എന്നിവരേയും യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. രാധാകൃഷ്ണന്‍, പ്രസന്നന്‍ പിള്ള, സതീശന്‍ നായര്‍, ഹരി നമ്പൂതിരി, ആര്‍. ബാഹുലേയന്‍, രാജു പിള്ള, ഗോപന്‍ നായര്‍, മനോജ് കൈപ്പള്ളി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, രാജേഷ് കുട്ടി, ഉണ്ണികൃഷ്ണന്‍ ടി. എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളാണ്.

കെ.എച്ച്.എന്‍.എയുടെ സുഗമമായ നടത്തിപ്പിന് ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചു

ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍, മെയ് 12 ന് രാവിലെ പത്തു മണിക്ക് മദേഴ്‌സ് ഡേ സെലിബ്രേഷനോടനുബന്ധിച്ച് നടത്തിയ വി.ബലിയില്‍ റവ.ഫാ.മൈക്കിള്‍ നെടും തുരുത്തിപുത്തന്‍പുരയില്‍ മുഖ്യകാര്‍മമീ കത്വം വഹിച്ചു. റവ.ഫാ.തോമസ് മുളവനാല്‍, റവ.ഫാ .ജോസഫ് മുളവനാല്‍, റവ.ഫാ.എബ്രാഹം കളരിക്കല്‍, റവ.ഫാ.തോമസ് കാച്ചനോലിക്കല്‍, റവ.ഫാ.ജെയിസണ്‍ ഇടത്തില്‍ എന്നിവര്‍ സഹകാര്‍മമീകരായിരുന്നു.

വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന മാതൃദിന ആചരണ ചടങ്ങില്‍ ഇടവക വികാരി ബഹുമാനപ്പെട്ട മോണ്‍.തോമസ് അച്ചന്‍ എല്ലാ! അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു.

ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ മാതാക്കള്‍ക്കും സ്‌നേഹത്തിന്റെയും സന്താഷത്തിന്റെയും നന്ദി സൂചകമായി റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയുണ്ടായി . അഞ്ഞൂറില്‍പരം മാതാക്കള്‍ പങ്കെടുത്ത ഈ മാതൃദിന ആചരണ
ചടങ്ങിന് ഇടവകയിലെ കൈക്കാരന്മാരും സിസ്‌റ്റേഴസും നേതൃത്വം നല്കി

സ്റ്റീഫന്‍ ചൊള്ളബേല്‍ (പി..ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബാസ്കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് മെയ് 19 മുതൽ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ബാസ്കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810, Almeda Genoa Rd, Houston, TX – 77048) വച്ചാണ് ടൂർണമെന്റുകൾ നടത്തപ്പെടുന്നത്. വോളിബോൾ മത്സരങ്ങൾ മെയ് 19 നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെ.

ബാസ്കറ്റ് ബോൾ മത്സരങ്ങൾ ജൂൺ 9നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും ജൂൺ 10നു ഞായറാഴ്ച ഉച്ചക്ക് 1 മുതൽ വൈകിട്ട് 8 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റണിലെ എക്യൂമെനിക്കൽ ഇടവകകളിൽനിന്നുള്ള ശക്തരായ 12 ടീമുകൾ ബാസ്കറ്റ് ബോളിനും 6 ടീമുകൾ വോളീബോൾ മത്സരത്തിനും മാറ്റുരക്കുന്നതിനായി ഇത് വരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും മറ്റു നിരവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്നും അറിയിച്ചു, സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;
റവ. ഫിലിപ്പ് ഫിലിപ്പ് – 713 408 7394
റവ. ഫാ. എബ്രഹാം സഖറിയ – 832 466 3153
റവ. ഫാ. രാജേഷ് ജോൺ – 214 930 1682
ടോം വിരിപ്പൻ – 832 462 4596
റജി ജോർജ്‌ -713 806 6751
റജി ജോൺ – 832 723 7995
എബി മാത്യു – 832 276 1055
സന്തോഷ് തുണ്ടിയിൽ – 713 349 3426

വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ വി.റ്റി. ബല്‍റാമിന് മെയ് 11-ന് വെള്ളിയാഴ്ച വൈകിട്ട് 7.30-ന് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു കൂടിയ മീറ്റിംഗില്‍ സ്വീകരണം നല്‍കി.

ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ. ഫോമ റീജിണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പ്രസ്ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ഐ.എന്‍.ഒ.സി നാഷണല്‍ കമ്മിറ്റി മെമ്പര്‍ അലക്‌സ് തോമസ്, ഏഷ്യന്‍ അഫയേഴ്‌സ് കമ്മീഷണര്‍ സിറ്റി ഓഫ് ഫിലാഡല്‍ഫിയ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

തുടര്‍ന്ന് വി.റ്റി ബല്‍റാം എം.എല്‍.എ തന്റെ മറുപടി പ്രസംഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍ മഹാരാജ്യത്തെ വര്‍ഗ്ഗീയ ഫാസിസ വാദികളുടെ ഭരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ലെന്നും, രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടുത്തഭരണം തിരികെ പിടിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരവിന്റെ പാതയിലാണ്. അതിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും തങ്ങളുടേതായ രീതിയില്‍ സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടും, ഇങ്ങനെ ഒരു മീറ്റിംഗ് ക്രമീകരിച്ചതിലുള്ള നന്ദി അറിയിച്ചുകൊണ്ടും തന്റെ പ്രസംഗം ഉപസംഹരിച്ചു.

അമേരിക്കന്‍ ദേശീയഗാനം ഇഥന്‍ സ്കറിയയും, ഇന്ത്യന്‍ ദേശീയഗാനം ശ്രീദേവി അജിത്കുമാറും ആലപിച്ചു. സുമോദ് നെല്ലാക്കാല, ശ്രീദേവി അജിത്കുമാര്‍ എന്നിവര്‍ ശ്രുതിമദുരമായ ഗാനങ്ങള്‍ ആലപിച്ചു. മലയാളം വാര്‍ത്തയ്ക്കുവേണ്ടി ചീഫ് എഡിറ്റര്‍ ഏബ്രഹാം മാത്യുവും, സംഗമത്തിനുവേണ്ടി ജോജോ കോട്ടൂരും സന്നിഹിതരായിരുന്നു. കോണ്‍ഗ്രസ് അനുഭാവികളായ ധാരാളം ആളുകള്‍ മീറ്റിംഗില്‍ സംബന്ധിച്ചു. പരിപാടിയുടെ എം.സിയായി സന്തോഷ് ഏബ്രഹാം പ്രവര്‍ത്തിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610 328 2008, സന്തോഷ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

ജോയിച്ചന്‍ പുതുക്കുളം